ഫെറൻ ടോറസിനു പിന്നാലെ മാഞ്ചസ്റ്റർ സിറ്റി പ്രതിരോധതാരത്തെയും ബാഴ്‌സലോണ നോട്ടമിടുന്നു

Manchester City v Leicester City - Premier League
Manchester City v Leicester City - Premier League / Chris Brunskill/GettyImages
facebooktwitterreddit

ഫെറൻ ടോറസിന്റെ ട്രാൻസ്‌ഫർ പൂർത്തിയാക്കിയതിനു പിന്നാലെ മറ്റൊരു മാഞ്ചസ്റ്റർ സിറ്റി താരത്തെക്കൂടി ടീമിലെത്തിക്കാൻ എഫ്‌സി ബാഴ്‌സലോണ നോട്ടമിടുന്നു. മാഞ്ചസ്റ്റർ സിറ്റിയുടെ പ്രതിരോധതാരമായ അയ്മെറിക് ലപോർട്ടയെയാണ് ടീമിനെ ശക്തിപ്പെടുത്താൻ വേണ്ടി ബാഴ്‌സലോണ സ്വന്തമാക്കാൻ ശ്രമിക്കുന്നത്.

എന്നാൽ ഫെറൻ ടോറസിനു സമാനമായി ഈ ജനുവരിയിൽ തന്നെ അയ്മെറിക് ലപോർട്ടയെ ബാഴ്‌സലോണ സ്വന്തമാക്കാൻ യാതൊരു സാധ്യതയുമില്ല. സാമ്പത്തിക പ്രതിസന്ധിയുള്ളതിനാൽ അടുത്ത സമ്മർ ജാലകത്തിലെ താരത്തിനു വേണ്ടി ബാഴ്‌സ നീക്കങ്ങൾ നടത്താൻ സാധ്യതയുള്ളൂവെന്നാണ് സ്‌പാനിഷ്‌ മാധ്യമമായ മാർക്ക വെളിപ്പെടുത്തുന്നത്.

മാഞ്ചസ്റ്റർ സിറ്റിയിൽ ജോൺ സ്റ്റോൺസ്- റൂബൻ ഡയസ് സഖ്യം മികച്ച പ്രകടനം നടത്തിയ കഴിഞ്ഞ സീസണിൽ അവസരങ്ങൾ കുറഞ്ഞെങ്കിലും ഈ സീസണിൽ ഫസ്റ്റ് ഇലവനിലേക്ക് തിരിച്ചെത്തിയ ലപോർട്ടയെ സ്വന്തമാക്കാൻ കഴിഞ്ഞാൽ ബാഴ്‌സക്ക് അത് വലിയൊരു ഊർജ്ജമാണ് നൽകുക. പ്രതിഭയുള്ള പ്രതിരോധ താരമായ ലപോർട്ട ലൂയിസ് എൻറിക്വയുടെ സ്പെയിൻ ടീമിൽ സ്ഥിരസാന്നിധ്യമാണ്.

ഈ സീസണിൽ ടീമിനൊപ്പം മികച്ച പ്രകടനം നടത്തുന്നതിനാൽ തന്നെ ലപോർട്ടയെ സ്വന്തമാക്കാൻ വലിയ തുക തന്നെ ബാഴ്‌സ നൽകേണ്ടി വരും. റിപ്പോർട്ടുകൾ പ്രകാരം അത്‌ലറ്റിക് ക്ലബിൽ നിന്നും താരത്തെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ സിറ്റി നൽകിയ അറുപത്തിയഞ്ചു മില്യൺ യൂറോക്ക് സമാനമായ തുക തന്നെ സ്‌പാനിഷ്‌ താരത്തിനായി ബാഴ്‌സ മുടക്കേണ്ടി വരും.

ലപോർട്ട കൂടിയെത്തിയാൽ ലൂയിസ് എൻറിക്വയുടെ സ്‌പാനിഷ്‌ ടീമിലെ മറ്റൊരു താരത്തെക്കൂടി ബാഴ്‌സക്ക് സ്വന്തമാക്കാൻ കഴിയും. നിലവിൽ ഫെറൻ ടോറസ്, ഗാവി, എറിക് ഗാർസിയ, ജോർദി ആൽബ, ബുസ്‌ക്വറ്റ്സ് എന്നീ സ്‌പാനിഷ്‌ ദേശീയ ടീം താരങ്ങൾ ബാഴ്‌സയിലുള്ളതിനു പുറമെ ലപോർട്ട, മൊറാട്ട, ആസ്പ്ലികുയറ്റ, ഉനെ സിമോൺ എന്നീ താരങ്ങളെ ബാഴ്‌സ നോട്ടമിടുന്നുണ്ട്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.