Football in Malayalam

അൽവാരോ മൊറാട്ടയെ സ്വന്തമാക്കാൻ മെംഫിസ് ഡീപേയെ വിൽക്കാൻ ബാഴ്‌സലോണ ഒരുങ്ങുന്നു

Sreejith N
Bologna FC v Juventus - Serie A
Bologna FC v Juventus - Serie A / Giuseppe Bellini/GettyImages
facebooktwitterreddit

ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ ടീമിനുള്ളിൽ നിരവധി അഴിച്ചുപണികൾ നടത്താൻ ഒരുങ്ങുകയാണ് ബാഴ്‌സലോണ. മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും ഫെറൻ ടോറസിന്റെ ട്രാൻസ്‌ഫർ പൂർത്തിയാക്കിയ കാറ്റലൻ ക്ലബിന്റെ അടുത്ത ലക്ഷ്യം യുവന്റസിൽ ലോണിൽ കളിക്കുന്ന അത്ലറ്റികോ മാഡ്രിഡ് താരമായ അൽവാരോ മൊറാട്ടയാണെന്ന് കായികമാധ്യമമായ ഗോളിന്റെ റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നു.

നിലവിൽ ലോണിൽ കളിക്കുന്ന മൊറാട്ടയെ ഈ സീസണു ശേഷം മുപ്പത്തിയഞ്ചു മില്യൺ യൂറോ നൽകി സ്വന്തമാക്കാമെന്ന ഉടമ്പടി ഉണ്ടെങ്കിലും ഇറ്റാലിയൻ ക്ലബ് അതുപയോഗിക്കാനുള്ള സാധ്യത വളരെ കുറവാണ്. ബാഴ്‌സലോണയിൽ സാവി നടപ്പിലാക്കാൻ പോകുന്ന പദ്ധതികൾക്ക് ഒരു സ്‌ട്രൈക്കർ ആവശ്യമാണെന്നതും യുവന്റസിൽ മൊറാട്ടക്ക് അവസരങ്ങൾ കുറവാണെന്നതുമാണ് മുൻ റയൽ താരത്തെ ലോണിൽ സ്വന്തമാക്കാൻ കാറ്റലൻ ക്ലബ് രംഗത്തു വരാൻ കാരണം.

ട്രാൻസ്‌ഫർ സംബന്ധമായ നീക്കങ്ങളുടെ ഭാഗമായി മൊറാട്ടയുടെ പ്രതിനിധികളുമായി ബാഴ്‌സലോണ നേതൃത്വം ബന്ധപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. അതേസമയം താരത്തെ സ്വന്തമാക്കാൻ വേണ്ടി ക്ലബിന്റെ നിലവിലുള്ള വേതനബിൽ കുറക്കേണ്ടത് ബാഴ്‌സയ്ക്ക് ആവശ്യമാണ്. അതിനായി കഴിഞ്ഞ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ടീമിലെത്തി, മികച്ച പ്രകടനം നടത്താൻ പരാജയപ്പെട്ട മെംഫിസ് ഡീപേയെ ബാഴ്‌സ ഒഴിവാക്കിയേക്കുമെന്നും റിപ്പോർട്ടുകൾ വ്യക്തമാകുന്നു.

മെംഫിസ് ഡീപേയെ യുവന്റസിനു നൽകി അൽവാരോ മൊറാട്ടയെ സ്വന്തമാക്കാനാണ് ബാഴ്‌സ ശ്രമം നടത്തുന്നതെങ്കിലും 2023 അത്ലറ്റികോ മാഡ്രിഡുമായി കരാറുള്ള താരത്തെ ടീമിലെത്തിക്കാൻ അവരുമായും ബാഴ്‌സലോണ ധാരണയിൽ എത്തേണ്ടതുണ്ട്. അതിനൊപ്പം നിലവിൽ പരിക്കേറ്റു പുറത്തിരിക്കുന്ന ഡീപേയെ ടീമിന്റെ ഭാഗമാക്കുന്നതിൽ യുവന്റസിന് ആശങ്കയുണ്ടെന്നതും ബാഴ്‌സലോണയുടെ നീക്കങ്ങളിൽ പ്രതിസന്ധി സൃഷ്‌ടിക്കുന്നു.

അതേസമയം ബാഴ്‌സലോണയിലേക്ക് ചേക്കേറാൻ മുൻ റയൽ മാഡ്രിഡ് താരമായ അൽവാരോ മൊറാട്ടക്ക് താത്പര്യമുണ്ടെന്നും സാവി താരത്തോട് സംസാരിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സാവിയുടെ കീഴിൽ പുതിയൊരു ഉണർവ് ബാഴ്‌സലോണ പ്രകടമാക്കിയിട്ടുണ്ടെങ്കിലും ടീമിനെക്കൊണ്ട് മികച്ച പ്രകടനം നടത്തിക്കാൻ പരിശീലകന് ചില പൊസിഷനിലേക്കു താരങ്ങളെ വേണമെന്നതിൽ സംശയമില്ല.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit