Football in Malayalam

ബാഴ്‌സലോണയുമായി കരാർ പുതുക്കാതെ ഗാവി, താരത്തിന്റെ ഏജന്റ് റയൽ മാഡ്രിഡ് ഓഫീസിൽ

Sreejith N
FC Barcelona v Athletic Club - La Liga Santander
FC Barcelona v Athletic Club - La Liga Santander / Eric Alonso/GettyImages
facebooktwitterreddit

ഈ സീസണിൽ ബാഴ്‌സലോണ ബി ടീമിൽ നിന്നും സീനിയർ ടീമിലിടം നേടി യൂറോപ്പിന്റെ ശ്രദ്ധ പിടിച്ചു പറ്റിയ യുവതാരമാണ് ഗാവി. സാവിയുടെ ബാഴ്‌സലോണ ടീമിലെ സ്ഥിരസാന്നിധ്യമായി മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കിലും 2023ൽ നിലവിലെ കരാർ അവസാനിക്കുന്ന താരം അതു പുതുക്കാൻ തയ്യാറാകാത്തത് ബാഴ്‌സലോണക്ക് ആശങ്കയാണ്. അതിനിടയിൽ ഗാവിയുടെ ഏജന്റിനെ റയൽ മാഡ്രിഡിന്റെ ഓഫീസുകളിൽ കണ്ടെന്ന റിപ്പോർട്ടുകളും വന്നുകൊണ്ടിരിക്കുന്നു.

മാർക്കയുടെ റിപ്പോർട്ടുകൾ പ്രകാരം ഗാവിയുടെ ഏജന്റായ ഇവാൻ ഡി ലാ പെനയെയാണ് റയലിന്റെ വാൽഡബെബാസിലുള്ള ഓഫീസിൽ ഏതാനും ദിവസങ്ങൾക്കു മുൻപ് കണ്ടത്, ഇത് പതിനേഴു വയസു മാത്രമുള്ള താരത്തിൽ റയൽ മാഡ്രിഡിനു താൽപര്യമുണ്ടെന്ന് തരത്തിലുള്ള അഭ്യൂഹങ്ങൾക്ക് കാരണമായെങ്കിലും റയൽ മാഡ്രിഡ് ബി ടീമിലെ മധ്യനിരതാരമായ മാർക് കുകാലോണിന്റെ കരാർ പുതുക്കുന്ന ചർച്ചകൾക്കു വേണ്ടിയാണ് അദ്ദേഹമെത്തിയതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

റയൽ മാഡ്രിഡിൽ ചേരുന്നതിന്റെ അടുത്തെത്തിയിട്ടും കുടുംബം തിരഞ്ഞെടുത്തതു പ്രകാരം ബാഴ്‌സലോണയിലേക്ക് ചേക്കേറിയ താരമായിരുന്നു ഇവാൻ ഡി ലാ പെന. ഗാവിയും റയൽ മാഡ്രിഡിനെ തഴഞ്ഞ് ബാഴ്‌സലോണ ബി ടീമിലേക്ക് ചേക്കേറിയ താരങ്ങളിൽ ഒരാളാണ്. ബാഴ്‌സലോണ ബി ടീമിൽ നിന്നും ഈ സീസണിൽ സീനിയർ ടീമിലേക്ക് വന്ന നിക്കോ ഗോൺസാൽവസും റയലിന്റെ വിളി അവഗണിച്ച് ബാഴ്‌സലോണയിൽ കളിക്കാനുള്ള താൽപര്യം വ്യക്തമാക്കിയ താരമാണ്.

ബാഴ്‌സലോണ പ്രസിഡന്റ് യോൻ ലപോർട്ടയും റയൽ മാഡ്രിഡ് പ്രസിഡന്റ് ഫ്ലോറന്റീനോ പെരസും തമ്മിൽ ഉണ്ടാക്കിയ അനൗദ്യോഗിക ഉടമ്പടി പ്രകാരം ഇരുടീമുകളുടെയും താരങ്ങളെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ നടത്തില്ലെന്ന ധാരണയുണ്ട്. അതിനാൽ ഗാവിയെ റയൽ മാഡ്രിഡ് സ്വന്തമാക്കാനുള്ള സാധ്യതയില്ലെങ്കിലും കരാർ പുതുക്കാതെ തുടരുന്ന താരത്തിൽ യൂറോപ്പിലെ മറ്റു നിരവധി ക്ലബുകൾക്ക് താത്പര്യമുള്ളത് ബാഴ്‌സലോണക്ക് ഭീഷണിയാണ്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit