ബാഴ്സലോണക്ക് ഈ സീസണിൽ ചിലവഴിക്കാൻ കഴിയുന്ന തുക റയൽ മാഡ്രിഡിനെക്കാൾ എട്ടു മടങ്ങോളം കുറവ്


ടീമിലേക്കു വേണ്ട താരങ്ങളെ സ്വന്തമാക്കാനുള്ള തുകയും അവർക്കു നൽകേണ്ടുന്ന പ്രതിഫലവുമായി ബാഴ്സലോണയ്ക്ക് ഈ സീസണിൽ ചിലവഴിക്കാൻ കഴിയുന്ന തുക റയൽ മാഡ്രിഡിനെ അപേക്ഷിച്ച് എട്ടു മടങ്ങോളം കുറവ്. ലാ ലിഗ തന്നെ പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കോവിഡ് മഹാമാരി ബാഴ്സലോണക്കു വരുത്തിയ കനത്ത സാമ്പത്തിക ആഘാതമാണ് ക്ലബുകളുടെ വരുമാനവും നഷ്ടവും കണക്കാക്കി നിശ്ചയിക്കുന്ന ഈ തുക ഇത്രയധികം കുറയാൻ കാരണമായത്.
ഈ വർഷത്തിന്റെ തുടക്കത്തിൽ തന്നെ 481 മില്യൺ യൂറോയുടെ നഷ്ടം ബാഴ്സലോണക്ക് കണക്കാക്കപ്പെട്ടപ്പോൾ അവർക്കു ചിലവഴിക്കാൻ കഴിയുന്ന തുകയായി ലാ ലിഗ തീരുമാനിച്ചത് വെറും 98 മില്യൺ യൂറോയാണ്. കഴിഞ്ഞ സീസണിൽ 347 മില്യൺ യൂറോ ചിലവഴിക്കാൻ കഴിയുമെന്ന അവസ്ഥയിൽ നിന്നാണ് അതിന്റെ മൂന്നു മടങ്ങോളം കുറയുന്ന അവസ്ഥയിലേക്ക് കാറ്റലൻ ക്ലബ് എത്തിയത്.
NEWS | #RMCF have been presented with a salary cap increase of €270 million in the La Liga 2021-22 spending limits.#FCB however, have seen their limit reduced by €280 million amid their recent financial woes.
— The Athletic UK (@TheAthleticUK) September 29, 2021
More from @bosherL https://t.co/j7SReA9SKG
അതേസമയം റയൽ മാഡ്രിഡ് ലാ ലിഗയിലെ തന്നെ ഏറ്റവും വലിയ സാലറി ലിമിറ്റുള്ള ടീമായി മാറി ഇക്കാര്യത്തിൽ തങ്ങളുടെ കാര്യക്ഷമത തെളിയിക്കുകയുണ്ടായി. കഴിഞ്ഞ സീസണിലെ 470 മില്യൺ യൂറോയെന്ന സാലറി ലിമിറ്റിൽ ഇത്തവണ വലിയ വർധനവുണ്ടാക്കിയ റയൽ മാഡ്രിഡിന് 740 മില്യൺ യൂറോ വരെ ഈ സീസണിൽ ചിലവഴിക്കാൻ കഴിയും. റയൽ നേതൃത്വത്തിന്റെ കൃത്യമായ സാമ്പത്തിക പദ്ധതികളാണ് ഈ നേട്ടമുണ്ടാക്കാൻ അവരെ സഹായിച്ചത്.
ലാ ലിഗയിലെ മുൻനിര ടീമാണെങ്കിലും സാലറി ലിമിറ്റിൽ ഏഴാം സ്ഥാനത്താണ് ബാഴ്സലോണയുള്ളത്. റയൽ മാഡ്രിഡ്, സെവിയ്യ, അത്ലറ്റികോ മാഡ്രിഡ്, വിയ്യാറയൽ, റയൽ സോസിഡാഡ്, അത്ലറ്റിക് ബിൽബാവോ എന്നീ സ്പാനിഷ് ക്ലബുകൾക്കെല്ലാം ബാഴ്സലോണയെക്കാൾ തുക ഈ സീസണിൽ ചിലവഴിക്കാൻ കഴിയും. ലയണൽ മെസി, അന്റോയിൻ ഗ്രീസ്മൻ എന്നിവരെ ഒഴിവാക്കാനുള്ള ക്ലബിന്റെ തീരുമാനത്തിനു പിന്നിലെ കാരണവും മറ്റൊന്നല്ല.
ഈ പ്രതിസന്ധിയെ ബാഴ്സലോണ എങ്ങിനെ മറികടക്കും എന്നതാണ് ക്ലബ് പ്രസിഡന്റായ ലപോർട്ടയുടെ മുന്നിലുള്ള പ്രധാന വെല്ലുവിളി. അതേസമയം പ്രധാന എതിരാളിയായ റയൽ മാഡ്രിഡ് അപ്പുറത്ത് കൂടുതൽ കരുത്തരാവുകയാണ് ചെയ്തിരിക്കുന്നത്. നിലവിലുള്ളതു പോലെ മുന്നോട്ടു പോവുകയാണെങ്കിൽ അടുത്ത സമ്മറിൽ കെയ്ലിയൻ എംബാപ്പ, എർലിങ് ഹാലാൻഡ് എന്നിവരെ ഒരുമിച്ചു സ്വന്തമാക്കാൻ ടീമിന് കഴിയുമെന്നുറപ്പാണ്.