കരാർ പുതുക്കാൻ ഡെംബലെക്ക് അവസാനത്തെ ഓഫർ നൽകി ബാഴ്‌സലോണ
By Sreejith N

ബാഴ്‌സലോണയും ഒസ്മാനെ ഡെംബലെയും കരാർ പുതുക്കാൻ വേണ്ടി നടത്തിയിരുന്ന ചർച്ചകൾ അവസാന ഘട്ടത്തിലേക്ക്. ഇതുവരെയും കരാർ പുതുക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കാതിരിക്കുന്ന താരത്തിന് അതിനായി അവസാനത്തെ ഓഫറും തീയതിയും ബാഴ്‌സലോണ നൽകിയെന്നാണ് സ്‌പാനിഷ് മാധ്യമം സ്പോർട്ട് റിപ്പോർട്ടു ചെയ്യുന്നത്.
സാവി പരിശീലകനായതിനു ശേഷം ബാഴ്‌സലോണക്കു വേണ്ടി മികച്ച പ്രകടനം നടത്തിയ ഒസ്മാനെ ഡെംബലെ പ്രതിഫലവുമായി ബന്ധപ്പെട്ടു ധാരണയിൽ എത്താത്തതിനെ തുടർന്നാണ് കരാർ പുതുക്കാൻ വിസമ്മതിച്ചു നിൽക്കുന്നത്. എന്നാൽ താരം തീരുമാനം വൈകിക്കുന്നത് മറ്റു താരങ്ങളെ സ്വന്തമാക്കാനുള്ള പദ്ധതികളെ ബാധിക്കുമെന്നതിനാൽ അവസാന തീയതി നൽകാൻ ബാഴ്‌സ തീരുമാനിക്കുകയായിരുന്നു.
റിപ്പോർട്ടുകൾ പ്രകാരം താരത്തിന്റെ കരാർ അവസാനിക്കുന്ന ജൂൺ 30നുള്ളിൽ ഇക്കാര്യത്തിൽ ഒരു തീരുമാനം എടുക്കാനാണ് ബാഴ്‌സലോണ ആവശ്യപ്പെട്ടിരിക്കുന്നത്. ഒരു സീസണിൽ ആറു മില്യൺ യൂറോ പ്രതിഫലവും 1.5 മില്യൺ യൂറോയുടെ ആഡ് ഓണുകളും അടങ്ങുന്ന പുതിയ കരാറും അവർ ഓഫർ ചെയ്‌തിട്ടുണ്ട്. എന്നാൽ കരാർ അവസാനിക്കുന്ന താരത്തിന് അത് പുതുക്കുന്നതിനുള്ള ബോണസ് നൽകാൻ ബാഴ്‌സലോണ ഒരുക്കമല്ല.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്നതു കൊണ്ടാണ് ഒസ്മാനെ ഡെംബലെ മുന്നോട്ടു വെച്ച ആവശ്യങ്ങൾ പരിഗണിക്കാൻ ബാഴ്‌സലോണ തയ്യാറാവാതിരുന്നത്. താരത്തിന്റെ ഏജന്റായ സിസോക്കോയോട് വ്യാഴാഴ്‌ചക്കുള്ളിൽ ഇക്കാര്യത്തിൽ ഒരു തീരുമാനം അറിയിക്കാൻ ബാഴ്‌സലോണ ആവശ്യപ്പെട്ടിട്ടുണ്ട്. അതുണ്ടായില്ലെങ്കിൽ താരവുമായി ബാഴ്‌സ പിന്നീട് ചർച്ചകൾ നടത്തില്ല.
താരത്തിനായി നിരവധി ക്ലബുകൾ നേരത്തെ രംഗത്തുണ്ടായിരുന്നു എങ്കിലും ഇപ്പോൾ ഓഫറുകൾ കുറവാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചെൽസിയാണ് ഡെംബലെക്കു വേണ്ടി ഇപ്പോൾ ശ്രമങ്ങൾ നടത്തുന്ന ക്ലബ്. എന്നാൽ താരത്തിന്റെ ട്രാൻസ്‌ഫർ ആവശ്യങ്ങൾ മുഴുവനായും അംഗീകരിക്കാൻ ഈ ക്ലബുകളും തയ്യാറല്ല.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.