കൗമാര സെൻസേഷൻ ഗവിയുടെ റിലീസ് ക്ലോസ് ഉയർത്താനുള്ള നീക്കവുമായി ബാഴ്സലോണ

സ്പെയിൻ ദേശീയ ടീമിന് വേണ്ടി അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ചരിത്രം സൃഷ്ടിച്ച കൗമാര സെൻസേഷൻ പാബ്ലോ ഗവിയുടെ കരാറിൽ ഉൾപ്പെടുത്തിയിരിക്കുന്ന റിലീസ് ക്ലോസ് ഉയർത്താൻ ബാഴ്സലോണക്ക് പദ്ധതികളെന്ന് സൂചന. വളരെ കുറച്ച് മത്സരങ്ങൾ കൊണ്ടു തന്നെ ലോകത്തെ പല വമ്പൻ ക്ലബ്ബുകളുടേയും ശ്രദ്ധ പിടിച്ചു പറ്റിക്കഴിഞ്ഞ ഗവിയെ ദീർഘകാലം ക്ലബ്ബിൽ നിലനിർത്താനും, താരത്തിനായുള്ള നീക്കത്തിൽ നിന്ന് മറ്റ് ക്ലബ്ബുകളെ അകറ്റി നിർത്താനും റിലീസ് ക്ലോസ് ഉയർത്തുന്നത് സഹായിക്കുമെന്നാണ് ക്ലബ്ബ് വിശ്വസിക്കുന്നത്. നിലവിൽ 17 വയസ് മാത്രം പ്രായമുള്ള ഗവിക്ക് 2023 ജൂൺ വരെയാണ് കാറ്റലൻ ക്ലബ്ബുമായി കരാറുള്ളത്.
കഴിഞ്ഞ ദിവസം സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപ്പോർട്ടീവോയോട് സംസാരിക്കവെ ഗവിക്ക് പ്രായത്തെ വെല്ലുന്ന പക്വതയുണ്ടെന്ന് അഭിപ്രായപ്പെട്ട ബാഴ്സലോണ വൈസ് പ്രസിഡന്റ് റാഫ യസ്തെ, പതിനേഴുവയസുകാരനാണെങ്കിലും മുപ്പത്തിയേഴുകാരനെപ്പോലെയാണ് അവനെ തോന്നിപ്പിക്കുന്നതെന്നും ചൂണ്ടിക്കാട്ടി. താരത്തിന്റെ കരാർ കൂടുതൽ സുരക്ഷിതമാക്കാൻ പോവുകയാണ് തങ്ങളെന്നും അതോടെ ധാരാളം വർഷങ്ങളോളം ബാഴ്സലോണയെ തന്റെ വീടായി കാണാൻ അവന് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"ഗവിയിൽ ഞാൻ വളരെ സന്തുഷ്ടനായിരുന്നു. അവന് പ്രായത്തെ വെല്ലുന്ന പക്വതയുണ്ട്. 17ന് പകരം അവന് 37 വയസ് തോന്നിക്കുന്നു. ഞങ്ങൾ അദ്ദേഹത്തിന് ഈ സുരക്ഷ നൽകാൻ പോകുന്നു. അതോടെ ബാഴ്സലോണയെ വർഷങ്ങളോളം തന്റെ വീടായി അവന് കാണാം."
- ബാഴ്സലോണ വൈസ് പ്രസിഡന്റ് റാഫ യസ്തെ
അതേ സമയം ഈ വർഷം ബാഴ്സലോണയുടെ സീനിയർ ടീമിലേക്ക് എത്തിയ ഗവി അതിവേഗമാണ് ടീമിന്റെ ശ്രദ്ധേയ കളിക്കാരിലൊരാളായി മാറിയത്. ലാ ലീഗയിൽ ഇക്കുറി നാല് മത്സരങ്ങളിൽ ബാഴ്സലോണയുടെ ആദ്യ ഇലവനിൽ ഉൾപ്പെട്ട താരം ഇറ്റലിക്കെതിരെ നടന്ന യുവേഫ നേഷൻസ് ലീഗിന്റെ സെമി ഫൈനൽ മത്സരത്തിലായിരുന്നു ദേശീയ അരങ്ങേറ്റം കുറിച്ചത്. ഈ മത്സരത്തിന് ശേഷം ഗവിയെ വാനോളം പ്രശംസിച്ച സ്പാനിഷ് ദേശീയ ടീം പരിശീലകൻ ലൂയിസ് എൻറിക്വെ ടീമിന്റെ ഭാവിയാകാൻ കെൽപ്പുള്ള താരമെന്നും അദ്ദേഹത്തെ പ്രശംസിച്ചിരുന്നു.