Football in Malayalam

റയൽ മാഡ്രിഡ് ലക്ഷ്യമിടുന്ന അർജന്റീനിയൻ താരത്തിനായി ബാഴ്‌സലോണയും രംഗത്ത്

Sreejith N
FBL-WC-2022-SAMERICA-QUALIFIERS-ARG-URU
FBL-WC-2022-SAMERICA-QUALIFIERS-ARG-URU / ALEJANDRO PAGNI/GettyImages
facebooktwitterreddit

സാവി പരിശീലകനായി എത്തിയതോടെ ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ ബാഴ്‌സലോണയിൽ നിരവധി താരങ്ങളെത്തുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. ഒരു സ്‌ട്രൈക്കറുടെ അഭാവം നിഴലിച്ചു കാണുന്ന ബാഴ്‌സലോണ മാഞ്ചസ്റ്റർ സിറ്റി താരമായ ഫെറൻ ടോറസിനെ സ്വന്തമാക്കുമെന്ന റിപ്പോർട്ടുകൾ ശക്തമാണെങ്കിലും അതിനൊപ്പം മറ്റു പേരുകളും ഉയർന്നു കേൾക്കുന്നുണ്ട്.

ഇസ്പോർട്ട്3യുടെ ഓറിയോൾ ഡൊമെനിക്കിന്റെ റിപ്പോർട്ടുകളെ അടിസ്ഥാനമാക്കി സ്‌പോർട് പുറത്തുവിട്ടതു പ്രകാരം അർജന്റീനിയൻ മുന്നേറ്റനിര താരമായ ജൂലിയൻ അൽവാരസും ജനുവരിയിൽ ബാഴ്‌സലോണ നോട്ടമിടുന്ന കളിക്കാരിൽ ഒരാളാണ്. ഇരുപത്തിയൊന്നുകാരനായ റിവർപ്ളേറ്റ് താരത്തിന്റെ പ്രകടനം മാസങ്ങളായി ബാഴ്‌സലോണ വിലയിരുത്തുന്നുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഈ സീസണിൽ റിവർപ്ളേറ്റിനു വേണ്ടി അർജന്റീനിയൻ ലീഗിൽ പതിനെട്ടു മത്സരങ്ങളിൽ കളത്തിലിറങ്ങിയ ജൂലിയൻ അൽവാരസ് പതിനേഴു ഗോളുകളും അഞ്ച് അസിസ്റ്റുകളും ഇതിനകം നേടി. ഇതിനു പുറമെ കോപ്പ അമേരിക്ക ടൂർണമെന്റിലും ലോകകപ്പ് യോഗ്യത റൗണ്ടിലുമായി അഞ്ചു മത്സരങ്ങൾ അർജന്റീനക്കു വേണ്ടിയും കളിച്ച താരം ദേശീയ ടീമിന്റെ ഭാവി വാഗ്‌ദാനമായാണ് കണക്കാക്കപ്പെടുന്നത്.

അതേസമയം ജൂലിയൻ അൽവാരസിനായി റയൽ മാഡ്രിഡും രംഗത്തു വന്നിട്ടുണ്ടെന്നത് ബാഴ്‌സലോണക്ക് വലിയൊരു ഭീഷണിയാണ്. തന്റെ ചെറുപ്പകാലത്ത് ഒരു മാസത്തോളം റയൽ മാഡ്രിഡിൽ ചിലവഴിച്ചിട്ടുള്ള അൽവാരസ് റയൽ മാഡ്രിഡിനെ തിരഞ്ഞെടുക്കാനുള്ള സാധ്യതയും കൂടുതലാണ്.

ഏതാണ്ട് ഇരുപതു മില്യൺ യൂറോയാണ് താരത്തിനു മൂല്യം കൽപ്പിക്കപ്പെടുന്നത്. ബാഴ്‌സലോണയുടെ സാമ്പത്തിക പ്രതിസന്ധിയും താരത്തിനു വേണ്ടിയുള്ള നീക്കങ്ങൾക്ക് തടസം സൃഷ്‌ടിക്കാനിടയുണ്ട്. അതേസമയം ഫെറൻ ടോറസിനെ ലഭിച്ചാൽ ബാഴ്‌സ അൽവാരസിനു വേണ്ടിയുള്ള നീക്കങ്ങൾ ഉപേക്ഷിച്ചേക്കും.


facebooktwitterreddit