Football in Malayalam

പ്രീ സീസൺ പരിശീലനം ഗോൾഫ് മൈതാനത്ത്, റയൽ മാഡ്രിഡിനെ കളിയാക്കി ബാഴ്‌സലോണ

Sreejith N
VfB Stuttgart v FC Barcelona - Pre-Season Friendly
VfB Stuttgart v FC Barcelona - Pre-Season Friendly / Quality Sport Images/Getty Images
facebooktwitterreddit

ക്ലബിന്റെ ഇതിഹാസതാരങ്ങളിൽ ഒരാളാണെങ്കിലും റയൽ മാഡ്രിഡ് ആരാധകർക്ക് ഗാരെത് ബേലിനോട് വളരെയധികം രോഷമുണ്ടാകാൻ കാരണം രണ്ടു വർഷങ്ങൾക്കു മുൻപ് വെയിൽസ്‌ ആരാധകർ ഒരു മത്സരത്തിനിടെ ഉയർത്തിയ ബാനറായിരുന്നു. വെയിൽസും ഗോൾഫും കഴിഞ്ഞതിനു ശേഷമേ ബേലിനു റയൽ മാഡ്രിഡ് ഉള്ളൂ എന്നർത്ഥം വരുന്ന ഈ ബാനറിനു പിന്നാലെ സ്വന്തം ടീമിന്റെ ആരാധകർ പലപ്പോഴും താരത്തിനെതിരെ തിരിയുകയും ചെയ്‌തിട്ടുണ്ട്.

എന്നാൽ രണ്ടു വർഷങ്ങൾക്കു മുൻപേ ഉയർന്ന ആ ബാനറിന്റെ പേരിൽ ഇപ്പോൾ റയൽ മാഡ്രിഡിനെ കളിയാക്കുന്നത് സ്‌പാനിഷ്‌ ലീഗിലെ ചിരവൈരികളായ ബാഴ്‌സലോണയാണ്. പ്രീ സീസൺ മത്സരങ്ങളുടെ ഭാഗമായി ജർമനിയിലുള്ള ബാഴ്‌സലോണ ടീം ഒരു ഗോൾഫ് ഗ്രൗണ്ടിൽ പരിശീലനം നടത്തുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്‌തത്‌ റയൽ മാഡ്രിഡിനെ കളിയാക്കി കൊണ്ടായിരുന്നു.

വെയിൽസ്‌ ആരാധകർ ബേലിനു വേണ്ടി റയൽ മാഡ്രിഡിനെ താഴ്ത്തിക്കെട്ടി ഉയർത്തിയ ബാനറിൽ 'വെയിൽസ്‌, ഗോൾഫ്, മാഡ്രിഡ്, എന്നീ ക്രമത്തിൽ' എന്നായിരുന്നു എഴുതിയിരുന്നത്. അതെ ശൈലി കടം കൊണ്ട ബാഴ്‌സലോണ ' ബാഴ്‌സലോണ, ട്രെയിനിങ് ക്യാമ്പ്, ഗോൾഫ്, എന്നീ ക്രമത്തിൽ' എന്നാണു സോഷ്യൽ മീഡിയയിൽ പോസ്റ്റു ചെയ്‌ത റിക്വി പുയ്‌ജ് ഗോൾഫ് കിറ്റിൽ നിൽക്കുന്നതിന്റെ ചിത്രത്തിന് അടിക്കുറിപ്പു നൽകിയത്.

ദേശീയ ടീമിനൊപ്പം കളിക്കുന്നത് ക്ലബിനൊപ്പം കളിക്കുന്നതിനേക്കാൾ സന്തോഷകരമാണെന്നു പറയുകയും ബേൽ ഗോൾഫ് കളിക്കാൻ ആരംഭിക്കുകയും ചെയ്‌ത സമയത്താണ് ആദ്യമായി ഈ ബാനർ ഉയർന്നത്. അതുകൊണ്ടു തന്നെ ബാഴ്‌സയുടെ പോസ്റ്റിൽ റയൽ മാഡ്രിഡിനെക്കുറിച്ച് നേരിട്ട് പരാമർശം നടത്തുന്നില്ലെങ്കിലും പല റയൽ ആരാധകർക്കും അതു ദഹിച്ചിട്ടുണ്ടാവില്ല എന്നുറപ്പാണ്.

facebooktwitterreddit