അൽവാരോ മൊറാട്ടയെ സാവിക്കു വേണം, മുൻ റയൽ മാഡ്രിഡ് താരം ജനുവരിയിൽ ബാഴ്‌സയിലെത്താൻ സാധ്യതയേറുന്നു

Juventus v Genoa CFC - Serie A
Juventus v Genoa CFC - Serie A / Jonathan Moscrop/GettyImages
facebooktwitterreddit

ഫെറൻ ടോറസിന്റെ ട്രാൻസ്‌ഫർ പൂർത്തിയാക്കിയതിനു പിന്നാലെ യുവന്റസിൽ ലോണിൽ കളിക്കുന്ന അത്ലറ്റികോ മാഡ്രിഡ് താരം അൽവാരോ മൊറാട്ടയെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ ബാഴ്‌സ ആരംഭിച്ചുവെന്നു റിപ്പോർട്ടുകൾ. സാമ്പത്തിക പ്രതിസന്ധിയുടെ ഇടയിൽ ഈ സീസണിൽ യൂറോപ്പ ലീഗിലും ലാ ലീഗയിലും ഏറ്റവും മികച്ച പ്രകടനം നടത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സാവി മുൻ റയൽ മാഡ്രിഡ് താരത്തെ സ്വന്തമാക്കാൻ ശ്രമിക്കുന്നത്.

എന്നാൽ ഇരുപത്തിയൊമ്പതുകാരനായ താരത്തെ ടീമിന്റെ ഭാഗമാക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. നിലവിൽ താരം കളിക്കുന്ന ക്ലബായ യുവന്റസുമായും അതിനു പുറമെ പേരന്റ് ക്ലബായ അത്ലറ്റികോ മാഡ്രിഡുമായും ബാഴ്‌സലോണ ധാരണയിൽ എത്തേണ്ടതുണ്ട്. എന്നാൽ അതിനെ മറികടന്ന് താരത്തെ സ്വന്തമാക്കാൻ കഴിയുമെന്ന ഉറച്ച പ്രതീക്ഷ സാവിക്കുണ്ടെന്ന് മാർക്ക വെളിപ്പെടുത്തുന്നു.

അൽവാരോ മൊറാട്ടക്ക് ബാഴ്‌സലോണയിൽ കളിക്കാൻ താൽപര്യമുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എന്നാൽ നിലവിലെ സാമ്പത്തിക സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ പുതിയ താരങ്ങളെ സ്വന്തമാക്കാൻ ബാഴ്‌സലോണക്ക് ആദ്യം നിലവിലുള്ള കളിക്കാരെ വിൽക്കേണ്ടതുണ്ട്. ജനുവരിയിൽ സാമുവൽ ഉംറ്റിറ്റി, ഫിലിപ്പെ കുട്ടീന്യോ എന്നിവരെയാണ് പ്രധാനമായും ക്ലബ് ഒഴിവാക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നത്.

സാവിയാണ് മൊറാട്ടക്കു വേണ്ടിയുള്ള നീക്കം ആദ്യമായി നടത്തുന്നത് എങ്കിലും ബാർട്ടമോ പ്രസിഡന്റായിരുന്നപ്പൊഴും താരത്തിൽ ബാഴ്‌സലോണ താൽപര്യം പ്രകടിപ്പിച്ചിരുന്നു. അതേസമയം യുവന്റസിലേക്ക് ജനുവരിയിൽ പുതിയ സ്‌ട്രൈക്കർ എത്തുമോയെന്നതും ലീഗിലെ ഒരു പ്രധാന എതിരാളിക്ക് തങ്ങളുടെ താരത്തെ വിൽക്കാൻ അത്ലറ്റികോ മാഡ്രിഡ് തയ്യാറാകുമോ എന്നതും ബാഴ്‌സയുടെ നീക്കങ്ങളിൽ നിർണായകമാണ്.

എന്നാൽ അന്റോയിൻ ഗ്രീസ്‌മാനെ കഴിഞ്ഞ സമ്മറിൽ അത്ലറ്റികോ മാഡ്രിഡിന് നൽകിയത് അൽവാരോ മൊറാട്ടയെ സ്വന്തമാക്കാനുള്ള തങ്ങളുടെ പദ്ധതികളെ സഹായിക്കും എന്നാണു ബാഴ്‌സലോണ കരുതുന്നത്. താരത്തിന്റെ ഇടപാടുമായി ബന്ധപ്പെട്ട തുക ഇതുവരെയും അത്ലറ്റികോ മാഡ്രിഡ് പൂർണമായും നൽകിയിട്ടില്ല എന്നിരിക്കെ മൊറാട്ടയെ അവർ വിട്ടുനൽകാൻ മടിക്കില്ലെന്നു തന്നെയാണ് ബാഴ്‌സയുടെ വിശ്വാസം.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.