Football in Malayalam

ബാഴ്‌സലോണ മൂന്നു പ്രതിരോധ താരങ്ങളെ ഈയാഴ്‌ച ടീമിൽ നിന്നും ഒഴിവാക്കിയേക്കും

Sreejith N
FC Barcelona v Sevilla - Spanish Copa del Rey
FC Barcelona v Sevilla - Spanish Copa del Rey / Soccrates Images/Getty Images
facebooktwitterreddit

അടുത്ത സീസണിലേക്കുള്ള ടീമിന്റെ പദ്ധതികളുമായി ബന്ധപ്പെട്ട് അതിനിർണായകമായ ഒരാഴ്ചയായിരിക്കും ബാഴ്‌സലോണക്ക് വരാനിരിക്കുന്നത്. സ്‌പാനിഷ്‌ മാധ്യമമായ സ്പോർട്ടിന്റെ റിപ്പോർട്ടുകൾ പ്രകാരം ഒരാഴ്‌ചക്കുള്ളിൽ ബാഴ്‌സ മൂന്നു പ്രതിരോധ താരങ്ങളെയാണ് ടീമിൽ നിന്നും ഒഴിവാക്കാൻ ഒരുങ്ങുന്നത്. റിപ്പോർട്ടുകൾ പ്രകാരം സെർജിനോ ഡെസ്റ്റ്, സാമുവൽ ഉംറ്റിറ്റി, ക്ലെമന്റ് ലെങ്ലെ എന്നീ താരങ്ങളെയാണ് മികച്ച ഓഫർ ലഭിച്ചാൽ ബാഴ്‌സ ഒഴിവാക്കാൻ പരിഗണിക്കുന്നത്.

കഴിഞ്ഞ സീസണിൽ പരിശീലകനായ കൂമാനു മതിപ്പുളവാക്കുന്ന പ്രകടനം നടത്തിയെങ്കിലും ക്ലബിന്റെ വേതന ബിൽ ക്രമീകരിക്കുന്നതിനു വേണ്ടിയാണ് അമേരിക്കൻ താരമായ സെർജിനോ ഡെസ്റ്റിനെ ബാഴ്‌സലോണ ഒഴിവാക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം ബയേൺ മ്യൂണിക്കിനും ആഴ്‌സണലിനും ഇന്റർ മിലാനും മുൻ അയാക്‌സ് താരത്തിൽ താൽപര്യമുണ്ട്.

സാമുവൽ ഉംറ്റിറ്റിയെ കഴിഞ്ഞ കുറച്ചു ട്രാൻസ്‌ഫർ ജാലകങ്ങളിലായി ബാഴ്‌സലോണ ടീമിൽ നിന്നും ഒഴിവാക്കാൻ പരിഗണിക്കുന്നുണ്ടെങ്കിലും താരം ഇതുവരെയും ക്ലബ് വിടാൻ തയ്യാറായിട്ടില്ലായിരുന്നു. ബാഴ്‌സലോണയിൽ ലഭിക്കുന്ന പ്രതിഫലം മറ്റൊരു ക്ലബും നൽകില്ലെന്നതു കൊണ്ടാണ് അവസരങ്ങൾ വളരെ കുറവായിരുന്നിട്ടും താരം ക്ലബിനൊപ്പം തുടർന്നത്.

എന്നാൽ കരാർ അവസാനിക്കാനിരിക്കെ അടുത്ത സീസണിൽ ക്ലബിന്റെ പദ്ധതികളിൽ നിന്നും പൂർണമായും തഴയപ്പെടുന്നത് ഭാവി കരിയറിനെ ബാധിക്കുമെന്നതു കൊണ്ട് ഫ്രഞ്ച് താരം പുതിയ ഓഫറുകൾ തിരഞ്ഞെടുക്കാൻ സാധ്യതയുണ്ട്. ഫ്രഞ്ച് ക്ലബായ ലിയോണിന് ഉംറ്റിറ്റിയെ സ്വന്തമാക്കാൻ താൽപര്യമുണ്ടെങ്കിലും ട്രാൻസ്‌ഫർ ഫീ, പ്രതിഫലം എന്നീ കാര്യങ്ങളിൽ ധാരണയായിട്ടില്ല.

ലെങ്ലെ ബാഴ്‌സലോണ ടീമിന്റെ ആദ്യ ഇലവനിൽ സ്ഥിര സാന്നിധ്യമായിരുന്നെങ്കിലും കഴിഞ്ഞ സീസണിലെ മോശം പ്രകടനം മൂലം താരത്തിനെ ലോണിലോ സ്ഥിരം കരാറിലോ ഒഴിവാക്കാനാണ് ബാഴ്‌സ ഒരുങ്ങുന്നത്. എവെർട്ടൺ, ആഴ്‌സണൽ, ടോട്ടനം എന്നീ ക്ലബുകൾക്ക് താരത്തിൽ താൽപര്യമുണ്ടെങ്കിലും അവധി ദിവസങ്ങൾ കഴിഞ്ഞ് ക്ലബുമായി നടത്തുന്ന ചർച്ചകൾക്കു ശേഷമേ ഇക്കാര്യത്തിൽ അവസാന തീരുമാമെടുക്കൂ.

ഈ താരങ്ങളെ ഒഴിവാക്കേണ്ടത് അടുത്ത സീസണിനു വേണ്ടിയൊരുങ്ങുന്ന ബാഴ്‌സലോണയ്ക്ക് അനിവാര്യമായ കാര്യമാണ്. എറിക് ഗാർസിയ, സെർജിയോ അഗ്യൂറോ, മെംഫിസ് ഡീപേയ്, എമേഴ്‌സൺ എന്നീ താരങ്ങളെ ടീമിലെത്തിച്ചു കഴിഞ്ഞ ബാഴ്‌സക്ക് അവരെ ലാ ലിഗയിൽ രജിസ്റ്റർ ചെയ്യണമെങ്കിൽ ഏതാനും താരങ്ങളെ ഒഴിവാക്കി വേതനബിൽ വെട്ടിക്കുറക്കണം എന്ന സാഹചര്യമാണ് നിലവിലുള്ളത്.


facebooktwitterreddit