ജനുവരിയിൽ ബാഴ്സലോണ പുതിയ താരങ്ങളെ സ്വന്തമാക്കുന്ന കാര്യം സംശയത്തിൽ; സൂചനകൾ പുറത്ത് വിട്ട് ക്ലബ്ബ് സിഇഓ

നിലവിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി യിലൂടെയാണ് കടന്നു പോകുന്നതെങ്കിലും ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ചില പുതിയ സൈനിംഗുകൾ നടത്തി ടീമിനെ ശക്തിപ്പെടുത്താനുള്ള പദ്ധതികൾ ബാഴ്സലോണക്കുണ്ട്. വിന്റർ ട്രാൻസ്ഫർ ജാലകത്തിൽ തങ്ങൾ മൂന്ന് കളികാരെ ടീമിലെത്തിച്ചേക്കുമെന്ന് നേരത്തെ ബാഴ്സലോണ പ്രസിഡന്റ് ജോവൻ ലപ്പോർട്ട വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇത് കൊണ്ടു തന്നെ ജനുവരിയിൽ ക്ലബ്ബിൽ ചില മാറ്റങ്ങൾ വരുമെന്ന പ്രതീക്ഷയിലായിരുന്നു കറ്റാലൻ ക്ലബ്ബിന്റെ ആരാധകർ.
കഴിഞ്ഞ ദിവസം ഡാനി ആൽവസിനെ ക്ലബ്ബിന്റെ ആരാധകർക്ക് മുന്നിൽ അവതരിപ്പിച്ചതിന് ശേഷം സംസാരിക്കവെ ജനുവരിയിൽ ബാഴ്സലോണ പുതിയ കളികാരെ സ്വന്തമാക്കാനുള്ള സാധ്യതയെക്കുറിച്ചുള്ള ചോദ്യം ക്ലബ്ബ് സി ഇ ഓ ആയ മാത്യു അലെമാനിക്ക് നേരിടേണ്ടിവന്നു. നിലവിലെ സാഹചര്യത്തിൽ ജനുവരിയിൽ ക്ലബ്ബ് പുതിയ സൈനിംഗുകൾ നടത്താനുള്ള സാധ്യതയില്ലെന്ന് ഇതിന് മറുപടി നൽകിയ അദ്ദേഹം, അക്കാര്യം നമുക്ക് കണ്ടറിയാമെന്നും ചൂണ്ടിക്കാട്ടി.
"Right now there is no chance [of signing]; on Jan 1, we'll see," says Barcelona CEO Mateu Alemany.
— Sid Lowe (@sidlowe) November 17, 2021
"ജനുവരിയിൽ സൈനിംഗുകളുണ്ടാകുമോയെന്ന് നമുക്ക് നോക്കാം. ഇനിയും ഒന്നരമാസത്തോളം സമയമുണ്ട് (ജനുവരി ട്രാൻസ്ഫർ ജാലകത്തിലേക്ക്). ഞങ്ങൾ വ്യത്യസ്ത സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്നു. ജനുവരിയിൽ ടീം സൈനിംഗുകൾ നടത്താനുള്ള സാധ്യത നിലവിലില്ല. ഒന്നാം തീയതി നമുക്ക് നോക്കാം." ബാഴ്സലോണയുടെ സി ഇ ഓ ആയ മാത്യു അലെമാനി വ്യക്തമാക്കി.
ബാഴ്സലോണയുടെ പുതിയ പരിശീലകനായി ചുമതലയേറ്റ സാവി ഹെർണാണ്ടസിനേയും, അദ്ദേഹത്തിന്റെ പരിശീലക സ്റ്റാഫിനേയും രെജിസ്റ്റർ ചെയ്യുന്നതിൽ പ്രശ്നമൊന്നുമില്ലെന്നും സംസാരത്തിനിടെ അലെമാനി സ്ഥിരീകരിച്ചു. എന്നാൽ അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷം ക്ലബ്ബിലേക്ക് തിരിച്ചെത്തിയ ബ്രസീലിയൻ താരം ഡാനി ആൽവസിനെ ജനുവരിയിൽ മാത്രമേ ക്ലബ്ബിന് രെജിസ്റ്റർ ചെയ്യാനാകൂ.