Football in Malayalam

മെസിയുണ്ടായിരുന്ന കഴിഞ്ഞ സീസണിലേക്കാൾ മികച്ച തുടക്കം ഈ സീസണിൽ കുറിച്ച് ബാഴ്‌സലോണ

Sreejith N
FC Barcelona v Levante UD - LaLiga Santander
FC Barcelona v Levante UD - LaLiga Santander / Quality Sport Images/Getty Images
facebooktwitterreddit

ബാഴ്‌സ ആരാധകരെ സംബന്ധിച്ച് സമ്മിശ്രമായ വികാരങ്ങളാവും ഈ സീസണിൽ ടീമിന്റെ പ്രകടനം നൽകിയിട്ടുണ്ടാവുക. സീസണിലെ ആദ്യ മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തിയ ടീം പിന്നീട് പുറകോട്ടു പോവുകയും അതിനു ശേഷം ഇന്നലെ നടന്ന മത്സരത്തിൽ വീണ്ടും ഗംഭീര വിജയം നേടി ആരാധകരുടെ പ്രതീക്ഷ ഉയർത്തുകയും ചെയ്‌തിട്ടുണ്ട്‌.

ഇന്നലെ സ്വന്തം മൈതാനത്തു വെച്ചു നടന്ന മത്സരത്തിൽ എതിരില്ലാതെ മൂന്നു ഗോളുകൾക്ക് ലെവാന്റയെയാണ് ബാഴ്‌സ തോൽപ്പിച്ചത്. മെംഫിസ് ഡീപേയ്, ലൂക്ക് ഡി ജോംഗ് എന്നിവരുടെ ഗോളുകൾക്കൊപ്പം പത്തു മാസങ്ങൾക്കു ശേഷം കളിക്കളത്തിൽ തിരിച്ചെത്തിയ അൻസു ഫാറ്റിയും ലക്‌ഷ്യം കണ്ടതോടെ ആറു മത്സരങ്ങളിൽ നിന്നും പന്ത്രണ്ടു പോയിന്റുകൾ നേടി നിലവിൽ ആറാം സ്ഥാനത്താണ് ബാഴ്‌സലോണ.

ബാഴ്‌സലോണയുടെ ശക്തി കണക്കാക്കുമ്പോൾ നിലവിലെ സ്ഥാനം അത്ര വലുതല്ലെങ്കിലും ലയണൽ മെസി ഒപ്പമുണ്ടായിരുന്ന കഴിഞ്ഞ സീസണിലേക്കാൾ മികച്ച തുടക്കമാണ് അവർക്ക് ഈ സീസണിൽ ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ സീസണിൽ ആദ്യ ആറു മത്സരങ്ങളിൽ നിന്നും വെറും എട്ടു പോയിന്റുകൾ മാത്രം ബാഴ്‌സ നേടിയപ്പോൾ ഇത്തവണ അതു പന്ത്രണ്ടായി വർധിച്ചിട്ടുണ്ട്.

ഗോളുകളുടെ എണ്ണം കണക്കാകുമ്പോഴും ഈ സീസണിലാണ് ബാഴ്‌സലോണ മുന്നിലുള്ളത്. കഴിഞ്ഞ സീസണിൽ ആറു മത്സരങ്ങളിൽ നിന്നും പത്തു ഗോളുകൾ ടീം നേടിയപ്പോൾ ഇത്തവണ അത് പതിനൊന്നായി വർധിച്ചിട്ടുണ്ട്. അതേസമയം കഴിഞ്ഞ സീസണിൽ ഇത്രയും മത്സരങ്ങളിൽ അഞ്ചു ഗോളുകൾ വഴങ്ങിയപ്പോൾ ഇത്തവണ അത് ആറായി വർധിച്ചുവെന്ന ചെറിയൊരു പോരായ്‌മ അതിനൊപ്പമുണ്ട്.

ഇന്നലത്തെ മത്സരത്തിലെ വിജയവും ഫാറ്റിയുടെ തിരിച്ചുവരവും ഗോളും ബാഴ്‌സലോണ ആരാധകർക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. ഗോളുകൾ കണ്ടെത്താൻ കഴിയുന്ന ഒരു മുന്നേറ്റനിര താരത്തിന്റെ കുറവ് പരിഹരിക്കാൻ ഫാറ്റിക്ക് കഴിയുമെന്നിരിക്കെ ബാഴ്‌സലോണ വരും മത്സരങ്ങളിൽ കൂടുതൽ മികവ് കാഴ്‌ച വെക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ആരാധകർ.

facebooktwitterreddit