സാമ്പത്തികപ്രതിസന്ധിയിൽ നിന്നും യൂറോപ്പിൽ ഏറ്റവുമധികം തുകയുടെ ട്രാൻസ്ഫർ നടത്തിയ ക്ലബുകളിലൊന്നായി മാറി ബാഴ്സലോണ


കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സൂപ്പർതാരം ലയണൽ മെസിയെ ഒഴിവാക്കേണ്ടി വന്ന ബാഴ്സലോണ അവിടെ നിന്നും ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ എത്തുമ്പോൾ യൂറോപ്പിൽ തന്നെ ഏറ്റവുമധികം പണം ട്രാൻസ്ഫറിനായി ചിലവഴിച്ച ക്ലബായി മാറിയിരിക്കുകയാണ്. ഇക്കാര്യത്തിൽ മാഞ്ചസ്റ്റർ സിറ്റി, ലീഡ്സ് യുണൈറ്റഡ് എന്നിവർക്കു പുറകിൽ മൂന്നാം സ്ഥാനത്താണ് ബാഴ്സയുള്ളത്.
സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ ക്ലബിൽ പ്രസിഡന്റ് ലപോർട്ട നടത്തിയ നയങ്ങളാണ് ഈ സമ്മറിൽ പുതിയ സൈനിംഗുകൾ നടത്താൻ ബാഴ്സലോണയെ സഹായിച്ചത്. കഴിഞ്ഞ സീസണിൽ യൂറോപ്പ ലീഗ് കളിക്കേണ്ടി വന്ന ബാഴ്സ ഇത്തവണ അതിനെ മറികടന്ന് യൂറോപ്പിലെ പ്രബലശക്തിയായി മാറാൻ ഇതിനകം തന്നെ നാല് സൈനിംഗുകൾ പൂർത്തിയാക്കി കഴിഞ്ഞിട്ടുണ്ട്.
ആന്ദ്രെസ് ക്രിസ്റ്റൻസെൻ, ഫ്രാങ്ക് കെസീ എന്നിവരെ ഫ്രീ ട്രാൻസ്ഫറിൽ ടീമിലെത്തിച്ച ബാഴ്സലോണ അതിനു ശേഷം ലീഡ്സ് യുണൈറ്റഡ് താരം റഫിന്യ, ബയേൺ സ്ട്രൈക്കർ റോബർട്ട് ലെവൻഡോസ്കി എന്നിവരെയും സ്വന്തമാക്കി. എന്നാൽ ക്ലബുകളുടെ വേതനബിൽ സംബന്ധിച്ച നിയന്ത്രണങ്ങൾ മൂലം ഈ താരങ്ങളെ ഇതുവരെ രജിസ്റ്റർ ചെയ്യാൻ ബാഴ്സലോണക്ക് കഴിഞ്ഞിട്ടില്ല. ഓഗസ്റ്റ് 31നുള്ളിലാണ് ഈ താരങ്ങളെ രജിസ്റ്റർ ചെയ്യേണ്ടത്.
ക്രിസ്റ്റൻസെൻ, കെസീ എന്നിവരെ ഫ്രീ ഏജന്റായി ടീമിലെത്തിച്ച ബാഴ്സലോണക്ക് കരാർ അവസാനിച്ച ഡെംബലെയുമായി അതു പുതുക്കാനും കഴിഞ്ഞിരുന്നു. ഇതിനു പുറമെ റഫിന്യക്കായി 55 മില്യൺ യൂറോയും ലെവൻഡോസ്കിക്കായി 45 മില്യൺ യൂറോയുമാണ് ബാഴ്സലോണ നിലവിൽ നൽകിയിരിക്കുന്നത്. ആഡ് ഓണുകൾ കൂടി ചേർത്താൽ രണ്ടു താരങ്ങൾക്കുമായി ബാഴ്സ ചെലവാക്കിയത് 115 മില്യൺ യൂറോയായിരിക്കും.
ആഡ് ഓണുകൾ ഒഴിവാക്കിയുള്ള തുക പരിഗണിക്കുമ്പോഴാണ് യൂറോപ്പിൽ ഏറ്റവുമധികം പണം ട്രാൻസ്ഫർ മാർക്കറ്റിൽ ചിലവഴിച്ച മൂന്നാമത്തെ ക്ലബായി ബാഴ്സലോണ മാറുന്നത്. എർലിങ് ഹാലൻഡ്, കാൽവിൻ ഫിലിപ്സ് എന്നിവർക്കായി യഥാക്രമം 60 മില്യൺ, 48 മില്യൺ എന്നിങ്ങളെ ചിലവഴിച്ച മാഞ്ചസ്റ്റർ സിറ്റി ഇക്കാര്യത്തിൽ മുന്നിൽ നിൽക്കുന്നു. അതേസമയം 120 മില്യൺ യൂറോയുടെ വിൽപ്പന സിറ്റി നടത്തിയിട്ടുണ്ട്.
രണ്ടാമത് ഏറ്റവുമധികം തുക ചിലവഴിച്ച ക്ലബ് ലീഡ്സ് യുണൈറ്റഡാണ്. ബ്രെണ്ടൻ ആൻഡേഴ്സൺ (33 മില്യൺ), ലൂയിസ് സിനിസ്റ്ററ (28 മില്യൺ), ടൈലർ ആഡംസ് (17 മില്യൺ), റാസ്മസ് ക്രിസ്റ്റിൻസെൻ (13 മില്യൺ), മാർക്ക് റോക്ക (12 മില്യൺ), ദാർക്കോ ഗ്യാബി (6 മില്യൺ) എന്നിങ്ങനെ ആറു താരങ്ങൾക്കു വേണ്ടി 105 മില്യൺ യൂറോയാണ് ലീഡ്സ് ചിലവഴിച്ചത്.
ഇത്രയും തുകക്ക് താരങ്ങളെ സ്വന്തമാക്കിയതോടെ ബാഴ്സലോണ ഇനി താരങ്ങളെ ഒഴിവാക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. കുട്ടീന്യോ (20 മില്യൺ), റെയ് മനാജ് (2.5 മില്യൺ) ലോൺ കരാറിൽ പോർച്ചുഗീസ് ക്ലബിലെത്തിയ ട്രിൻകാവോ (3 മില്യൺ), ടോട്ടനത്തിലേക്ക് ലോണിലെത്തിയ ലെങ്ലറ്റ് (5 മില്യൺ) എന്നീ താരങ്ങളെ മാത്രമേ ബാഴ്സലോണ നിലവിൽ ടീമിൽ നിന്നും ഒഴിവാക്കിയിട്ടുള്ളൂ.
ടീമിൽ നിന്നും നിരവധി താരങ്ങളെക്കൂടി ഒഴിവാക്കാനുള്ള ബാഴ്സലോണ അതിനു പുറമെ വമ്പൻ പ്രതിഫലം വാങ്ങുന്ന ഫ്രങ്കീ ഡി ജോങിനെയും വിൽക്കാൻ ശ്രമിക്കുന്നുണ്ട്. വേതനവുമായി ബന്ധപ്പെട്ടു നിലനിൽക്കുന്ന സങ്കീർണതകൾ കൂടി പരിഹരിച്ചാൽ മാത്രമേ അടുത്ത സീസണിലേക്കുള്ള തയ്യാറെടുപ്പുകൾ ബാഴ്സലോണക്ക് പൂർത്തിയാക്കാൻ കഴിയൂ.
ജൂലൈ 16 വരെ ഏറ്റവുമധികം തുക ട്രാൻസ്ഫർ മാർക്കറ്റിൽ ചിലവഴിച്ച ക്ലബുകൾ:
1. മാഞ്ചസ്റ്റർ സിറ്റി (108 മില്യൺ യൂറോസ്)
2. ലീഡ്സ് യുണൈറ്റഡ് (105 മില്യൺ യൂറോസ്)
3. ബാഴ്സലോണ (100 മില്ല്യൺ യൂറോസ്, ആഡ് ഓണുകൾ ചേർത്താൽ 115 മില്യൺ യൂറോസ്)
4. ആഴ്സണൽ (97 മില്യൺ യൂറോസ്)
5. ചെൽസി (94 മില്യൺ യൂറോസ്)
6. ടോട്ടനം (87 മില്യൺ യൂറോസ്)
7. ബൊറൂസിയ ഡോർട്മുണ്ട് (86 മില്യൺ യൂറോസ്)
8. ലിവർപൂൾ (85 മില്യൺ യൂറോസ്)
9. റയൽ മാഡ്രിഡ് (80 മില്യൺ യൂറോസ്)
10. പിഎസ്ജി (79 മില്യൺ യൂറോസ്)
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.