ലയണൽ മെസിയെ തിരിച്ചെത്തിക്കാൻ ബാഴ്‌സലോണ ശ്രമിക്കും
By Sreejith N

കഴിഞ്ഞ സമ്മറിൽ ക്ലബ് വിട്ട ഇതിഹാസതാരം ലയണൽ മെസിയെ തിരിച്ചു കൊണ്ടു വരാൻ ബാഴ്‌സലോണ ശ്രമം നടത്തുമെന്ന് റിപ്പോർട്ടുകൾ. ക്ലബിന്റെ പരിശീലകനായ സാവിയുടെ ആവശ്യം പരിഗണിച്ചാണ് ബാഴ്‌സലോണ ലയണൽ മെസിയെ വീണ്ടും ടീമിലെത്തിക്കുന്ന കാര്യം പരിഗണിക്കുന്നത്.
ഏതാനും ദിവസങ്ങൾക്കു മുൻപ് നടത്തിയ അഭിമുഖത്തിൽ ബാഴ്‌സലോണയിൽ ലയണൽ മെസിയുടെ അധ്യായം അവസാനിച്ചിട്ടില്ലെന്ന് ക്ലബ് പ്രസിഡന്റായ യോൻ ലപോർട്ട വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെ താരത്തെ തിരിച്ചെത്തിക്കാൻ സാവി ആവശ്യപ്പെട്ടുവെന്ന റിപ്പോർട്ടുകളും പുറത്തു വരികയുണ്ടായി.
കഴിഞ്ഞ ദിവസം സാവിയും മെസിയുടെ തിരിച്ചു വരവ് ഉണ്ടാകുമെന്ന സൂചനകളാണ് നൽകിയത്. ഈ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ താരത്തെ തിരിച്ചു കൊണ്ടുവരാൻ കഴിയില്ലെന്നും എന്നാൽ പിന്നീടെന്ത് സംഭവിക്കുമെന്നു നോക്കാമെന്നും സാവി പറഞ്ഞു. പിഎസ്‌ജി കരാർ അവസാനിക്കുന്ന 2023ൽ താരത്തെ സ്വന്തമാക്കാൻ ബാഴ്‌സലോണ ശ്രമിക്കുമെന്ന സൂചനകളാണ് ഇതു നൽകുന്നത്.
മെസിയെ തിരിച്ചെത്തിക്കാനുള്ള സാവിയുടെ ആവശ്യത്തിൽ ബാഴ്‌സലോണക്കു സന്തോഷമുണ്ടെന്നാണ് സ്‌പാനിഷ് മാധ്യമം സ്പോർട്ട് വെളിപ്പെടുത്തുന്നത്. അതിനു വേണ്ടി അവർ ശ്രമിക്കുമെന്നും പദ്ധതികൾ തയ്യാറാക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അടുത്ത സമ്മറിൽ മെസി ബാഴ്‌സയിലേക്ക് തിരിച്ചെത്താനുള്ള സാധ്യതകൾ ഇതു വർധിപ്പിച്ചിട്ടുണ്ട്.