ഒസ്മാന്‍ ഡംബലയെ ബാഴ്സലോണ ഭീഷണിപ്പെടുത്തുന്നുവെന്ന് താരത്തിന്റെ ഏജന്റ്

ഫ്രഞ്ച് താരം ഒസ്മാന്‍ ഡംബലയെ ബാഴ്സലോണ ഭീഷണിപ്പെടുത്തുന്നതായി താരത്തിന്റെ ഏജന്റ് മൂസ്സ സിസ്സോക്കോ. പുതിയ കരാറിലെത്തുന്നത് വരെ ഡംബലയെ ബാഴ്സോലോണയുടെ ടീമില്‍ നിന്ന് പുറത്തിരുത്തുമെന്ന് കാറ്റലൻ ക്ലബ് പറഞ്ഞതായി സിസ്സോക്കോ ആരോപിച്ചു.
"സാമൂഹിക മാധ്യമങ്ങളിൽ ചർച്ചകൾ പ്രോത്സാഹിപ്പിക്കാനല്ല ഞങ്ങൾ ഇവിടെയുള്ളത്. അതെ, ഞങ്ങൾക്ക് ചില ആവശ്യങ്ങളുണ്ട്, പക്ഷെ പണമല്ല ഒസ്മാനിന്റെ കരിയർ ഓപ്ഷനുകൾ തീരുമാനിക്കുന്നതെന്ന് ഞങ്ങൾ ഇതിനകം കാണിച്ചു തന്നിട്ട്, അല്ലാത്തപക്ഷം അവൻ ഇവിടെ (ബാഴ്സയിൽ) ഉണ്ടാകില്ല," സിസ്സോക്കോ ആർ.എം.സി സ്പോർട്ടിനോട് പറഞ്ഞു.
"അതിനാൽ, ബാഴ്സലോണക്ക് ചർച്ച നടത്താൻ താൽപ്പര്യമുണ്ടെങ്കിൽ, അവർക്ക് ഞങ്ങളോടൊപ്പം മേശയിലിരുന്ന് ചർച്ച ചെയ്യാൻ ശ്രമിക്കാമായിരുന്നു. എന്നാൽ ഇവിടെ ചർച്ചകൾ ഒന്നുമില്ല, ടീമിൽ ഇനി കളിപ്പിക്കില്ല എന്ന ഭീഷണി മാത്രമാണ്. അത് വിലക്കപ്പെട്ടതാണ്. ആവശ്യമെങ്കിൽ ഞങ്ങൾ ഒസ്മാൻ ഡംബലയുടെ അവകാശങ്ങൾ സംരക്ഷിക്കും. ഈ സമ്മർദ്ദ നീക്കം ഞങ്ങളെ പോലുള്ള ആളുകളുടെ അടുത്ത് വർക്ക് ആവില്ല. ബാഴ്സലോണയുടെ സുഹൃത്തുക്കളുള്ള ഏജന്റുമാരുടെ അടുത്ത അത് ചിലപ്പോൾ അത് വർക്ക് ആവും. എന്റെ കാര്യം അങ്ങനെയല്ല, എന്റെ താരത്തിന്റെ താല്പര്യങ്ങൾ സംരക്ഷിക്കാനാണ് ഞാൻ ഇവിടെയുള്ളത്,' സിസ്സോക്കോ കൂട്ടിച്ചേർത്തു.
ഡംബലെയുടെ ഭാവിയുമായി ബന്ധപ്പെട്ട് ഇതുവരെയും ഒരു കാര്യവും തീരുമാനിച്ചിട്ടില്ലെന്നും സിസ്സോക്കോ വ്യക്തമാക്കി. ഈ സീസണോടെ ബാഴ്സലോണയില്‍ കരാര്‍ അവസാനിക്കുന്ന ഡംബലയെ ടീമില്‍ പിടിച്ച് നിര്‍ത്താനുള്ള കഠിനശ്രമത്തിലാണ് ബാഴ്സലോണ. എന്നാല്‍ കരാര്‍ പുതുക്കാന്‍ താരം ഇതുവരെയും ഒരുതരത്തിലുള്ള നീക്കവും നടത്തിയിട്ടില്ല.
രണ്ട് തവണ കരാര്‍ പുതുക്കലുമായി ബന്ധപ്പെട്ട് ഡംബലെക്ക് ക്ലബ് അന്ത്യശാസനം നല്‍കിയെങ്കിലും ഫ്രഞ്ച് താരത്തിന്റെ ഭാഗത്ത് നിന്ന് അനുകൂലമായ നിലപാട് ഉണ്ടായിട്ടില്ല. പുതിയ പരിശീലകന് സാവിയും ബാഴ്സലോണ പ്രസിഡന്റ് യുവാന്‍ ലെപോര്ട്ടയും താരത്തെ ടീമില്‍ പിടിച്ചു നിര്‍ത്തുന്നതിന് വേണ്ടി പല അടവും പയറ്റുന്നുണ്ടെങ്കിലും ഡംബലെ എല്ലാ നീക്കത്തോടും മുഖം തിരിഞ്ഞിരിക്കുകയാണ്. ഇതാണ് ബാഴ്സോലണയെ ചൊടിപ്പിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.