രണ്ട് താരങ്ങൾക്ക് കൂടി ഒരു ബില്യൺ യൂറോ റിലീസ് ക്ലോസ് നല്‍കാനൊരുങ്ങി ബാഴ്സലോണ

രണ്ട് യുവതാരങ്ങള്‍ക്ക് കൂടി ഒരു ബില്യണ്‍ യൂറോ റിലീസ് ക്ലോസ് നല്‍കാനൊരുങ്ങി ബാഴ്സലോണ. മധ്യനിര താരം താരം ഗവി, പ്രതിരോധനിരയിലെ ഉറുഗ്വെയന്‍ യുവതാരം റൊണാള്‍ഡ് അറോഹോ എന്നിവരുടെ കരാറിൽ ഒരു ബില്യൺ യൂറോ റിലീസ് ക്ലോസ് ഉൾപ്പെടുത്താൻ ബാഴ്സലോണ ഒരുങ്ങുന്നതെന്ന് സ്പോര്‍ട് റിപ്പോര്‍ട്ട് ചെയ്യുന്നു.
നിവലില്‍ ബാഴ്സലോണക്ക് വേണ്ടി മികച്ച പ്രകടനം നടത്തുന്ന താരങ്ങളെ ദീര്‍ഘകാലം ടീമില്‍ പിടിച്ചു നിര്‍ത്തുന്നതിന് വേണ്ടിയാണ് അവർക്ക് പുതിയ കരാർ കാറ്റാലൻ ക്ലബ് നൽകുന്നത്.
നിലവില്‍ അറോഹോയുടെയും ഗവിയുടെയും ബാഴ്സലോണയുമായുള്ള കരാർ 2023ൽ അവസാനിക്കും. എന്നാല്‍ രണ്ട് താരങ്ങള്‍ക്കും 2027 വരെയുള്ള കരാറും, അതിൽ ഒരു ബില്യൺ യൂറോ റിലീസ് ക്ലോസും നല്‍കാനുള്ള പദ്ധതിയിലാണ് കാറ്റാലന്‍ ക്ലബെന്ന് സ്പോര്‍ട്ടിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
നിലവിൽ അൻസു ഫാറ്റി, പെഡ്രി, ഫെറാൻ ടോറസ് എന്നിവരുടെ കരാറിൽ ബാഴ്സലോണ ഒരു ബില്യൺ റിലീസ് ക്ലോസ് ഉൾപ്പെടുത്തിയിട്ടുണ്ട്. അക്കൂട്ടത്തിലേക്ക് ഗവിയെയും, അറോഹോയെയും ചേർക്കാനാണ് ബാഴ്സ പദ്ധതിയിടുന്നത്.
കരാര്‍ നീട്ടി നല്‍കുകയും ഒരു ബില്യൺ യൂറോ റിലീസ് ക്ലോസ് നല്‍കുകയും ചെയ്താല്‍ കൂടുതല്‍ കാലം സാവിക്ക് കീഴില്‍ വലിയൊരു യുവ സംഘത്തെ കൊണ്ടുപോകാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് ബാഴ്സലോണ മാനേജ്മെന്റ്.
ബാഴ്സലോണയുടെ മറ്റു താരങ്ങളായ മെംഫിസ് ഡീപായ്, മാർക്ക് ആന്ദ്രേ ടെര് സ്റ്റീഗന് എന്നിവര്‍ക്ക് 500 മില്യൺ യൂറോയാണ് റിലീസ് ക്ലോസ് നല്‍കിയിട്ടുള്ളത്. മധ്യനിരയിലെ പ്രധാന താരമായ ഫ്രങ്കി ഡി യോങ്ങിന് 400 മില്യൺ യൂറോയുടെ റിലീസ് ക്ലോസുമാണുള്ളത്.