ഏജന്റിനെ മാറ്റിയ വാൻ ഡി ബീക്ക് ജനുവരിയിൽ ബാഴ്സലോണയിലെത്താൻ സാധ്യത


മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിര താരമായ ഡോണി വാൻ ഡി ബീക്ക് ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ബാഴ്സലോണയിലെത്താൻ സാധ്യത. മാഞ്ചസ്റ്റർ യുണൈറ്റഡിൽ അവസരങ്ങളില്ലാതെ നിരാശനായ താരം ഏജന്റിനെ മാറ്റിയതിനു പിന്നാലെയാണ് ബാഴ്സലോണ ട്രാൻസ്ഫർ അഭ്യൂഹങ്ങൾ ശക്തി പ്രാപിച്ചത്.
അയാക്സിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയതിനു ശേഷം അവസരങ്ങളില്ലാതെ ബുദ്ധിമുട്ടുന്ന വാൻ ഡി ബീക്ക് ഈ സീസണിലാകെ വെറും ആറു മിനുട്ടു മാത്രമാണ് പ്രീമിയർ ലീഗ് മത്സരങ്ങളിൽ കളിച്ചിരിക്കുന്നത്. ചാമ്പ്യൻസ് ലീഗിൽ യങ് ബോയ്സിനെതിരായ കളിയിലും കറബാവോ കപ്പിൽ വെസ്റ്റ് ഹാമിനെതിരെ പരാജയം വഴങ്ങിയ മത്സരത്തിലും താരത്തിന് ആദ്യ ഇലവനിൽ ഇടം ലഭിക്കുകയും ചെയ്തു.
Barcelona eye loan move for Man Utd flop Donny van de Beekhttps://t.co/8nQ6EJeCPV pic.twitter.com/0nAWC479QW
— Express Sport (@DExpress_Sport) November 1, 2021
സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ എവർട്ടനു താരത്തിൽ താൽപര്യം ഉണ്ടായിരുന്നെങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടു നൽകാൻ തയ്യാറായിരുന്നില്ല. ഇപ്പോൾ തന്നെ ഏജന്റായിരുന്ന ഗുയ്ഡോ അൽബേഴ്സിനെ മാറ്റി അലി ദുർസുനെ വാൻ ഡി ബിക്ക് നിയമിച്ചതോടെയാണ് താരവുമായി ബന്ധപ്പെട്ട ട്രാൻസ്ഫർ അഭ്യൂഹങ്ങൾ വീണ്ടും ശക്തമാകുന്നത്.
ഏജന്റിനെ മാറ്റുകയെന്നത് അവസരങ്ങളില്ലാതെ ബുദ്ധിമുട്ടുന്ന താരത്തിന് നിലവിലെ അവസ്ഥയിൽ നിന്നും രക്ഷപ്പെടാൻ മാഞ്ചസ്റ്റർ യുണൈറ്റഡിലെ സഹതാരങ്ങൾ നൽകിയ ആശയമാണ് എന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. ഇതിനിടയിലാണ് ഡച്ച് താരത്തിൽ ബാഴ്സലോണക്ക് താൽപര്യമുണ്ടെന്ന് കാറ്റലൻ മാധ്യമമായ സ്പോർട് റിപ്പോർട്ടു ചെയ്യുന്നത്.
ആക്രമണത്തിലും പ്രതിരോധത്തിലും സഹായിക്കാൻ കഴിയുന്ന ഒരു മധ്യനിര താരത്തെ നോക്കിയിരുന്ന ബാഴ്സ വൈനാൾഡത്തെ സമ്മറിൽ സ്വന്തമാക്കാൻ ശ്രമിച്ചെങ്കിലും അതു നടന്നിലായിരുന്നു. അതിനു പകരക്കാരനാവാൻ വാൻ ഡി ബീക്കിനു കഴിയുമെന്നാണ് ക്ലബ് നേതൃത്വം കരുതുന്നത്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ബാഴ്സ ജനുവരിയിൽ ലോണിൽ താരത്തെ ടീമിലെത്തിക്കാനാവും ശ്രമിക്കുക. അതിനു ശേഷം സ്ഥിരം കരാറിൽ ഡോണിയെ സ്വന്തമാക്കാനാണ് കാറ്റലൻ ക്ലബിന്റെ പദ്ധതിയെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.