FC Barcelona News

രണ്ടു താരങ്ങളെ ഒരുമിച്ച് ടീമിന്റെ ഭാഗമാക്കാനൊരുങ്ങി ബാഴ്‌സലോണ

Sreejith N
Barcelona To Renew Dembele And Sign Raphinha
Barcelona To Renew Dembele And Sign Raphinha / Chung Sung-Jun/GettyImages
facebooktwitterreddit

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന സമയമാണെങ്കിലും അടുത്ത സീസണിലേക്കുള്ള തയ്യാറെടുപ്പ് മികച്ച രീതിയിൽ പൂർത്തിയാക്കാൻ ബാഴ്‌സലോണ ഒരുങ്ങുന്നു. വരും ദിവസങ്ങളിൽ ഫ്രഞ്ച് താരമായ ഒസ്മാനെ ഡെംബലെയുടെ കരാർ പുതുക്കാൻ തയ്യാറെടുക്കുന്ന ബാഴ്‌സലോണ അതിനു പുറമെ ലീഡ്‌സിന്റെ ബ്രസീലിയൻ മുന്നേറ്റനിര താരം റഫിന്യയെയും ടീമിലെത്തിക്കാൻ തയ്യാറെടുക്കുകയാണ്.

ജൂണിൽ ബാഴ്‌സലോണ കരാർ അവസാനിച്ച് ഫ്രീ ഏജന്റായ ഡെംബലെ കഴിഞ്ഞ ദിവസം കരാർ പുതുക്കുന്നതിനു വേണ്ടിയാണ് ബാഴ്‌സലോണയിൽ എത്തിയതെന്നാണ് മാർക്ക റിപ്പോർട്ടു ചെയ്യുന്നത്. 2024 വരെ കരാർ പുതുക്കുന്ന താരം അതിനു ശേഷം മെഡിക്കൽ പരിശോധനകൾ പൂർത്തിയാക്കി പരിശീലനത്തിന് ചേരും. തന്റെ പ്രതിഫലം കുറച്ചാണ് ഡെംബലെ ബാഴ്‌സയിൽ തന്നെ തുടരുന്നത്.

ഡെംബലെ കരാർ പുതുക്കിയതിനു പുറമെ റഫിന്യ ട്രാൻസ്‌ഫർ ബാഴ്‌സ അടുത്ത ദിവസങ്ങളിൽ തന്നെ പൂർത്തിയാക്കുമെന്നും ഡെയിലി മെയിലിന്റെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ബാഴ്‌സയും ലീഡ്‌സ് യുണൈറ്റഡും തമ്മിലുള്ള ചർച്ചകൾ നല്ല രീതിയിൽ മുന്നോട്ടു പോകുന്നുണ്ട്. ട്രാൻസ്‌ഫർ ഫീസിന്റെ കാര്യത്തിൽ ധാരണയിൽ എത്തിയാൽ റഫിന്യ ബാഴ്‌സലോണ താരമായി മാറും.

ഡെംബലെയും റഫിന്യയും ടീമിലെത്തിയാൽ ബാഴ്‌സയെ സംബന്ധിച്ച് അതൊരു ഇരട്ട സൈനിങ്ങ് പോലെയാണ്. അടുത്ത സീസണിലേക്കുള്ള ടീമിന്റെ പദ്ധതികൾ മികച്ച രീതിയിൽ മുന്നോട്ടു പോകുന്നുണ്ടെന്ന് ഇതു തെളിയിക്കുന്നു. ഇതിനു മുൻപ് ഫ്രാങ്ക് കെസീ, ആന്ദ്രെസ് ക്രിസ്റ്റൻസെൻ എന്നിവരെയും ബാഴ്‌സ സ്വന്തമാക്കിയിരുന്നു.

ലക്ഷ്യമിട്ട താരങ്ങളെ ടീമിലെത്തിക്കാൻ ബാഴ്‌സലോണ നേരിടുന്ന പ്രതിസന്ധി ടീമിൽ നിലവിലുള്ള കളിക്കാരെ ഒഴിവാക്കാൻ കഴിയുന്നില്ലെന്നതാണ്. നെറ്റോ, സാമുവൽ ഉംറ്റിറ്റി, റിക്വി പുയ്‌ജ്, ഓസ്‌കാർ മിൻഗുയെസ എന്നീ താരങ്ങളെയെല്ലാം ബാഴ്‌സക്ക് ഒഴിവാക്കണമെങ്കിലും ട്രാൻസ്‌ഫർ നീക്കങ്ങൾ ഒന്നുമാവാതെ തുടരുകയാണ്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit