ചെൽസി പകരക്കാരനെ കണ്ടെത്തിയതിനു ശേഷം ആസ്പിലിക്യൂറ്റയെ സ്വന്തമാക്കാനൊരുങ്ങി ബാഴ്സലോണ
By Vaisakh. M

സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ മുന്നേറ്റനിരയിലേക്ക് താരങ്ങളെയെത്തിച്ച ബാഴ്‌സലോണ പ്രതിരോധം ശക്തിപ്പെടുത്തുന്നതിലേക്ക് ശ്രദ്ധതിരിക്കുകയാണ്. പ്രതിരോധനിരയിലേക്ക് ചെൽസി താരങ്ങളായ മാർക്കോസ് അലോൺസോയെയും സെസാർ ആസ്പിലിക്യൂറ്റയെയുമാണ് ബാഴ്സലോണ നോട്ടമിടുന്നത്.
ഇവരിൽ ആദ്യം ആസ്പിലിക്യൂറ്റയെ സ്വന്തമാക്കാനാണ് ബാഴ്സ ശ്രമമാരംഭിച്ചിട്ടുള്ളത്. ചെൽസി ആസ്പിലിക്യൂറ്റക്ക് പകരക്കാരനെ കണ്ടെത്തിയാൽ മാത്രമേ ബാഴ്സക്ക് ട്രാൻസ്ഫർ പൂർത്തിയാക്കാൻ സാധിക്കുകയുള്ളൂ എന്നാണ് മാർക്ക റിപ്പോർട്ട് ചെയ്യുന്നത്. ആസ്പിലിക്യൂറ്റക്ക് പ്രതിരോധത്തിൽ ഒരു വിധം എല്ലാ പൊസിഷനും കൈകാര്യം ചെയ്യാൻ സാധിക്കുമെന്നത് കൊണ്ട് തന്നെ അതു പോലുള്ളൊരു താരത്തെ കണ്ടെത്തുകയെന്നത് ചെൽസിക്ക് ശ്രമകരമായ ജോലിയായിരിക്കും.
ഇത്തരം ഗുണങ്ങൾ ഉള്ളതുകൊണ്ട് തന്നെ ചെറിയ തുകക്കൊന്നും ആസ്പിലിക്യൂറ്റയെ കൈവിടാൻ ചെൽസി ഒരുക്കമല്ല. ഫ്രഞ്ച് ക്ലബ്ബായ മാഴ്‌സെയിൽ നിന്നും താരത്തെ വാങ്ങുമ്പോൾ ചിലവാക്കിയ 9 മില്യൺ യൂറോയാണ് ചെൽസി താരത്തിനായി ആവശ്യപ്പെടുന്നത്.
അതേ സമയം ചെൽസിയും പ്രതിരോധ നിര ശക്തമാക്കാനുള്ള ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അതിനായി ജോസ്കോ ഗ്വാർഡിയോൾ, പ്രിസ്നെൽ കിംപെമ്പെ, ജൂൾസ് കൂണ്ടേ എന്നീ താരങ്ങൾ നിലവിൽ ചെൽസിയുടെ റഡാറിലുണ്ട്.
ചെൽസി പ്രതിരോധനിരയിലേക്ക് സൈനിങ്ങുകൾ പൂർത്തിയാക്കാതെ ആസ്പിലിക്യൂറ്റ ക്ലബ്ബ് വിടാനുള്ള സാധ്യത കുറവാണ്. ഇക്കാര്യത്തിൽ ചെൽസി ഒരു പരിഹാരം കണ്ടെത്തിയാൽ ആസ്പിലിക്യൂറ്റയുടെ ബാഴ്സലോണയിലേക്കുള്ള ട്രാൻഫർ പൂർത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതേ സമയം, ചെൽസി ലക്ഷ്യമിടുന്ന കൂണ്ടെയും ബാഴ്‌സലോണയുടെ റഡാറിലുള്ള താരമാണ്.