Football in Malayalam

ലാ ലിഗയുടെ വിധി തീരുമാനിക്കുക ബാഴ്‌സലോണ, ഇനിയുള്ള മത്സരങ്ങളിങ്ങനെ

Sreejith N
Athletic Club v FC Barcelona - Copa del Rey Final
Athletic Club v FC Barcelona - Copa del Rey Final / BSR Agency/Getty Images
facebooktwitterreddit

ചാമ്പ്യൻസ് ലീഗിൽ നിന്നുള്ള പുറത്താവലും എൽ ക്ലാസിക്കോ പരാജയവുമെല്ലാം നൽകിയ ക്ഷീണം മാറ്റാൻ കോപ്പ ഡെൽ റേ ഫൈനൽ വിജയം ബാഴ്‌സലോണയെ സഹായിച്ചിട്ടുണ്ട്. പന്ത്രണ്ടു മിനുറ്റിനിടെ നാല് ഗോളുകൾ നേടി അത്‌ലറ്റിക് ബിൽബാവോയെ തകർത്ത് കോപ്പ ഡെൽ റേ കിരീടം ചൂടിയത് ബാഴ്‌സലോണ താരങ്ങളുടെ ആത്മവിശ്വാസം കുറച്ചൊന്നുമല്ല വർധിപ്പിച്ചിരിക്കുന്നത്. ഇനിയുള്ള മത്സരങ്ങളിൽ ഇതേ നിലവാരത്തിലുള്ള പ്രകടനം കാത്തു സൂക്ഷിക്കാനായാൽ ലാ ലിഗ കിരീടം കൂടി ബാഴ്‌സക്ക് സ്വന്തമാക്കാൻ കഴിയും.

മറ്റൊരു തരത്തിൽ പറഞ്ഞാൽ ഇത്തവണത്തെ ലാ ലിഗ കിരീടം ആർക്കാണെന്നു വിധിയെഴുതാൻ കഴിയുകയും ബാഴ്‌സലോണക്കാണ്‌. ലീഗിൽ ഇനി കളിക്കാൻ ബാക്കിയുള്ള എട്ടു മത്സരങ്ങളിലും വിജയം നേടാൻ കഴിഞ്ഞാൽ കിരീടം ബാഴ്‌സയുടെ കയ്യിലിരിക്കും. അതേസമയം അത്ലറ്റികോ മാഡ്രിഡിനെ ബാഴ്‌സലോണ തോൽപ്പിച്ച് ബാക്കിയുള്ള മറ്റേതെങ്കിലും മത്സരത്തിൽ പോയിന്റ് നഷ്ടപ്പെടുത്തുകയും റയൽ ഇനിയുള്ള മത്സരങ്ങളെല്ലാം വിജയിക്കുകയും ചെയ്‌താൽ കിരീടം റയലിന് സ്വന്തമാകും. ബാഴ്‌സയോടുള്ളതുൾപ്പെടെ ബാക്കിയുള്ള മത്സരങ്ങൾ അത്ലറ്റികോ മാഡ്രിഡ് വിജയിച്ചാൽ അവർക്കായിരിക്കും ലീഗ് കിരീടം.

നിലവിൽ മുപ്പത്തിരണ്ട് മത്സരങ്ങളിൽ നിന്നും എഴുപതു പോയിന്റുമായി റയൽ മാഡ്രിഡ് ഒന്നാം സ്ഥാനത്ത് നിൽക്കുമ്പോൾ ഒരു മത്സരം കുറച്ചു കളിച്ച് അതെ പോയിന്റുമായി അത്ലറ്റികോ മാഡ്രിഡ് രണ്ടാമതാണ്. മുപ്പത്തിരണ്ട് മത്സരങ്ങളിൽ നിന്നും 67 പോയിന്റുള്ള സെവിയ്യ മൂന്നാമത് നിൽക്കുമ്പോൾ രണ്ടു മത്സരങ്ങൾ കുറവു കളിച്ച ബാഴ്‌സലോണക്ക് 65 പോയിന്റാണുള്ളത്. അതുകൊണ്ടു തന്നെ ഇനിയുള്ള എല്ലാ മത്സരങ്ങളിലും വിജയം നേടാനായാൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തു നിൽക്കുക ബാഴ്‌സയായിരിക്കും.

ഗെറ്റാഫെ, വിയ്യാറയൽ, ഗ്രനാഡ, വലൻസിയ, അത്ലറ്റികോ മാഡ്രിഡ്, ലെവാന്റെ, സെൽറ്റ വീഗൊ, ഐബാർ എന്നീ ടീമുകൾക്കെതിരെയാണ് ബാഴ്‌സലോണയുടെ ഇനിയുള്ള മത്സരങ്ങൾ. അതിൽ വിയ്യാറയൽ, വലൻസിയ, ലെവാന്റെ, ഐബാർ എന്നിവർക്കൊഴികെയുള്ള മത്സരമൊഴികെ ബാക്കി നാലെണ്ണവും ബാഴ്‌സയുടെ മൈതാനത്താണ് നടക്കുന്നത്. ഇതിൽ ലീഗിൽ ഒന്നാമതുള്ള അത്ലറ്റികോ മാഡ്രിഡ്, ആറാം സ്ഥാനത്തുള്ള വിയ്യാറയൽ, ഒൻപതാം സ്ഥാനത്തുള്ള ഗ്രാനഡ എന്നിവർക്കെതിരെയുള്ള മത്സരങ്ങളിലെ വെല്ലുവിളികളെയാണ് ബാഴ്‌സ ശ്രദ്ധിക്കേണ്ടത്.

റയലിനെതിരെയുള്ള മത്സരം മാറ്റി നിർത്തിയാൽ ഈ വർഷം പിറന്നതിനു ശേഷം സ്പെയിനിൽ മികച്ച ഫോമിൽ കളിക്കുന്ന ബാഴ്‌സലോണക്ക് ഈ ടീമുകളെ മുഴുവൻ മറികടക്കാനുള്ള കരുത്തുണ്ട്. ഇനി ലാ ലീഗയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാൽ മതിയെന്നതു കൊണ്ടുതന്നെ അത്ലറ്റികോ ബിൽബാവോക്കെതീരെ നടന്ന ഫൈനലിലെ ആവേശവും ഉത്തേജനവും നിലനിർത്താൻ കഴിഞ്ഞാൽ ആദ്യ സീസണിൽ തന്നെ രണ്ടാമത്തെ കിരീടം സ്വന്തമാക്കാൻ കൂമാനു കഴിയും.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി 90Min മലയാളത്തെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യൂ.

facebooktwitterreddit