റഫിന്യയെ സ്വന്തമാക്കാനുള്ള ചെൽസിയുടെ നീക്കം അട്ടിമറിക്കാൻ ബാഴ്‌സലോണ ഒരുങ്ങുന്നു

Barcelona To Hijack Chelsea Raphinha Transfer
Barcelona To Hijack Chelsea Raphinha Transfer / DOUGLAS MAGNO/GettyImages
facebooktwitterreddit

ലീഡ്‌സ് യുണൈറ്റഡിന്റെ ബ്രസീലിയൻ മുന്നേറ്റനിര താരമായ റഫിന്യ സ്വന്തമാക്കാനുള്ള പോരാട്ടത്തിലേക്ക് ബാഴ്‌സലോണ വീണ്ടുമെത്തുന്നു. ചെൽസിയും ലീഡ്‌സും താരത്തിന്റെ ട്രാൻസ്‌ഫറുമായി ബന്ധപ്പെട്ട് ധാരണയിൽ എത്തിയെന്നും ഇനി വ്യക്തിഗത കരാർ കൂടി പൂർത്തിയായാൽ മതിയെന്നുമുള്ള സാഹചര്യത്തിൽ അതിനെ അട്ടിമറിക്കാനാണ് ബാഴ്‌സലോണ ഒരുങ്ങുന്നത്.

ലഭിക്കുന്ന വിവരങ്ങൾ പ്രകാരം റഫിന്യ ബാഴ്‌സയിലേക്കുള്ള ട്രാൻസ്‌ഫറാണ് പരിഗണിക്കുന്നത് എന്നു മാത്രമല്ല, താരവും കാറ്റലൻ ക്ലബും തമ്മിൽ വ്യക്തിഗത കരാറിന്റെ കാര്യത്തിലും ധാരണയിൽ എത്തിയിട്ടുണ്ടായിരുന്നു. അതിനാൽ തന്നെ ചെൽസി അഭ്യൂഹങ്ങൾ ശക്തമായതിനു പിന്നാലെ കഴിഞ്ഞ ദിവസം റഫിന്യയുടെ ഏജന്റായ ഡെക്കോയുമായി ബാഴ്‌സലോണ നേരിട്ട് ചർച്ചകൾ നടത്തുകയും ചെയ്‌തു.

സാമ്പത്തിക പ്രതിസന്ധികൾ ബാഴ്‌സലോണയെ വളരെയധികം ബാധിച്ചിട്ടുണ്ടെങ്കിലും റഫിന്യയെ സ്വന്തമാക്കാൻ കഴിയും എന്നു തന്നെയാണ് ബാഴ്‌സലോണ കരുതുന്നതെന്ന് ജെറാർഡ് റൊമേരോ റിപ്പോർട്ടു ചെയ്യുന്നു. താരത്തിന് കാറ്റലൻ ക്ലബിലെത്താനാണ് താൽപര്യമെന്നതും ഏജന്റായ ഡെക്കോയുമായുള്ള മികച്ച ബന്ധവും ഇതിന് സഹായിക്കുമെന്നും അവർ കരുതുന്നു.

അറുപതു മില്യൺ യൂറോയാണ് റഫിന്യക്കായി ചെൽസി ഓഫർ ചെയ്‌തതെന്നാണ്‌ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. താരത്തെ ടീമിലെത്തിക്കാൻ അതേ തുക തന്നെ ബാഴ്‌സലോണയും നൽകേണ്ടി വരുമെന്നതിൽ സംശയമില്ല. അതേസമയം സാമ്പത്തിക പ്രതിസന്ധി ബാധിച്ച ക്ലബ് ലെവൻഡോസ്‌കിയെ ടീമിലെത്തിക്കാൻ തന്നെ ബുദ്ധിമുട്ടുന്ന സമയത്ത് റഫിന്യ ട്രാൻസ്‌ഫർ എങ്ങിനെ പൂർത്തിയാക്കുമെന്ന സംശയം ആരാധകർക്കുണ്ട്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.