ഫെറൻ ടോറസ് ട്രാൻസ്‌ഫർ പൂർത്തിയാക്കിയിട്ടും താരത്തെ രജിസ്റ്റർ ചെയ്യാൻ കഴിയാതെ ബാഴ്‌സലോണ
By Sreejith N

മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും അൻപത്തിയഞ്ചു മില്യൺ യൂറോയോളം നൽകി ഫെറൻ ടോറസിന്റെ ട്രാൻസ്‌ഫർ ബാഴ്‌സലോണ പൂർത്തിയാക്കിയെങ്കിലും സ്‌പാനിഷ് മുന്നേറ്റനിര താരത്തെ ടീമിനൊപ്പം രജിസ്റ്റർ ചെയ്യാൻ ബാഴ്‌സലോണക്ക് കഴിഞ്ഞിട്ടില്ല. സാമ്പത്തിക പ്രതിസന്ധിയിൽ ബുദ്ധിമുട്ടുന്ന ബാഴ്‌സലോണയ്ക്ക് ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ നിലവിലെ താരങ്ങളിൽ ചിലരെ ഒഴിവാക്കിയാൽ മാത്രമേ ഫെറൻ ടോറസിന് ടീമിനൊപ്പം ഇറങ്ങാനാകൂ.
കഴിഞ്ഞ ദിവസം മയോർക്കക്കെതിരെ നടന്ന ലാ ലിഗ മത്സരത്തിനു മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കേ ഫെറൻ ടോറസുമായി ബന്ധപ്പെട്ട സാഹചര്യത്തെക്കുറിച്ച് സാവി സംസാരിക്കുകയുണ്ടായി. എന്നാൽ ഉദ്ദേശിച്ച താരങ്ങളെ എന്നാണു ടീമിൽ നിന്നും ഒഴിവാക്കാൻ പറ്റുകയെന്നോ ഫെറൻ ടോറസിന് എപ്പോഴാണ് ബാഴ്‌സലോണ ജേഴ്‌സിയിൽ അരങ്ങേറ്റം നടത്താൻ കഴിയുകയെന്നോ സാവി പറഞ്ഞില്ല.
Barcelona are unable to register new signing Ferran Torres ?https://t.co/o2HQcgKxQK
— SPORTbible (@sportbible) January 2, 2022
"ഒരു കളിക്കാരനെന്ന നിലയിലും വ്യക്തിയെന്ന നിലയിലും ഫെറൻ ടോറസ് വളരെ മികച്ച സൈനിങാണ്. ഒരു പ്രധാനപ്പെട്ട പരിക്കു കഴിഞ്ഞാണ് താരം വരുന്നത്, വളരെ ആത്മാർത്ഥതയുള്ള താരം ടീമിന് ഒരുപാട് നൽകുമെന്നതിൽ യാതൊരു സംശയവുമില്ല. ക്ലബ് താരത്തെ ലഭിക്കാൻ വേണ്ടിയെടുത്ത പ്രയത്നത്തിൽ ഞാൻ വളരെ സന്തോഷവാനാണ്."
"സാലറി ക്യാപ്പ് സാഹചര്യം എങ്ങിനെയാണെന്ന് നമുക്ക് നോക്കി അതിപ്പോൾ തന്നെ സാധ്യമാണോ എന്നു നമുക്ക് നോക്കാം. ചില കളിക്കാർ പോകാനുണ്ട്. ഡെംബലെ പുതിയ കരാർ ഒപ്പിടുകയും തന്റെ ശമ്പളം കുറക്കുകയും ചെയ്‌താൽ ടോറസിനെ രജിസ്റ്റർ ചെയ്യാൻ അതു സഹായിക്കും. അത് നടക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്." സാവി മാധ്യമങ്ങളോട് പറഞ്ഞു.
ഈ സീസൺ അവസാനിക്കുന്നതോടെ കരാർ തീരുന്ന ഡെംബലെ ഇതുവരെയും പുതിയ കരാറൊപ്പിടാൻ വേണ്ടി തയ്യാറായിട്ടില്ല. അതിനു വേണ്ടിയുള്ള ചർച്ചകൾ ബാഴ്‌സലോണ നേതൃത്വം നടത്തിക്കൊണ്ടിരിക്കയാണ്. അതേസമയം ഫെറൻ ടോറസിനെ ടീമിനൊപ്പം രജിസ്റ്റർ ചെയ്യാൻ ബുദ്ധിമുട്ടുന്ന ബാഴ്‌സലോണ ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ പുതിയ താരങ്ങളെ എങ്ങിനെ സ്വന്തമാക്കുമെന്ന സംശയം ആരാധകർക്കുണ്ട്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.