ഡി യോങിനെ വിൽക്കണമെങ്കിൽ 85 മില്യൺ യൂറോ വേണമെന്ന ബാഴ്‌സലോണയുടെ കടുത്ത നിലപാടിന് കാരണം ലാ ലീഗയിലെ സാമ്പത്തിക നിയമം

ബാഴ്‌സലോണയുടെ ഡച്ച് മധ്യനിര താരം ഫ്രെങ്കി ഡി യോങ്ങിനെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡ് തുടരുകയാണ്. താരത്തിന് വേണ്ടി 85 മില്യൺ യൂറോയാണ് ബാഴ്‌സലോണ ആവശ്യപ്പെടുന്നത്. എന്നാല്‍ ഇത്രയും തുക നല്‍കാന്‍ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇത് വരെ തയ്യാറായിട്ടില്ല.
ഡി യോങിന്റെ കാര്യത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള ചർച്ചകളിലെ തങ്ങളുടെ കടുത്ത നിലപാടിന് കാരണം ലാലിഗയിലെ സാമ്പത്തിക നിയമാണെന്നാണ് ബാഴ്‌സലോണ വാദിക്കുന്നത്. ഇ.എസ്.പി.എനിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ലാലിഗയുടെ രീതികള്‍ക്ക് വിപരീതമായി ക്ലബിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് ബാഴ്‌സലോണ തറപ്പിച്ച് പറയുന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.
പുതിയ സീസണിന് ഒരുങ്ങുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിലെ പ്രധാന ലക്ഷ്യമാണ് ഡി യോങിനെ ടീമിലെത്തിക്കുക എന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകസ്ഥാനം ഏറ്റെടുത്ത എറിക് ടെൻ ഹാഗ് അയാക്സിലായിരുന്നപ്പോൾ അദ്ദേഹത്തിന് കീഴിൽ കളിച്ചിട്ടുള്ള താരമാണ് ഡി യോങ്.
ഡി യോങിന് വേണ്ടി 70 മില്യൺ യൂറോക്ക് അടുത്തും, ആഡ് ഓണുകളിലായി പത്ത് മില്യൺ യൂറോക്ക് അടുത്തും നൽകാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് തയ്യാറാണെന്ന് 90min നേരത്തെ റിപ്പോർട്ട് ചെയ്‌തിരുന്നു. എന്നാൽ, 2019ല്‍ അയാക്‌സില്‍ നിന്ന് ഡി യോങിനെ സ്വന്തമാക്കിയപ്പോൾ നൽകിയ അത്രയും തുക തന്നെ തിരിച്ചു പിടിക്കാനാണ് ബാഴ്‌സലോണ ലക്ഷ്യമിടുന്നത്.
അതേ സമയം, ഡെന്മാർക്ക് മധ്യനിര താരം ക്രിസ്ത്യൻ എറിക്‌സണെയും മാഞ്ചസ്റ്റർ യുണൈറ്റഡ് അടുത്ത സീസണിലേക്ക് ലക്ഷ്യം വെക്കുന്നുണ്ട്. അയാക്‌സിന്റെ മുന്നേറ്റ താരമായ ആന്റണിയും യുണൈറ്റഡിന്റെ റഡാറിലുള്ള പ്രധാന താരമാണ്. അടുത്ത സീസണിലേക്കായി കുറഞ്ഞത് അഞ്ചു താരങ്ങളെയെങ്കിലും ടീമിലെത്തിക്കാമെന്നാണ് ടെൻ ഹാഗ് പ്രതീക്ഷിക്കുന്നത്.