Football in Malayalam

ഗ്രീസ്‌മാനെയും കുട്ടീന്യോയെയും കൂമാനു നിലനിർത്തണം, ബാഴ്‌സലോണ നേതൃത്വത്തിനു മുന്നിൽ പുതിയ പ്രതിസന്ധി

Sreejith N
FC Barcelona v C.A. Osasuna - La Liga Santander
FC Barcelona v C.A. Osasuna - La Liga Santander / David Ramos/Getty Images
facebooktwitterreddit

സമ്മർ ട്രാൻസ്‌ഫർ ജാലകം ബാഴ്‌സലോണയെ സംബന്ധിച്ച് അതീവ സങ്കീർണതകളുടേതു കൂടിയാണ്. വേതനബിൽ വളരെയധികം ഉയർന്നതു കൊണ്ട് കരാർ അവസാനിച്ച ലയണൽ മെസിക്ക് പുതിയ കരാർ നൽകാൻ ഇതുവരെയും ക്ലബിനു കഴിഞ്ഞിട്ടില്ല. ഇതിനു പുറമെ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ക്ളബിലെത്തിയ നാലു താരങ്ങളെ ഇതുവരെയും അടുത്ത സീസണിലേക്കുള്ള ടീമിന്റെ ഭാഗമാക്കി മാറ്റാനും ബാഴ്‌സക്കായില്ല.

വേതനബില്ലുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു വേണ്ടി ബാഴ്‌സലോണ ഒഴിവാക്കാൻ ശ്രമിച്ച താരങ്ങളിൽ പ്രധാനപ്പെട്ടവർ അന്റോയിൻ ഗ്രീസ്‌മാനും ഫിലിപ്പെ കുട്ടീന്യോയുമായിരുന്നു. എന്നാൽ ഈ രണ്ടു താരങ്ങളെയും വിൽക്കാൻ ബാഴ്‌സലോണക്ക് താത്പര്യമില്ലെന്നാണ് മുണ്ടോ ഡിപോർറ്റീവോയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നത്. വളരെ മികച്ചൊരു ഓഫർ ലഭിച്ചാൽ മാത്രമേ ഇരുവരെയും വിൽക്കുന്ന കാര്യം ബാഴ്‌സ പരിഗണിക്കൂവെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഈ രണ്ടു താരങ്ങളിലും ബാഴ്‌സലോണ പരിശീലകനായ കൂമാന് വളരെയധികം താൽപര്യമുണ്ടെന്നും അവർ അടുത്ത സീസണിൽ മികച്ച പ്രകടനം നടത്തുമെന്ന് കരുതുന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ രണ്ടു സീസണുകളിൽ പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയരാൻ കഴിഞ്ഞില്ലെങ്കിലും പുതിയ സീസണു വേണ്ടി വളരെയധികം ആത്മവിശ്വാസത്തോടെയാണ് ഗ്രീസ്‌മൻ എത്തിയിരിക്കുന്നത്. ട്രെയിനിങ്ങിലെല്ലാം മികച്ചു നിൽക്കുന്ന താരം ജിറോണക്കെതിരായ പ്രീ സീസൺ മത്സരത്തിൽ മെംഫിസിനു പെനാൽറ്റി നൽകിയതും കൂമാനെ സ്വാധീനിച്ചിട്ടുണ്ട്.

അതേസമയം ഫിലിപ്പെ കുട്ടീന്യോ പരിക്കു മാറി വരുന്ന സീസണിൽ പൂർണമായും ഫോമിലേക്കുയരുമെന്നും കൂമാൻ പ്രതീക്ഷിക്കുന്നു. കഴിഞ്ഞ സീസണിന്റെ തുടക്കത്തിൽ കൂമാന്റെ ടീമിൽ അവസരം ലഭിച്ചിരുന്ന താരത്തിന് പരിക്കാണ് തിരിച്ചടിയായത്. പരിക്കിൽ നിന്നും മോചിതനാവുന്നതിന്റെ അവസാന ഘട്ടത്തിലുള്ള താരം പ്രീ സീസൺ മത്സരങ്ങൾ അവസാനിക്കുമ്പോൾ ടീമിനൊപ്പം ചേരുമെന്നാണ് റിപ്പോർട്ടുകൾ.

എന്നാൽ ഈ താരങ്ങളെ ഒഴിവാക്കിയില്ലെങ്കിൽ ബാഴ്‌സലോണ നിലവിലെ വേതനബില്ലിനെ എങ്ങിനെ മറികടക്കുമെന്നത് ഇപ്പോഴും ചോദ്യചിഹ്നമാണ്. ഇവർക്ക് പുറമെ ഉംറ്റിറ്റി, ലെങ്ലെറ്റ്, പ്യാനിച്ച് തുടങ്ങി നിരവധി താരങ്ങൾ ഒഴിവാക്കാനുള്ളവരുടെ പട്ടികയിലുണ്ടെങ്കിലും ഇവരുടെ ട്രാൻസ്‌ഫറിന്റെ കാര്യത്തിൽ യാതൊരു പുരോഗമനവും ഇതുവരെ ഉണ്ടായിട്ടില്ല.

facebooktwitterreddit