Football in Malayalam

ബാഴ്സയുമായുള്ള കരാർ പുതുക്കൽ നടന്നേക്കില്ല, കറ്റാലൻ ക്ലബ്ബിന്റെ സൂപ്പർ താരത്തിൽ കണ്ണുവെച്ച് ലിവർപൂളും, ചെൽസിയും

By Gokul Manthara
FBL-EUR-C1-BARCELONA-TRAINING
FBL-EUR-C1-BARCELONA-TRAINING / PAU BARRENA/GettyImages
facebooktwitterreddit

2023 സീസൺ അവസാനം വരെ ബാഴ്സലോണയുമായി കരാറുള്ള ഉറുഗ്വെൻ പ്രതിരോധ താരം റൊണാൾഡ് അരൗഹോയെ നോട്ടമിട്ട് പ്രീമിയർ ലീഗ് വമ്പന്മാരായ ലിവർപൂളും, ചെൽസിയും. ബാഴ്സലോണയുമായി പുതിയ കരാറിൽ ഒപ്പുവെക്കുന്ന കാര്യത്തിൽ ഇതു വരെ ധാരണയിലെത്താൻ അരൗഹോയ്ക്ക് കഴിയാതെ വന്നിരിക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തെ നോട്ടമിട്ട് പ്രീമിയർ ലീഗ് വമ്പന്മാർ. രംഗത്തെത്തിയിരിക്കുന്ന വിവരം ഇഎസ്പിഎൻ പുറത്ത് വിട്ടിരിക്കുന്നത്.

2018 ൽ ഉറുഗ്വെൻ ക്ലബ്ബായ ബോസ്റ്റൺ റിവറിൽ നിന്ന് ബാഴ്സലോണ ബി‌യിലെത്തിയ അരൗഹോ, കഴിഞ്ഞ സീസണിലാണ് ക്ലബ്ബിന്റെ സീനിയർ ടീമിലെത്തിയത്. വളരെ പെട്ടെന്നു‌തന്നെ ടീമിൽ തന്റേതായ സ്ഥാനം നേടിയെടുത്ത അരൗഹോ, ലാലീഗയിലെ തന്നെ മികച്ച പ്രതിരോധ താരങ്ങളിലൊരാളായി മാറുകയായിരുന്നു.

2023 വരെ തങ്ങളുമായി കരാറുള്ള അരൗഹോയുമായി അഞ്ച് വർഷത്തെ പുതിയ കരാർ ഒപ്പുവെക്കാൻ കറ്റാലൻ ക്ലബ്ബ് താല്പര്യപ്പെടുന്നുണ്ടെങ്കിലും ഇതിനായി അരൗഹോ ചോദിക്കുന്ന പ്രതിഫലം വളരെ ഉയർന്നതാണ്. നിലവിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി യിലൂടെ കടന്നു പോകുന്ന ബാഴ്സക്ക്, അരൗഹോ ചോദിക്കുന്ന പ്രതിഫലം താങ്ങാൻ കഴിയില്ലെന്നാണ് സൂചനകൾ‌. ഇത് കൊ‌ണ്ടു തന്നെ അദ്ദേഹം വരും സമ്മറിൽ ക്ലബ്ബ് വിടാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്.

കഴിഞ്ഞ സീസണിൽ സെന്റർ ബാക്ക് സ്ഥാനത്ത് പ്രതിസന്ധി നേരിട്ട ലിവർപൂൾ അടുത്ത സമ്മറിൽ ഒരു പുതിയ സെന്റർബാക്ക് താരത്തെ സ്വന്തമാക്കാൻ താല്പര്യപ്പെടുന്നുണ്ട്. തങ്ങളുമായി കരാറുള്ള ഒരു പറ്റം സെന്റർ ബാക്ക് താരങ്ങളുടെ കോണ്ട്രാക്ട് കാലാവധി വരും സമ്മറിൽ അവസാനിക്കാനിരിക്കുന്നതിനാൽ ചെൽസിയും പുതിയ സെന്റർബാക്കിനായി അടുത്ത വേനൽക്കാലത്ത് വിപണിയിലുണ്ടാകും. ഈ രണ്ട് ക്ലബ്ബുകൾക്കും മോശമല്ലാത്ത പ്രതിഫലം അരൗഹോക്ക് വാഗ്ദാനം ചെയ്യാൻ കഴിയുമെന്നാണ് സൂചനകൾ. അത് കൊണ്ടു തന്നെ ഇരുപത്തിരണ്ടുകാരനായ ഈ യുവ താരം വരും സീസണിൽ പ്രീമിയർ ലീഗ് ക്ലബ്ബുകളിലൊന്നിലേക്ക് ചേക്കേറാനുള്ള സാധ്യതയും വളരെ കൂടുതലാണ്‌.

1.88 മീറ്റർ ഉയരമുള്ള അരൗഹോ, പ്രീമിയർ ലീഗിന്‌ യോജിച്ച കളികാരനാണെന്ന് നേരത്തെ പല ഫുട്ബോൾ പണ്ഡിതരും വിലയിരുത്തിയിരുന്നു. ഏരിയൽ ഡുവലിന്റെ കാര്യത്തിൽ കരുത്തനായ അദ്ദേഹം, എതിർ ഗോൾ മുഖത്ത് ഭീഷണി സൃഷ്ടിക്കുന്നതിലും മിടുക്കനാണ്. അത് കൊണ്ടു തന്നെ അദ്ദേഹത്തെ വിട്ടു കളയുകയാണെങ്കിൽ അത് കറ്റാലൻ ക്ലബ്ബിന് കനത്ത തിരിച്ചടിയായിരിക്കുമെന്നതിൽ യാതൊരു സംശയവുമില്ല.

facebooktwitterreddit