ഡാനി ആൽവസിനെ തിരികെയെത്തിക്കാനുള്ള നീക്കങ്ങളാരംഭിച്ച് ബാഴ്‌സലോണ

Sreejith N
FC Barcelona v Real CD Espanyol - La Liga
FC Barcelona v Real CD Espanyol - La Liga / Alex Caparros/GettyImages
facebooktwitterreddit

സാവി പരിശീലകനായി എത്തിയതിനു പിന്നാലെ ബ്രസീലിയൻ ഫുൾ ബാക്കായ ഡാനി ആൽവസിനെ ക്ലബ്ബിലേക്ക് തിരികെ എത്തിക്കാനുള്ള നീക്കങ്ങളാരംഭിച്ച് ബാഴ്‌സലോണ. ആൽവസും ബാഴ്‌സലോണ നേതൃത്വവും ഇതു സംബന്ധിച്ച് ഈയാഴ്‌ച ചർച്ചകൾ നടത്തുമെന്ന് ബ്രസീലിയൻ മാധ്യമമായ യുഓഎൽ എസ്പോർട്ടെയെ അടിസ്ഥാനമാക്കി സ്‌പാനിഷ്‌ മാധ്യമം എഎസ് റിപ്പോർട്ടു ചെയ്‌തു.

സെർജിനോ ഡെസ്റ്റ്, സെർജി റോബർട്ടോ എന്നിവർ കളിക്കുന്ന റൈറ്റ് ബാക്ക് പൊസിഷൻ കൂടുതൽ മെച്ചപ്പെടുത്തണമെന്നു കരുതുന്നതിന്റെ ഭാഗമായാണ് ഡാനിയെ ക്ലബിലെത്തിക്കാൻ ബാഴ്‌സലോണ ഒരുങ്ങുന്നത്. അവസാനം കളിച്ച ബ്രസീലിയൻ ക്ലബായ സാവോ പോളോയുമായുള്ള കരാർ അവസാനിപ്പിച്ചതിനു ശേഷം ഫ്രീ ഏജന്റായ ഡാനി ഫ്ലുമിനെൻസുമായി ചർച്ചകൾ നടത്തിയെങ്കിലും ബാഴ്‌സലോണയിലേക്ക് തിരിച്ചു വരാനുള്ള സാധ്യതകൾ ഉള്ളതിനാൽ ബ്രസീലിൽ നിന്നുള്ള ഓഫറുകൾ ഇപ്പോൾ പരിഗണിക്കുന്നില്ല.

ഈയാഴ്‌ച നടക്കുന്ന ചർച്ചകളിൽ താരത്തിന് എത്ര വർഷത്തെ കരാർ നൽകുമെന്നതും ശമ്പളവും മറ്റുമായിരിക്കും പ്രധാനമായും വിഷയമാവുക. പുതിയ പരിശീലകനായി ചുമതല ഏറ്റെടുത്ത സാവി സമ്മതമറിയിച്ചതാണ് ആൽവസിനു വേണ്ടിയുള്ള നീക്കങ്ങൾ ഊർജിതമാകാൻ കാരണമായത്. തന്റെ പഴയ സഹതാരത്തിന്റെ തിരിച്ചുവരവ് ക്ലബ്ബിനെ ഉയർത്തിക്കൊണ്ടു വരുന്നതിൽ നിർണായക പങ്കു വഹിക്കുമെന്ന് സാവി കരുതുന്നു.

അതേസമയം കളിക്കളത്തിൽ തുടരുകയെന്നത് ആൽവസിനെ സംബന്ധിച്ച് വളരെ പ്രധാനമാണ്. 2022 ഖത്തർ ലോകകപ്പിനുള്ള ബ്രസീലിയൻ ടീമിൽ ഇടം നേടാൻ വേണ്ടി പ്രയത്നിക്കുന്ന താരം അതുകൊണ്ടു തന്നെ തന്റെ ഏറ്റവും മികച്ച പ്രകടനം ബാഴ്‌സക്കു വേണ്ടി നടത്താൻ ശ്രമിക്കുമെന്നതിൽ തർക്കമില്ല. ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച റൈറ്റ്ബാക്കുകളിൽ ഒരാളായ ഡാനി 2016ലാണ് അവസാനമായി ബാഴ്‌സലോണക്കു വേണ്ടി ബൂട്ടണിഞ്ഞിട്ടുള്ളത്.

നിലവിൽ റൈറ്റ് ബാക്ക് പൊസിഷനിൽ കളിക്കുന്ന രണ്ടു താരങ്ങളും പരിക്കിന്റെ പിടിയിലായതിനാൽ ആൽവസിനെ അതിനു പകരം ഉപയോഗിക്കാനും ബാഴ്‌സലോണക്ക് കഴിയും. അതിനൊപ്പം സെർജിനോ ഡെസ്റ്റ് പോലെയുള്ള യുവതാരങ്ങളെ തേച്ചുമിനുക്കി മൂർച്ച കൂട്ടാനും ആൽവ്സിന്റെ സാന്നിധ്യം കൊണ്ടു കഴിയും.


facebooktwitterreddit