ചാമ്പ്യൻസ് ലീഗിൽ മിന്നിയ കരിം അഡെയെമിയെ നോട്ടമിട്ട് ബാഴ്സലോണ; ജനുവരിയിൽ താരത്തിനായി ശ്രമങ്ങൾ നടത്തും

നിലവിൽ വലിയ സാമ്പത്തിക പ്രതിസന്ധി യിലൂടെ കടന്നു പോവുകയാണെങ്കിലും ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ പുതിയ കുറച്ച് കളികാരെ സ്വന്തമാക്കി ടീമിനെ ശക്തിപ്പെടുത്താനുള്ള പദ്ധതികൾ സ്പാനിഷ് വമ്പന്മാരായ എഫ് സി ബാഴ്സലോണക്കുണ്ട്. ഇതിന്റെ ഭാഗമായി ചില കളികാരെ ക്ലബ്ബ് നോട്ടമിട്ടിട്ടുണ്ടെന്നും ഓസ്ട്രിയൻ ക്ലബ്ബായ റെഡ് ബുൾ സാൾസ്ബർഗിന്റെ യുവ മുന്നേറ്റ താരം കരിം അഡെയെമി ഇതിൽ പ്രധാനിയാണെന്നും ഇപ്പോൾ റിപ്പോർട്ടുകൾ വന്നിരിക്കുന്നു.
2021-22 സീസൺ ചാമ്പ്യൻസ് ലീഗിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങളിൽ ഉജ്ജ്വല പ്രകടനം കാഴ്ച വെച്ച് ഫുട്ബോൾ ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയ താരമാണ് പത്തൊൻപതുകാരനായ അഡെയെമി. ഓസ്ട്രിയൻ ക്ലബ്ബായ സാൽസ്ബർഗിന്റെ താരമായ അദ്ദേഹം ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ ഇക്കുറി കളിച്ച നാല് മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകളും ഒരു അസിസ്റ്റുകളും സ്വന്തമാക്കിക്കഴിഞ്ഞു. സെന്റർ ഫോർവേഡായും, വിംഗറായും കളിക്കാൻ മികവുള്ള അഡെയെമിയെ സ്വന്തമാക്കുന്നതിനായി 40 മില്ല്യൺ യൂറോയുടെ ഓഫർ ഓസ്ട്രിയൻ ക്ലബ്ബിന്, ബാഴ്സലോണ നൽകിക്കഴിഞ്ഞതായാണ് സ്പാനിഷ് മാധ്യമമായ സ്പോർട് 1 റിപ്പോർട്ട് ചെയ്യുന്നത്.
ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ മൂന്ന് കളികാരെ സൈൻ ചെയ്യാൻ ബാഴ്സലോണ താല്പര്യപ്പെടുന്നുണ്ടെന്ന് നേരത്തെ ക്ലബ്ബ് പ്രസിഡന്റായ ജോവൻ ലപ്പോർട്ട വ്യക്തമാക്കിയിരുന്നു. സ്വന്തമാക്കാൻ താല്പര്യപ്പെടുന്ന കളികാരിൽ ഒരു ഫോർവേഡിനാകും കറ്റാലൻ ക്ലബ്ബ് മുൻഗണന നൽകുകയെന്നാണ് സൂചനകൾ. അതു കൊണ്ടു തന്നെ അഡെയെമി ജനുവരിയിൽ ബാഴ്സലോണയിലെത്താനുള്ള സാധ്യതകൾ വളരെ ഉയർന്ന് നിൽക്കുന്നു.
അതേ സമയം തങ്ങളുടെ അക്കാദമിയിലൂടെ വളർന്നു വന്ന അഡെയെമിയെ സ്വന്തമാക്കാൻ ബയേൺ മ്യൂണിക്കിനും, യൂറോപ്പിലെ മറ്റ് ചില വമ്പൻ ക്ലബ്ബുകൾക്കും താല്പര്യമുണ്ടെന്നാണ് സൂചനകൾ. താരത്തെ ടീമിലെത്തിക്കാൻ ബൊറൂസിയ ഡോർട്ട്മുണ്ട് ശ്രമിച്ചുവെന്ന് സ്പോർട് 1 അതിനിടെ റിപ്പോർട്ടും ചെയ്തിട്ടുണ്ട്. എന്തായാലും വരാനിരിക്കുന്ന ട്രാൻസ്ഫർ ജാലകത്തിൽ ഈ ജെർമ്മൻ താരത്തിനായി ശക്തമായ പോരാട്ടം തന്നെ നടക്കുമെന്ന കാര്യം ഉറപ്പ്.