പോൾ പോഗ്ബയെ വാഗ്ദാനം ചെയ്യപ്പെട്ടെങ്കിലും, താരത്തെ സ്വന്തമാക്കുക ബാഴ്സലോണക്ക് അസാധ്യം

അടുത്ത വർഷം ഫ്രീ ഏജന്റ് ആകുന്ന ഫ്രഞ്ച് സൂപ്പർ താരം പോൾ പോഗ്ബയെ സൈൻ ചെയ്യാൻ ബാഴ്സലോണക്ക് താത്പര്യം ഉണ്ടെന്ന അഭ്യൂഹങ്ങൾക്കിടെ, സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സ്പാനിഷ് വമ്പന്മാർക്ക് ഇപ്പോഴത്തെ അവസ്ഥയിൽ താരത്തെ സ്വന്തമാക്കുക അസാധ്യമെന്ന് റിപോർട്ടുകൾ.
വരുന്ന ജൂലൈയിൽ മാഞ്ചസ്റ്റർ യുണൈറ്റഡുമായി കരാർ അവസാനിക്കുന്ന പോഗ്ബ, ഇതുവരയും അത് പുതുക്കാൻ തയ്യാറായിട്ടില്ല. തന്റെ ഭാവി സംബന്ധിച്ച് താരം ഒരു അന്തിമ തീരുമാനം ഇത് വരെ എടുത്തിട്ടില്ല എന്നാണ് പുറത്ത് വരുന്ന റിപോർട്ടുകൾ വ്യക്തമാക്കുന്നത്.
നിലവിലെ സാഹചര്യത്തിൽ ഈ സീസണിന് ശേഷം ഫ്രീ ഏജന്റ് ആകുന്ന പോഗ്ബയുമായി ജനുവരിയിൽ മറ്റു ക്ലബ്ബുകൾക്ക് ചർച്ചകൾ ആരംഭിക്കാനും, പ്രീ കോൺട്രാക്ടിലൂടെ താരത്തെ സ്വന്തമാക്കാൻ സാധിക്കുന്നതാണ്.
പോഗ്ബയിൽ ബാഴ്സലോണക്ക് താല്പര്യമുണ്ടെങ്കിലും താരത്തെ സ്വന്തമാക്കുക സാധ്യമല്ലെന്നാണ് കാറ്റലൻ ക്ലബ് കരുതുന്നതെന്നാണ് സ്പാനിഷ് മാധ്യമമായ സ്പോർട് റിപ്പോർട്ട് ചെയ്യുന്നത്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബാഴ്സലോണക്ക് പോഗ്ബ മാഞ്ചസ്റ്ററിൽ നേടുന്നതിന് സമാനമായ പ്രതിഫലം വാഗ്ദാനം ചെയ്യാൻ കഴിയില്ല. അതിനാൽ, താരത്തെ സ്വന്തമാക്കാനുള്ള ബാഴ്സയുടെ സാധ്യതകൾ വളരെ കുറവാണ്.