ഹാലൻഡിനെ സ്വന്തമാക്കാൻ ബാഴ്സലോണ മുന്നോട്ടു വെക്കുന്ന വാഗ്ദാനങ്ങൾ ഇവയാണ്


സമ്മർ ട്രാൻസ്ഫർ ജാലകം ആരംഭിക്കാൻ മാസങ്ങൾ ഇനിയും ബാക്കി നിൽക്കെ തന്നെ ബൊറൂസിയ ഡോർട്മുണ്ട് താരമായ എർലിങ് ബ്രൂട് ഹാലൻഡിനെ സംബന്ധിച്ചുള്ള ട്രാൻസ്ഫർ അഭ്യൂഹങ്ങൾ വളരെയധികം ശക്തി പ്രാപിച്ചിട്ടുണ്ട്. നിലവിൽ റയൽ മാഡ്രിഡ്, പിഎസ്ജി, മാഞ്ചസ്റ്റർ സിറ്റി എന്നിവർ സജീവമായി ശ്രമം നടത്തുന്ന താരം സാമ്പത്തിക പ്രതിസന്ധിയിലുള്ള ബാഴ്സലോണയുടെയും പ്രധാന ട്രാൻസ്ഫർ ലക്ഷ്യമാണ്.
നിലവിലെ സാഹചര്യത്തിൽ മറ്റു ക്ലബുകളോട് സാമ്പത്തികമായി മത്സരിക്കാനുള്ള ശേഷി ബാഴ്സലോണക്കില്ലെങ്കിലും നോർവേ താരത്തെ സ്വന്തമാക്കാൻ കഴിയുമെന്ന ഉറച്ച പ്രതീക്ഷയോടെയാണ് അവർ മുന്നോട്ടു പോകുന്നത്. മറ്റുള്ള ടീമുകളെ മറികടന്ന് താരം തങ്ങളെ തിരഞ്ഞെടുക്കാൻ നിരവധി ഓഫറുകളും ബാഴ്സലോണ മുന്നോട്ടു വെക്കുന്നു.
The plan to seduce Erling Haaland https://t.co/iJJFczcZB5
— SPORT English (@Sport_EN) February 18, 2022
കാറ്റലൻ മാധ്യമമായ സ്പോർട്ടിന്റെ റിപ്പോർട്ടുകൾ പ്രകാരം ഹാലൻഡിനെ സ്വന്തമാക്കാൻ ബാഴ്സലോണ മുന്നോട്ടു വെക്കുന്ന പ്രധാനപ്പെട്ട ഓഫർ തങ്ങളുടെ സ്പോർട്ടിങ് പ്രൊജക്റ്റിലെ ഏറ്റവും പ്രധാനപ്പെട്ട കളിക്കാരനായി താരത്തെ മാറ്റാമെന്നാണ്. ഗാവി, പെഡ്രി, ഫെറൻ ടോറസ്, നിക്കോ, അറോഹോ തുടങ്ങിയ സമപ്രായക്കാരായ, പ്രതിഭയുള്ള താരങ്ങൾക്കൊപ്പം ബാഴ്സയിൽ നിരവധി വർഷങ്ങൾ ഹാലൻഡിനു ഒരുമിച്ചു മുന്നോട്ടു പോകാൻ കഴിയും.
മറ്റൊരു ക്ലബിലേക്കും പോയാൽ ഈ പ്രാധാന്യം ലഭിക്കില്ലെന്നതു കൊണ്ട് താരം അതു പരിഗണിക്കുമെന്നാണ് ബാഴ്സലോണ കണക്കു കൂട്ടുന്നത്. ഇതിനു പുറമെ തങ്ങളുടെ ഡിജിറ്റൽ ആൻഡ് മാർക്കറ്റിങ് മേഖലയും താരത്തെ കേന്ദ്രീകരിച്ചാവും മുന്നോട്ടു പോവുകയെന്ന വാഗ്ദാനവും ബാഴ്സലോണ നൽകുന്നുണ്ട്. ഇതുവഴി ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്ലബുകളിൽ ഒന്നായ ബാഴ്സയിലൂടെ താരത്തിന്റെ ഇമേജ് കൂടുതൽ വർധിക്കും.
അതേസമയം പ്രതിഫലത്തിന്റെ കാര്യത്തിൽ മാത്രം ബാഴ്സ താരത്തിന് ഓഫർ ചെയ്യുന്നത് അത്ര വലിയ തുകയല്ല. സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്നതിനാൽ തന്നെ ഒരു സീസണിൽ ഇരുപതു മില്യനെന്ന നിലയിൽ അഞ്ചു സീസണിലേക്ക് നൂറു മില്യൺ യൂറോയാണ് ബാഴ്സലോണയുടെ വാഗ്ദാനം. ബാഴ്സലോണ സാമ്പത്തികമായ കരുത്ത് വീണ്ടെടുത്താൽ ഇതിൽ ഗണ്യമായ ഉയർച്ചയുണ്ടാവുകയും ചെയ്യും.
ഇതിനു പുറമെ ഹാലൻഡ് ബാലൺ ഡി ഓർ നേടാനുള്ള സാധ്യതയും ബാഴ്സലോണ എടുത്തു കാണിക്കുന്നുണ്ട്. മെസി ബാഴ്സക്കൊപ്പം ഏഴു തവണ ബാലൺ ഡി ഓർ നേടിയതിനു പുറമെ ക്ലബിനൊപ്പം കളിച്ചിട്ടുള്ള താരങ്ങളായ റൊണാൾഡീന്യോ, റൊണാൾഡോ, റിവാൾഡോ, സ്റ്റോയ്ക്കോവ് എന്നിവരും ബാലൺ ഡി ഓർ സ്വന്തമാക്കിയതു ചൂണ്ടിക്കാട്ടിയാണ് ഹാലൻഡിനെ ടീമിന്റെ ഭാഗമാക്കാനുള്ള ശ്രമങ്ങൾ ബാഴ്സ നടത്തുന്നത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.