മാനെക്ക് ലാ ലിഗയിലെത്താൻ താൽപര്യം, ലിവർപൂൾ താരത്തെ ലക്ഷ്യമിട്ട് ബാഴ്സലോണ


ലിവർപൂൾ മുന്നേറ്റനിരയിലെ സൂപ്പർതാരമായ സാഡിയോ മാനെയെ സ്വന്തമാക്കാൻ ബാഴ്സലോണ രംഗത്തുണ്ടെന്ന് റിപ്പോർട്ടുകൾ. അടുത്ത സീസണോടെ ലിവർപൂൾ കരാർ അവസാനിക്കാൻ പോകുന്ന സെനഗൽ താരം ഇംഗ്ലണ്ട് വിടാനുള്ള സാധ്യതകൾ കൂടുതലാണെന്ന റിപ്പോർട്ടുകൾ പുറത്തു വന്നതോടെയാണ് മാനെക്കായി ബാഴ്സലോണയും ശ്രമം നടത്തുന്നതെന്ന് മുണ്ടോ ഡിപോർറ്റീവോ റിപ്പോർട്ടു ചെയ്തു.
സൗത്താംപ്ടണിൽ നിന്നും ലിവർപൂളിൽ എത്തിയതിനു ശേഷം ലോകത്തിലെ ഏറ്റവും മികച്ച മുന്നേറ്റനിര താരങ്ങളിൽ ഒരാളെന്ന നിലയിലേക്ക് ഉയരാൻ കഴിഞ്ഞ സാഡിയോ മാനെയുടെ കരാർ അടുത്ത സീസണോടെ അവസാനിക്കാനിരിക്കെ അതു പുതുക്കാൻ വേണ്ടിയുള്ള നീക്കങ്ങൾ ഇതുവരെയും ലിവർപൂൾ നേതൃത്വം ആരംഭിച്ചിട്ടില്ല. ഇതാണ് മുപ്പതുകാരനായ താരം ഇംഗ്ലണ്ട് വിടാനുള്ള സാധ്യത വർധിപ്പിക്കുന്നത്.
Liverpool's Sadio Mane 'seduced by Barcelona' as transfer chances for him and Salah emerge https://t.co/GPXYpwLq4T
— Express Sport (@DExpress_Sport) May 10, 2022
ലിവർപൂൾ വിടുകയാണെങ്കിൽ ലാ ലിഗയിൽ കളിക്കാനാണ് മാനെക്കു താൽപര്യമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ബയേണും താരത്തിനായി ശക്തമായി രംഗത്തുണ്ടെങ്കിലും ലിവർപൂളിലോ ബയേൺ മ്യൂണിക്കിലോ കളിക്കുമ്പോൾ ലഭിക്കുന്നതിനേക്കാൾ ബാലൺ ഡി ഓർ സാധ്യത ബാഴ്സലോണക്കൊപ്പം ഉണ്ടെന്നാണ് താരം കരുതുന്നത്.
ബാഴ്സലോണയെ സംബന്ധിച്ച് അടുത്ത സീസണിൽ ടീമിനെ ശക്തിപ്പെടുത്തുക അനിവാര്യമാണെന്ന് പരിശീലകൻ സാവി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. വർഷങ്ങൾക്കു മുൻപ് തന്നെ ബാഴ്സലോണയുടെ റഡാറിൽ ഉണ്ടായിരുന്ന മാനെക്കായി വീണ്ടും ശ്രമങ്ങൾ ആരംഭിച്ചതും ഇതിന്റെ ഭാഗമായാണ്. എന്നാൽ ട്രാൻസ്ഫർ ഫീസായി വമ്പൻ തുക ലിവർപൂൾ ആവശ്യപ്പെട്ടാൽ ബാഴ്സയുടെ മോഹം അവസാനിക്കാനാണ് സാധ്യത.
മാനെക്കു പുറമെ സഹതാരമായ മൊഹമ്മദ് സലായും ഈ സീസണു ശേഷം ലിവർപൂൾ വിടാനുള്ള സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. താരത്തിന്റെയും കരാർ പുതുക്കാനുള്ള നീക്കങ്ങൾ എവിടെയുമെത്തിയിട്ടില്ല. ഈ രണ്ടു താരങ്ങളും ലിവർപൂൾ വിടുകയാണെങ്കിൽ പുതിയൊരു ലിവർപൂളിനെ പടുത്തുയർത്താനുള്ള നീക്കമായേ അതിനെ വിലയിരുത്താൻ കഴിയൂ.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.