ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ഫിലിപ്പെ കുട്ടീഞ്ഞോയെ ഒഴിവാക്കാൻ ബാഴ്‌സലോണ

ജനുവരിയിലെ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ഫിലിപ്പ് കുട്ടീഞ്ഞോയെ ഒഴിവാക്കാൻ എഫ്‌സി ബാഴ്‌സലോണ മുതിർന്നേക്കുമെന്ന് റിപോർട്ടുകൾ. നേരത്തെയും കുട്ടീഞ്ഞോയെ വിൽക്കുന്ന കാര്യം ബാഴ്‌സലോണ പരിഗണിച്ചിരുന്നുവെങ്കിലും, റൊണാള്‍ഡ് കൂമാൻ താരത്തെ പിടിച്ചു നിര്‍ത്തുകയായിരുന്നു.
കൂമാൻ ബാഴ്‌സ പരിശീലകസ്ഥാനം ഏറ്റെടുത്തതിന് ശേഷമുള്ള ആദ്യ സീസണിൽ സ്ഥിരമായി അവസരം ലഭിച്ചിരുന്ന കുട്ടീഞ്ഞോക്ക് കഴിഞ്ഞ ഡിസംബറില്‍ പരുക്കേറ്റത് തിരിച്ചടിയായി. പരുക്ക് മാറി തിരിച്ചെത്തിയപ്പോള്‍ കൂമാൻ താരത്തെ പരിഗണിച്ചിരുന്നെങ്കിലും, പഴയത് പോലെയൊരു സ്ഥിരസാന്നിധ്യമല്ലായിരുന്നു ബ്രസീലിയൻ താരം.
കൂമാനെ പുറത്താക്കിയതിന് ശേഷം, ബാഴ്‌സയുടെ താത്കാലിക പരിശീലകനായി ചുമതലയേറ്റ ബര്‍ജുവാന്‍ കീഴിൽ കാറ്റലൻ ക്ലബ് കളിച്ച ആദ്യ മത്സരത്തിൽ പകരക്കാരന്റെ റോളിലായിരുന്നു കുട്ടീഞ്ഞോ കളത്തിലിറങ്ങിയത്. കഴിഞ്ഞ ദിവസം നടന്ന ചാംപ്യന്‍സ് ലീഗ് മത്സരത്തില്‍ ബെഞ്ചിലിരുന്ന കുട്ടീഞ്ഞോക്ക് കളത്തിലിറങ്ങാന്‍ പോലും അവസരം ലഭിച്ചില്ല. നിലവില്‍ കുട്ടീഞ്ഞോയുടെ പ്രകടനത്തില്‍ ബാഴ്‌സലോണ തൃപ്തരല്ല. അതുകൊണ്ട് തന്നെയാണ് വരുന്ന ട്രാന്‍സ്ഫറില്‍ താരത്തെ വില്‍ക്കാന്‍ അവർ ശ്രമിക്കുമെന്നാണ് സ്പാനിഷ് മാധ്യമമായ സ്‌പോർട് റിപ്പോർട്ട് ചെയ്യുന്നത്.
ബാഴ്‌സ കുട്ടീഞ്ഞോയെ വില്‍ക്കുകയാണെങ്കില്‍ ന്യൂകാസില്‍ യുണൈറ്റഡ് താരത്തെ ടീമിലെത്തിക്കുമെന്ന പ്രതീക്ഷയിലാണ് ബാഴ്‌സലോണ. അല്ലെങ്കില്‍ ലോണില്‍ മറ്റേതെങ്കിലും ടീമിലേക്ക് അയക്കുന്നതിനെ കുറിച്ചും ബാഴ്‌സലോണ മാനേജ്‌മെന്റ് ആലോചിക്കുന്നുണ്ട്. മോശം ഫോമിലൂടെ കടന്ന് പോകുന്ന ബാഴ്‌സലോണ, ടീമില്‍ കാര്യമായ മാറ്റംവരുത്താനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്.