Football in Malayalam

2021ലെ ഗോൾഡൻ ബോയ് പുരസ്‌കാരം നേടി ബാഴ്‌സലോണ താരം പെഡ്രി

Sreejith N
FC Barcelona v RC Celta - La Liga Santander
FC Barcelona v RC Celta - La Liga Santander / David Ramos/GettyImages
facebooktwitterreddit

2021ലെ ഗോൾഡൻ ബോയ് പുരസ്‌കാരം ബാഴ്‌സലോണ മധ്യനിര താരമായ പെഡ്രിക്ക്. കഴിഞ്ഞ സീസണിൽ ക്ലബിനും രാജ്യത്തിനും വേണ്ടി നടത്തിയ മികച്ച പ്രകടനമാണ് പതിനെട്ടുകാരനായ താരത്തെ അവാർഡിന് അർഹനാക്കിയത്. കഴിഞ്ഞ സീസണിൽ ഒരേയൊരു മത്സരം മാത്രം ബാഴ്‌സ ജേഴ്‌സിയിൽ നഷ്‌ടമാക്കി ബാക്കിയെല്ലാ കളികൾക്കും കളത്തിലുണ്ടായിരുന്ന പെഡ്രി അതിനു പിന്നാലെ യൂറോ, ഒളിമ്പിക്‌സ് ടൂർണമെന്റുകളിൽ സ്പെയിനു വേണ്ടിയും കളിച്ചിരുന്നു.

ബാഴ്‌സലോണക്കു വേണ്ടി കഴിഞ്ഞ സീസണിൽ കോപ്പ ഡെൽ റേ കിരീടം സ്വന്തമാക്കിയ പെഡ്രി അതിനു ശേഷം സ്പെയിൻ ടീമിനൊപ്പം യൂറോ കപ്പ് സെമി ഫൈനലിൽ എത്തിയിരുന്നു. അതിനു പിന്നാലെ നടന്ന ഒളിമ്പിക്‌സിന്റെ ഫൈനലിലും എത്തിയ താരത്തിനു പക്ഷെ കിരീടം നേടാനായില്ല. ഫൈനലിൽ സ്പെയിൻ ബ്രസീലിനോട് കീഴടങ്ങുകയായിരുന്നു.

കഴിഞ്ഞ വർഷം എർലിങ് ഹാലാൻഡ് സ്വന്തമാക്കിയ പുരസ്‌കാരം വിജയിക്കാൻ പെഡ്രി പൂർണമായും അർഹനാണെന്ന് പുരസ്‌കാരം നൽകുന്ന ടുട്ടോസ്പോർട്ടിന്റെ സാവിയർ ജാക്കോബെല്ലി പറഞ്ഞു. ബൊറൂസിയ ഡോർട്മുണ്ടിന്റെ ജൂഡ് ബെല്ലിങ്‌ഹാമിനെയാണ് പെഡ്രി പുരസ്‌കാരനേട്ടത്തിൽ പിന്നിലാക്കിയത്. ഒന്നാം സ്ഥാനക്കാരനും രണ്ടാം സ്ഥാനക്കാരനും തമ്മിലുള്ള പോയിന്റ് വ്യത്യാസം ഗോൾഡൻ ബോയ് അവാർഡ് ചരിത്രത്തിലെ ഏറ്റവും ഉയർന്നതാണെന്ന പ്രത്യേകത കൂടിയുണ്ട്.

318 പോയിന്റുകൾ പെഡ്രി നേടിയപ്പോൾ ബെല്ലിങ്ങ്ഹാം 119 പോയിന്റാണ് സ്വന്തമാക്കിയത്. പുരസ്‌കാരം നേടിയതിൽ വളരെ അഭിമാനം തോന്നുന്നുണ്ടെന്നു പറഞ്ഞ പെഡ്രി ടുട്ടോസ്പോർട്ടിനു തന്റെ നന്ദി അറിയിക്കുകയും ചെയ്‌തു. 2021 തന്നെ സംബന്ധിച്ച് മികച്ച വർഷങ്ങളിൽ ഒന്നായിരുന്നുവെന്നു പറഞ്ഞ താരം ബാഴ്‌സലോണക്കും സ്പെയിൻ ടീമിനും തന്റെ കൃതജ്ഞത രേഖപ്പെടുത്തി.

facebooktwitterreddit