Transfers

സെസാർ ആസ്പിലിക്യൂറ്റ അധികം വൈകാതെ ബാഴ്സലോണ താരമായേക്കും 

Vaisakh. M
Barcelona are interested in Cesar Azpilicueta
Barcelona are interested in Cesar Azpilicueta / Ethan Miller/GettyImages
facebooktwitterreddit

മുന്നേറ്റത്തിലേക്ക് റോബർട്ട്‌ ലെവൻഡോവ്സ്കിയെ സ്വന്തമാക്കിയതോടെ ബാഴ്സലോണയുടെ ശ്രദ്ധ നിലവിൽ പ്രതിരോധനിരയിലാണ്. പ്രതിരോധനിരയിലേക്ക് ആൻഡ്രിയാസ് ക്രിസ്റ്റൺസനെ സ്വന്തമാക്കിയ ബാഴ്‌സ, ചെൽസി പ്രതിരോധതാരം സെസാർ ആസ്പിലിക്യൂറ്റയെയാണ് ഇനി ലക്ഷ്യമിടുന്നത്. ഓഗസ്റ്റിൽ 33 തികയുന്ന താരത്തിനു പ്രതിരോധത്തിൽ ഏതു പൊസിഷനിലും തിളങ്ങാനാവുമെന്നതാണ് ബാഴ്സയെ പ്രധാനമായും ആകർഷിക്കുന്നത്.

താരത്തെ 4 മുതൽ 5 മില്യൺ യൂറോയ്ക്ക് ക്യാമ്പ് നൂവിലെത്തിക്കാനാകുമെന്നാണ് ബാഴ്സ പ്രതീക്ഷിക്കുന്നത്. ബാഴ്സയിലേക്കുള്ള ആസ്പിലിക്യൂറ്റയുടെ ട്രാൻസ്ഫർ ഏതാനും ദിവസങ്ങൾക്കുള്ളിൽ പൂർത്തീകരിക്കുമെന്നാണ് സ്പാനിഷ് മാധ്യമമായ സ്‌പോർട് റിപ്പോർട്ട്‌ ചെയ്യുന്നത്. ക്ലബ് വിടണമെന്ന ആഗ്രഹം ആസ്പിലിക്യൂറ്റ ചെൽസി അധികൃതരോട് അറിയിക്കുകയും ചെയ്‌തതായി റിപ്പോർട്ടിൽ പറയുന്നു.

പരിചയസമ്പന്നനായ ആസ്പിലിക്യൂറ്റയെ കൈവിടാൻ ചെൽസിക്ക് താത്പര്യം കുറവാണെങ്കിലും ബാഴ്സലോണ താരവുമായി ഏറെക്കാലമായി ഡീൽ ഉറപ്പിച്ചതിനാൽ ട്രാൻസ്ഫറിന് ചെൽസി സമ്മതം മൂളാനാണ് സാധ്യത.

പ്രീ-സീസൺ ടൂറിനായി നിലവിൽ ചെൽസിയും ബാഴ്സയും യുഎസിലായതിനാൽ അവിടെ വെച്ച് കരാർ പൂർത്തിയാക്കാനാണ് ശ്രമിക്കുന്നത്. അവിടത്തെ ട്രെയിനിങ് ക്യാമ്പിന് ശേഷം താരം ക്ലബ്ബ് വിടുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യുഎസിൽ വെച്ചു തന്നെ മെഡിക്കലും താരം പൂർത്തിയാക്കിയേക്കും.

ആസ്പിലിക്യൂറ്റ ട്രാൻസ്ഫറിൽ ചെൽസിയുടെ ഏക ആവശ്യം പകരക്കാരനെ സൈൻ ചെയ്യാനുള്ള സമയം നൽകണമെന്നതാണ്. ലെയ്പ്സിഗിൽ നിന്നും ഹോസെ ഗ്വാർഡിയോളിനെയാണ് പകരക്കാരനായി ചെൽസി നോട്ടമിട്ടിരിക്കുന്നത്. താരത്തെ ചെൽസി വരും ദിവസങ്ങളിൽ സ്വന്തമാക്കുന്നതോടെ ആസ്പിലിക്യൂറ്റക്ക് ബാഴ്സയിലേക്ക് ചേക്കേറാനായേക്കും.


facebooktwitterreddit