Football in Malayalam

ലാ ലിഗ നിയമം തിരിച്ചടിയാവാതിരിക്കാൻ രണ്ടു താരങ്ങൾക്ക് ഫസ്റ്റ് ടീം കോണ്ട്രാക്റ്റ് നൽകാൻ ബാഴ്‌സലോണ ഒരുങ്ങുന്നു

Sreejith N
FC Barcelona v Elche CF - La Liga Santander
FC Barcelona v Elche CF - La Liga Santander / Alex Caparros/GettyImages
facebooktwitterreddit

യൂത്ത് ടീമിൽ നിന്നും ഈ സീസണിൽ സീനിയർ ടീമിലെത്തിയ താരങ്ങളായ ഗാവി, നിക്കോ ഗോൺസാലസ് എന്നിവർക്ക് ജനുവരിയിൽ തന്നെ ഫസ്റ്റ് ടീം കരാർ നൽകാൻ ബാഴ്‌സലോണ ഒരുങ്ങുന്നുവെന്ന് മാർക്കയുടെ റിപ്പോർട്ട്. ആദ്യ ഇലവനിൽ തന്നെ ഈ താരങ്ങൾ സ്ഥിരമായി ഇറങ്ങുമെന്നിരിക്കെ, യൂത്ത് ടീം താരങ്ങളെ കളിപ്പിക്കുന്നതിനെ നിയന്ത്രിക്കുന്ന ലാ ലിഗ നിയമം തിരിച്ചടി നൽകാതിരിക്കാനാണ് ഇരുവർക്കും വേഗത്തിൽ ഫസ്റ്റ് ടീം കരാർ നൽകാൻ ബാഴ്‌സ ഒരുങ്ങുന്നത്.

ലാ ലിഗ നിയമപ്രകാരം ഫസ്റ്റ് ടീമിലുള്ള ഏഴു താരങ്ങൾ മത്സര സമയത്ത് മൈതാനത്ത് ഉണ്ടായിരിക്കണം. അതല്ലെങ്കിൽ കളിയിൽ വിജയിച്ചാൽ പോലും മൂന്നു പോയിന്റുകൾ നഷ്‌ടമാകാനുള്ള സാധ്യതയുണ്ട്. നാല് യൂത്ത് ടീം താരങ്ങൾ കളിക്കുന്ന സമയത്ത് ഒരു ഫസ്റ്റ് ടീം താരത്തിന് ചുവപ്പുകാർഡ് ലഭിച്ചാൽ പോലും നിയമം നടപ്പിൽ വരും. എൽഷെക്കെതിരായ കഴിഞ്ഞ മത്സരത്തിൽ നിക്കോ ബെഞ്ചിലിരുന്നത് ഈ നിയമത്തിന്റെ ഭീഷണി കൊണ്ടാണ്.

ഫസ്റ്റ് ടീം താരങ്ങളിൽ നിരവധി പേർ പരിക്കിന്റെ പിടിയിൽ അകപ്പെട്ടതു മൂലമാണ് യൂത്ത് ടീമിൽ നിന്നുമുള്ള താരങ്ങളെ കൂടുതൽ ഉപയോഗിക്കാൻ സാവി നിർബന്ധിതനായത്. കഴിഞ്ഞ മത്സരത്തിലെ ആദ്യ ഇലവനിൽ ഗാവി, ജുഗ്‌ള, അബ്ദെ എന്നീ യൂത്ത് ടീം താരങ്ങൾക്കൊപ്പം നിക്കോയെ കൂടി കളിപ്പിച്ചാൽ അത് ടീമിനു തിരിച്ചടിയായേക്കും എന്നതു കൊണ്ട് എഴുപത്തിരണ്ടാം മിനുട്ടിൽ ജുഗ്‌ളക്ക് പകരക്കാരനായാണ് നിക്കോ ഇറങ്ങിയത്.

അതേസമയം ജനുവരിയിൽ ഈ താരങ്ങൾക്ക് ഫസ്റ്റ് ടീം കരാർ നൽകിയാൽ ബാഴ്‌സലോണ ഇപ്പോൾ നേരിടുന്ന പ്രതിസന്ധി ഏറെക്കുറെ പരിഹരിക്കപ്പെടും. മെച്ചപ്പെട്ട പ്രകടനം നടത്തുന്ന അബ്ദെ, ജുഗ്‌ള, ബാൽദേ എന്നിവർക്കൊപ്പം ഗാവി, നിക്കോ എന്നിവരെ സമ്മർദ്ദമില്ലാതെ കളിപ്പിക്കാൻ ബാഴ്‌സലോണക്ക് കഴിയും. ജനുവരിയിൽ പുതിയ താരങ്ങൾ എത്തുകയും ചെയ്‌താൽ ടീമിന്റെ നില ഇനിയും മെച്ചപ്പെടുകയും ചെയ്യും.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit