Football in Malayalam

മൊറീബ കരാർ പുതുക്കാതിരിക്കുന്നതിനു പിന്നിൽ റയൽ മാഡ്രിഡാണെന്ന് ബാഴ്‌സക്കു സംശയം

Sreejith N
FC Barcelona v RC Celta - La Liga Santander
FC Barcelona v RC Celta - La Liga Santander / Quality Sport Images/Getty Images
facebooktwitterreddit

നിരവധി താരങ്ങൾക്കു പരിക്കേറ്റ കഴിഞ്ഞ സീസണിൽ റൊണാൾഡ്‌ കൂമാൻ ബി ടീമിൽ നിന്നും സീനിയർ ടീമിൽ അവസരം നൽകിയ താരമാണ് ഐലക്സ് മൊറീബ. ലാ മാസിയയിലെ പോൾ പോഗ്ബയെന്നു വിളിപ്പേരുണ്ടായിരുന്ന താരം തന്റെ പ്രതിഭ തെളിയിക്കുന്ന പ്രകടനമാണ് ടീമിനൊപ്പം നടത്തിയത്. പതിനെട്ടു വയസു മാത്രമേയുള്ളൂവെങ്കിലും പക്വതയാർന്ന കളി കാഴ്‌ച വെച്ച താരം ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്‌തിരുന്നു.

എന്നാൽ പുതിയ സീസൺ ആരംഭിക്കാനിരിക്കെ ബാഴ്‌സലോണയെ സംബന്ധിച്ച് വലിയൊരു തലവേദനയായി മൊറീബ മാറുകയാണ്. 2022 വരെ മാത്രം കരാറുള്ള താരം ഇതുവരെയും തന്റെ കരാർ പുതുക്കുന്ന കാര്യത്തിൽ സമ്മതം മൂളിയിട്ടില്ല. പ്രതിഫലം വർധിപ്പിക്കണമെന്നാണ് താരത്തിന്റെ ആവശ്യമെന്നു റിപ്പോർട്ടുകൾ ഉണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ ബാഴ്‌സക്കതു ദുഷ്‌കരമായതിനാൽ അടുത്ത സീസണിൽ മൊറീബയെ ഫ്രീ ട്രാൻസ്ഫറിൽ നഷ്ടപ്പെടുമെന്ന അവസ്ഥയാണ് കാറ്റലൻ ക്ലബ് അഭിമുഖീകരിക്കുന്നത്.

കരാർ പുതുക്കിയില്ലെങ്കിൽ സീനിയർ ടീമിന്റെ ഭാഗമാകാൻ അനുവദിക്കില്ലെന്ന് ബാഴ്‌സ മൊറീബക്ക് അന്ത്യശാസനം നൽകിയിട്ടുണ്ടെങ്കിലും താരത്തിന്റെ തീരുമാനത്തിന് പിന്നിൽ റയൽ മാഡ്രിഡിന്റെ സാന്നിധ്യമുണ്ടെന്ന് കാറ്റലൻ ക്ലബ് വിശ്വസിക്കുന്നതായി ഗോൾ റിപ്പോർട്ടു ചെയ്യുന്നു. ബാഴ്‌സയുമായുള്ള കരാർ അനിശ്ചിതത്വത്തിലായി മൊറീബ ഫ്രീ ട്രാൻസ്ഫറിൽ ക്ലബ് വിട്ടാൽ താരത്തെ സ്വന്തമാക്കാനുള്ള അവസരം റയലിനുണ്ടാകും.

അതേസമയം മൊറീബയെ ഏതു വിധേനയും നിലനിർത്താൻ തന്നെയാണ് ബാഴ്‌സ തയ്യാറെടുക്കുന്നത്. 2019ൽ മൂന്നു വർഷത്തെ കരാർ ഒപ്പിടുമ്പോൾ യൂത്ത് റാങ്കിലുള്ള മറ്റെല്ലാ താരങ്ങളേക്കാൾ ഉയർന്ന പ്രതിഫലമാണ് ബാഴ്‌സ നൽകിയത്. എന്നാൽ സീനിയർ ടീമിൽ കഴിവു തെളിയിച്ച സ്ഥിതിക്ക് താരത്തിന്റെ പ്രതിഫലം വർധിപ്പിച്ച് കരാർ നൽകേണ്ടത് അനിവാര്യമാണെങ്കിലും നിലവിലെ സാഹചര്യം ബാഴ്‌സയെ അതിനു അനുവദിക്കുന്നില്ല.

യൂറോപ്യൻ സൂപ്പർ ലീഗുമായി ബന്ധപ്പെട്ട് ഒരേ ചേരിയിൽ നിൽക്കുന്ന ഫ്ലോറന്റീനോ പെരസും യോൻ ലപോർട്ടയും മൊറീബയുടെ കാര്യത്തിൽ നേർക്കുനേർ പോരാടാനുള്ള സാധ്യത വളരെ കുറവാണ്. എന്നാൽ താരം ഫ്രീ ഏജന്റായാൽ സ്വന്തമാക്കാൻ മുന്നിലുള്ള ക്ലബുകളിലൊന്ന് റയൽ ആയിരിക്കുമെന്നതിൽ സംശയമില്ല, അതു തന്നെയാണ് ബാഴ്‌സയുടെ ആശങ്കയും.


facebooktwitterreddit