Football in Malayalam

ബാഴ്‌സലോണക്കു തിരിച്ചടി, പെഡ്രിയടക്കം മൂന്നു താരങ്ങൾക്ക് ചാമ്പ്യൻസ് ലീഗും എൽ ക്ലാസിക്കോയും നഷ്‌ടമാകും

Sreejith N
FC Barcelona v Real Sociedad - LaLiga Santander
FC Barcelona v Real Sociedad - LaLiga Santander / Alex Caparros/GettyImages
facebooktwitterreddit

ഈ സീസൺ പതർച്ചയോടെ തുടങ്ങിയ ബാഴ്‌സലോണക്ക് വലിയ തിരിച്ചടി നൽകി ടീമിലെ മൂന്നു പ്രധാന താരങ്ങൾക്ക് ഇനി നടക്കാനിരിക്കുന്ന ചാമ്പ്യൻസ് ലീഗ്, എൽ ക്ലാസിക്കോ മത്സരങ്ങൾ നഷ്‌ടമാകും. നേരത്തെ പരിക്കേറ്റു പുറത്തിരിക്കുന്ന മുന്നേറ്റനിര താരം ഒസ്മാനെ ഡെംബലെക്കു പുറമെ മധ്യനിര താരം പെഡ്രിക്കും പ്രതിരോധനിര താരം റൊണാൾഡ്‌ അറോഹോക്കുമാണ് ഇനി വരുന്ന രണ്ടു മത്സരങ്ങളും നഷ്‌ടമാവുകയെന്ന് സ്‌പാനിഷ്‌ മാധ്യമം മാർക്ക വ്യക്തമാക്കുന്നു.

ചാമ്പ്യൻസ് ലീഗിലെ ആദ്യത്തെ രണ്ടു മത്സരങ്ങളിൽ ബയേൺ മ്യൂണിക്ക്, ബെൻഫിക്ക എന്നിവരോട് എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തോൽവി വഴങ്ങിയ ബാഴ്‌സലോണക്ക് നോക്ക്ഔട്ട് സാദ്ധ്യതകൾ ഉറപ്പിക്കാൻ ഇനിയുള്ള ഓരോ മത്സരവും വളരെ നിർണായകമാണ് എന്നിരിക്കെ മൂന്നു താരങ്ങൾ പരിക്കേറ്റു പുറത്തു പോയത് പരിശീലകനായ കൂമാനു ചെറുതല്ലാത്ത തലവേദനയാണ് സമ്മാനിക്കുക.

ബാഴ്‌സലോണയിലേക്ക് ചേക്കേറിയ കാലം മുതൽ നിരന്തരം പരിക്കിന്റെ പിടിയിലുള്ള ഒസ്മാനെ ഡെംബലെ പൂർണമായും മുക്തനായതിനു ശേഷം കളത്തിലിറക്കാമെന്ന നിലപാടാണ് മെഡിക്കൽ സംഘത്തിലുള്ളത്. അതല്ലെങ്കിൽ ഫ്രഞ്ച് താരത്തിനു വീണ്ടും പരിക്കേൽക്കുമെന്ന ആശങ്ക അവർക്കുണ്ട്. അതേസമയം മസ്‌കുലാർ ഇഞ്ചുറിയാണ് അറഹോ പുറത്താവാനുള്ള കാരണം.

പെഡ്രിക്ക് പരിക്കു മൂലം കൂടുതൽ മത്സരങ്ങൾ നഷ്ടമാകുന്നത് ബാഴ്‌സലോണയെ സംബന്ധിച്ച് വലിയൊരു ആശങ്കയാണ്. കഴിഞ്ഞ സീസണിൽ ഏറ്റവുമധികം മത്സരങ്ങൾ കളിച്ചതിന്റെ റെക്കോർഡ് സ്വന്തമാക്കിയ പതിനെട്ടുകാരനായ താരത്തിനു കഴിഞ്ഞ രണ്ടു മാസത്തിനിടെ രണ്ടു തവണ പരിക്കേറ്റിരുന്നു. അതുകൊണ്ടു തന്നെ വളരെയധികം പക്വതയുള്ള പ്രകടനം നടത്തുമെങ്കിലും താരത്തെ വെച്ച് സാഹസം കാണിക്കാൻ ബാഴ്‌സ ഒരുങ്ങാനിടയില്ല.

കഴിഞ്ഞ ലാ ലിഗ മത്സരത്തിൽ വലൻസിയക്കെതിരെ പിന്നിൽ നിന്നതിനു ശേഷം ഒന്നിനെതിരെ മൂന്നു ഗോളുകളുടെ വിജയം സ്വന്തമാക്കിയ ബാഴ്‌സലോണക്ക് സീസണിൽ തിരിച്ചുവരാനുള്ള ഏറ്റവും പ്രധാനപ്പെട്ട ചുവടുവെപ്പാണ് ഈ മത്സരങ്ങൾ. ചാമ്പ്യൻസ് ലീഗ് മത്സരം നോക്ക്ഔട്ട് സാധ്യതകൾക്കു വേണ്ടിയുള്ള നിർണായക പോരാട്ടമാകുമ്പോൾ ലീഗിൽ ഒന്നാം സ്ഥാനത്തുള്ള റയൽ മാഡ്രിഡിനെതിരായ മത്സരം ലാ ലീഗയിലേക്ക് ശക്തമായ തിരിച്ചുവരവിനുള്ള ആത്മവിശ്വാസം നൽകാൻ കഴിയുന്നതാണ്.

facebooktwitterreddit