ഡാനി ആൽവസ് ബാഴ്സലോണ വിടില്ല, ബ്രസീലിയൻ താരത്തിന്റെ കരാർ പുതുക്കും


സാവി ബാഴ്സലോണ പരിശീലകനായതിനു ശേഷമുള്ള ആദ്യത്തെ സൈനിങ് ക്ലബിന്റെ മുൻ താരമായ ഡാനി ആൽവസായിരുന്നു. മുപ്പത്തിയെട്ടുകാരനായ ഒരു കളിക്കാരന് ക്ലബിനു വേണ്ടി കൂടുതലെന്തെങ്കിലും ചെയ്യാൻ കഴിയുമോയെന്ന് ആ സമയത്ത് പലരും നെറ്റി ചുളിപ്പിച്ചെങ്കിലും കളിക്കളത്തിലെ തന്റെ പ്രകടനം കൊണ്ട് ബ്രസീലിയൻ താരം അതിനെല്ലാം മറുപടി നൽകി.
താരം ബാഴ്സലോണക്കു വേണ്ടി നടത്തുന്ന പ്രകടനത്തിൽ ക്ലബ് നേതൃത്വവും വളരെ സംതൃപ്തരാണെന്നാണ് സ്പാനിഷ് മാധ്യമമായ മാർക്ക പുറത്തു വിടുന്ന റിപ്പോർട്ടുകൾ പറയുന്നത്. അതിനാൽ ഈ സീസൺ കഴിയുന്നതു വരെയുള്ള കരാറിൽ ക്ലബിലെത്തിയ താരത്തിന് ഒരു വർഷം കൂടി അതു നീട്ടിക്കൊടുക്കാൻ ബാഴ്സലോണ തയ്യാറെടുക്കുകയാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
നവംബറിൽ ബാഴ്സലോണയിൽ എത്തിയെങ്കിലും ജനുവരി മാസത്തിലാണ് ഡാനി ആൽവസ് ക്ലബിനായി ആദ്യത്തെ മത്സരം കളിക്കുന്നത്. ഇതുവരെ ആറു മത്സരത്തിൽ ഇറങ്ങിയ ഡാനി ഒരു ഗോളും മൂന്ന് അസിസ്റ്റുമാണ് സ്വന്തമാക്കിയത്. ഈ പ്രകടനം കണക്കിലെടുത്താണ് താരത്തിന്റെ കരാർ ഒരു വർഷത്തേക്കു കൂടി നീട്ടാനുള്ള ഉടമ്പടി ബാഴ്സലോണ ഉപയോഗിക്കാൻ തയ്യാറെടുക്കുന്നത്.
പ്രായത്തിന്റെ ചെറിയ തളർച്ചയുള്ള ഡാനി ആൽവസിനെ അതു പരിഗണിച്ചാണ് സാവി ഉപയോഗിക്കുന്നത്. റൈറ്റ് ഫ്ലാങ്ക് മുഴുവൻ നോക്കേണ്ട ചുമതല താരത്തിനു നൽകാതെ വിങ്ങർ റോളിലോ അല്ലെങ്കിൽ വിങ്ങറുടെ തൊട്ടു പുറകിലായോ ആണ് താരത്തെ കൂടുതലും സാവി ഇറക്കുന്നത്. ചില സമയങ്ങളിൽ സെർജിയോ ബുസ്ക്വറ്റ്സിനെ സഹായിക്കാൻ മധ്യനിരയിലും ഡാനിയെ സാവി ഉപയോഗിച്ചു. ഇതിനു പുറമെ ടീമിൽ ഒത്തിണക്കം ഉണ്ടാക്കാനും നല്ലൊരു ലീഡറാവാനും താരത്തിന് കഴിയുന്നുണ്ട്.
മികച്ച പ്രകടനം നടത്തുന്ന ഡാനി ആൽവസിനു പുതിയ കരാർ ലഭിച്ചാൽ അതുവഴി ലോകകപ്പിനുള്ള ബ്രസീൽ ടീമിൽ സ്ഥാനം ഉറപ്പിക്കാൻ താരത്തിനു കഴിയും. അതിനു പുറമെ അടുത്ത സീസണു ശേഷം തന്റെ പ്രിയപ്പെട്ട ക്ലബായ ബാഴ്സലോണയിൽ തന്നെ കളിച്ച് കരിയർ അവസാനിപ്പിക്കാനുള്ള വഴി കൂടിയാണ് ഡാനിക്കു മുന്നിൽ തെളിയുന്നത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.