Football in Malayalam

മെസിയെ ബാഴ്‌സയിൽ നിലനിർത്താൻ ലപോർട്ട നൽകാനിരിക്കുന്ന കരാറിന്റെ വിവരങ്ങൾ പുറത്ത്

Sreejith N
FC Barcelona v Getafe - La Liga Santander
FC Barcelona v Getafe - La Liga Santander / Soccrates Images/Getty Images
facebooktwitterreddit

ഈ സീസണോടെ ബാഴ്‌സലോണയുമായുള്ള കരാർ അവസാനിക്കാനിരിക്കുന്ന ഫുട്ബോൾ ലോകത്തെ സൂപ്പർതാരം ലയണൽ മെസിയുമായി ബന്ധപ്പെട്ട ട്രാൻസ്‌ഫർ അഭ്യൂഹങ്ങൾ വളരെ ശക്തമാണ്. സീസണിന്റെ തുടക്കത്തിൽ ബാഴ്‌സ വിടണമെന്ന ആഗ്രഹം മെസി പ്രകടിപ്പിച്ചതു കൊണ്ടാണ് അഭ്യൂഹങ്ങൾ വർദ്ധിച്ചതെങ്കിലും നിലവിൽ താരം ടീമിൽ സംതൃപ്തനാണെന്നാണ് റിപ്പോർട്ടുകൾ. അതുകൊണ്ടു തന്നെ മെസിക്ക് പുതിയ കരാർ നൽകാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ് ബാഴ്‌സ നേതൃത്വം.

ഇഎസ്‌പിഎൻ പുറത്തു വിട്ട റിപ്പോർട്ടുകൾ പ്രകാരം ബാഴ്‌സലോണയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ലപോർട്ടയുടെ നേതൃത്വത്തിൽ മെസിക്ക് മൂന്നു വർഷത്തെ കരാറാണ് ബാഴ്‌സലോണ നൽകാൻ ശ്രമിക്കുന്നത്. ഇതോടെ ഈ ജൂണിൽ മുപ്പത്തിനാലു വയസു തികയുന്ന താരത്തിന് മുപ്പത്തിയേഴാം വയസു വരെ കാറ്റാലൻ ക്ലബിനൊപ്പം തുടരാനും വേണമെങ്കിൽ ബാഴ്‌സയിൽ തന്നെ വിരമിക്കാനും അവസരമുണ്ടാകും.

അതേസമയം മെസിക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന പ്രതിഫലം നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ നൽകാൻ ബാഴ്‌സലോണ നേതൃത്വത്തിന് കഴിയില്ലെന്നുറപ്പായതു കൊണ്ട് വർഷത്തിൽ 65 മില്യൺ പൗണ്ട് എന്ന താരത്തിന്റെ പ്രതിഫലം ഒറ്റയടിക്ക് വെട്ടിക്കുറക്കാതെ കരാറുള്ള ഓരോ വർഷത്തിലും ബാക്കി നൽകേണ്ട തുക ക്രമാനുഗതമായി നികത്തുമെന്ന തരത്തിലുള്ള പാക്കേജാണ്‌ ബാഴ്‌സലോണ നേതൃത്വം താരത്തിന് ഓഫർ ചെയ്യുന്നത്.

എന്നാൽ മൂന്നു വർഷത്തെ കരാർ മെസി സ്വീകരിക്കുമോയെന്നത് കണ്ടറിയേണ്ടതു തന്നെയാണ്. അർജന്റീനിയൻ താരത്തെ സംബന്ധിച്ച് ഓരോ വർഷത്തേക്ക് ടീമുമായി പ്രത്യേകം കരാർ ഒപ്പിടാനാണ് താൽപര്യം. ബാഴ്‌സലോണയുടെ സ്പോർട്ടിങ് പ്രൊജക്റ്റും ട്രാൻസ്ഫർ നീക്കങ്ങളും തന്റെ മനസംതൃപ്തിയുമെല്ലാം കണക്കിലാക്കി ക്ലബിൽ തുടരണമോ വേണ്ടയോ എന്നു ചിന്തിക്കാനുള്ള അവസരം ഇത് വഴി താരത്തിന് ലഭിക്കും.

എന്നാൽ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ലപോർട്ട മെസി ബാഴ്‌സലോണയുമായി കരാർ പുതുക്കുമെന്ന കാര്യത്തിൽ പൂർണമായ ആത്മവിശ്വാസത്തിലാണ്. മെസിക്ക് പുതിയ കരാർ നൽകാനുള്ള പദ്ധതികൾ വളരെ കൃത്യമായി മുന്നോട്ടു പോകുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം ഒരു സ്‌പാനിഷ്‌ ടെലിവിഷൻ പരിപാടിയോട് സംസാരിക്കുമ്പോൾ അദ്ദേഹം വ്യക്തമാക്കിയിരുന്നു.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി 90Min മലയാളത്തെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യൂ.

facebooktwitterreddit