പെഡ്രിക്കു പുറമെ ഒരു ബില്യൺ റിലീസ് ക്ലോസ് നൽകി അൻസു ഫാറ്റിയുടെ കരാർ പുതുക്കാൻ ബാഴ്സലോണ ഒരുങ്ങുന്നു


സാമ്പത്തിക പ്രതിസന്ധിയിൽ വീർപ്പുമുട്ടുന്ന ബാഴ്സലോണയിൽ മികച്ച പ്രകടനം നടത്തുന്ന താരങ്ങളെ റാഞ്ചാൻ യൂറോപ്പിലെ വമ്പൻ ക്ലബുകൾ വട്ടമിട്ടു പരക്കുന്നുണ്ട് എന്നതു കൊണ്ടു തന്നെ പ്രതിഭാധനരായ യുവതാരങ്ങളെ പുതിയ കരാർ നൽകി ടീമിൽ വളരെക്കാലത്തേക്ക് നിലനിർത്താൻ ക്ലബ് ഒരുങ്ങുകയാണ്. കഴിഞ്ഞ ദിവസം ഇതിന്റെ ഭാഗമായി പെഡ്രിയുടെ കരാർ ബാഴ്സലോണ പുതുക്കിയിരുന്നു.
പെഡ്രിക്കു പുറമെ അരങ്ങേറ്റം കുറിച്ച നാൾ മുതൽ ഫുട്ബോൾ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയ യുവതാരമായ അൻസു ഫാറ്റിക്കും പുതിയ കരാർ നൽകാനുള്ള ഒരുക്കങ്ങൾ ബാഴ്സ നടത്തുകയാണെന്നാണ് സ്പാനിഷ് മാധ്യമമായ മാർക്ക വെളിപ്പെടുത്തുന്നത്. കഴിഞ്ഞ നവംബറിൽ പരിക്കു പറ്റി ദീർഘകാലം പുറത്തിരുന്ന താരം ഈ മാസം കളിക്കളത്തിലേക്ക് മടങ്ങിയെത്തിയ ആദ്യത്തെ മത്സരത്തിൽ തന്നെ ടീമിനു വേണ്ടി ഗോൾ കണ്ടെത്തിയിരുന്നു.
Barca 'want €1bn release clause in Fati contract' https://t.co/918EJiMn7T
— Sports Mole (@SportsMole) October 14, 2021
മറ്റു ക്ലബുകളിൽ നിന്നുമുള്ള ഭീഷണി അവസാനിപ്പിക്കാൻ പെഡ്രിയുടേതിനു സമാനമായ കരാർ തന്നെയാവും ബാഴ്സലോണ അൻസു ഫാറ്റിക്കും നൽകുക. പെഡ്രിക്ക് 2026 വരെ നൽകിയ കരാറിൽ ഒരു ബില്യൺ യൂറോയാണ് റിലീസ് ക്ളോസായി ഉൾപ്പെടുത്തിയിരിക്കുന്നത്. സമാനമായ കരാർ തന്നെ ഫാറ്റിക്കും നൽകുന്നതോടെ യൂറോപ്പിൽ ഏറ്റവുമധികം റിലീസ് ക്ളോസെന്ന റെക്കോർഡിനൊപ്പം സ്പാനിഷ് താരവുമെത്തും.
ബാഴ്സലോണയും ഫാറ്റിയുടെ പ്രതിനിധികളും തമ്മിലുള്ള ചർച്ചകൾ മുന്നോട്ടു പോയിക്കൊണ്ടിരിക്കയാണ്. ഇതുവരെയും കരാർ സംബന്ധിച്ച് ധാരണയിൽ എത്തിയിട്ടില്ല എങ്കിലും ചർച്ചകൾ നല്ല രീതിയിൽ തന്നെയാണ് മുന്നോട്ടു പോകുന്നത്. മെസി പോയതോടെ താരത്തിന്റെ പത്താം നമ്പർ ജേഴ്സി ലഭിച്ച അൻസു ഫാറ്റിയിൽ ബാഴ്സലോണ നേതൃത്വത്തിന് വലിയ പ്രതീക്ഷ ബാക്കിയുണ്ട്.
പെഡ്രി, അൻസു ഫാറ്റി എന്നിവർക്കു പുറമെ ഒസ്മാനെ ഡെംബലെ, റൊണാൾഡ് അറോഹോ, ഗാവി, സെർജി റോബർട്ടോ എന്നിവരുടെ കരാർ പുതുക്കാനും ബാഴ്സലോണ ഒരുങ്ങുന്നുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. അതേസമയം ലാ ലിഗ ബാഴ്സക്ക് നൽകിയ സാലറി ക്യാപ്പ് വളരെ കുറവാണ് എന്നതിനാൽ ഈ താരങ്ങൾക്ക് ഇപ്പോൾ പ്രതിഫലത്തിൽ ഉയർച്ചയുണ്ടാകാൻ സാധ്യത കുറവാണ്.