Football in Malayalam

ഡെംബലെ ക്ലബ് വിട്ടാൽ പകരക്കാരനായി അഡമ ട്രയോറയെ ടീമിലെത്തിക്കാൻ ബാഴ്‌സലോണ ഒരുങ്ങുന്നു

Sreejith N
Manchester City v Wolverhampton Wanderers - Premier League
Manchester City v Wolverhampton Wanderers - Premier League / Naomi Baker/GettyImages
facebooktwitterreddit

ഈ സീസണോടെ കരാർ അവസാനിക്കുന്ന ഫ്രഞ്ച് മുന്നേറ്റനിര താരമായ ഒസ്മാനെ ഡെംബലെ ക്ലബ് വിട്ടാൽ പകരക്കാരനായി പ്രീമിയർ ലീഗ് ക്ലബായ വോൾവ്‌സിന്റെ മുന്നേറ്റനിര താരമായ അഡമ ട്രയോറയെ സ്വന്തമാക്കുന്ന കാര്യം ബാഴ്‌സലോണ ആലോചിക്കുന്നു. സ്‌പാനിഷ്‌ മാധ്യമമായ സ്പോർട്ട് ആണ് ഇക്കാര്യം റിപ്പോർട്ടു ചെയ്‌തത്‌.

ഡെംബലെയുമായി പുതിയ കരാറൊപ്പിടാനുള്ള ശ്രമങ്ങൾ ബാഴ്‌സലോണ നേതൃത്വം നടത്തുന്നുണ്ടെങ്കിലും താരം ഇതുവരെയും അതിനോട് അനുകൂലമായല്ല പ്രതികരിച്ചിരിക്കുന്നത്. അടുത്ത സമ്മറിൽ ഫ്രീ ഏജന്റായി താരം ക്ലബ് വിടുകയാണെങ്കിൽ ആ അഭാവം ഏറെക്കുറെ പരിഹരിക്കാൻ ട്രയോറക്ക് കഴിയുമെന്ന് ബാഴ്‌സലോണ സ്പോർട്സ് സ്റ്റാഫ് പ്രതീക്ഷിക്കുന്നു.

ബാഴ്‌സലോണ അക്കാദമിയിലൂടെ വളർന്നു വന്ന ട്രയോറെ സീനിയർ ടീമിനായി ഏതാനും മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 2015ലാണ് ബാഴ്‌സലോണ വിട്ട് ആസ്റ്റൺ വിലയിലേക്ക് ചേക്കേറിയ താരം അതിനു ശേഷം മിഡിൽസ്ബറോക്കും വേണ്ടി കളിച്ചതിനു ശേഷമാണ് വോൾവ്‌സിലെത്തുന്നത്.

ട്രയോറയുടെ ഏജന്റായ ജോർജ് മെൻഡസും ബാഴ്‌സലോണയും തമ്മിൽ മികച്ച ബന്ധമാണുള്ളത്. ബാഴ്‌സലോണ വോൾവ്‌സിനു തന്നെ വിറ്റ നെൽസൺ സെമെഡോ, ലോണിൽ വിട്ട ട്രിൻകാവോ എന്നിവരുടെ ഏജന്റും മെൻഡസ് തന്നെയാണ്. ട്രയോറക്കും ബാഴ്‌സലോണയിലേക്ക് തിരിച്ചെത്താൻ താൽപര്യമുണ്ടെന്നും ക്ലബിലെ പല താരങ്ങളുമായും താരം ഇപ്പോഴും ബന്ധം കാത്തു സൂക്ഷിക്കുന്നുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit