ഡാനി ആൽവസിനെ തിരികെയെത്തിക്കാനുള്ള സാധ്യതകൾ തള്ളി ബാഴ്സലോണ


ബ്രസീലിയൻ താരം ഡാനി ആൽവസ് ക്ലബ്ബിലേക്ക് തിരികെ വരാനുള്ള സാധ്യതകൾ ബാഴ്സലോണ തള്ളിക്കളഞ്ഞുവെന്ന് റിപ്പോർട്ടുകൾ. ഡാനി ആൽവസുമായി ഈയാഴ്ച ബാഴ്സലോണ നേതൃത്വം ചർച്ചകൾ ആരംഭിക്കുമെന്ന അഭ്യൂഹങ്ങൾ ബ്രസീലിയൻ മാധ്യമം യുഒഎൽ എസ്പോർട്ടെ പുറത്തുവിട്ടിരുന്നെങ്കിലും നിലവിലെ സാഹചര്യത്തിൽ ഒരു കളിക്കാരനെന്ന നിലയിൽ ഡാനിയെ തിരികെയെത്തിക്കാൻ ബാഴ്സക്ക് താൽപര്യമില്ലെന്ന് മാർക്കയാണ് പുറത്തു വിട്ടത്.
2008 മുതൽ 2016 വരെ ബാഴ്സലോണക്കു വേണ്ടി കളിച്ചിട്ടുള്ള ഡാനി ആൽവസ് അവസാനം കളിച്ച ബ്രസീലിയൻ ക്ലബായ സാവോ പോളോ വിട്ടതിനു ശേഷം ഫ്രീ ഏജന്റാണ്. ഇതിനിടയിൽ ബാഴ്സലോണയിലേക്ക് തിരിച്ചെത്താനുള്ള സന്നദ്ധത അദ്ദേഹം അറിയിക്കുകയും ചെയ്തിരുന്നു. തന്റെ കരിയറിന്റെ അവസാന കാലഘട്ടം വളരെ സന്തോഷത്തോടെ ചെലവഴിക്കാൻ ശ്രമിക്കുന്ന ആൽവസ് അതിനു പറ്റിയ ഇടമായാണ് ബാഴ്സലോണയെ കരുതുന്നത്.
ബാഴ്സലോണയിലേക്ക് തിരികെ വരുമെന്ന അഭ്യൂഹങ്ങൾ വർധിപ്പിച്ച് ക്ലബിന്റെ മത്സരത്തിലും ബ്രസീലിയൻ താരം സന്നിഹിതനായിരുന്നു. ഡൈനാമോ കീവുമായുള്ള ചാമ്പ്യൻസ് ലീഗ് മത്സരത്തിനാണു ഡാനി എത്തിയിരുന്നത്. എന്നാൽ ഒരു കളിക്കാരനെന്ന നിലയിൽ ഡാനിയെ തിരികെയെത്തിക്കാൻ നിലവിലെ പരിശീലകനായ സാവിക്കും ബാഴ്സ നേതൃത്വത്തിനും താൽപര്യമില്ല. അതിനു പകരം യുവതാരങ്ങൾക്ക് കൂടുതൽ അവസരം നൽകി പ്രോത്സാഹിപ്പിക്കാനാണ് ക്ലബ് ശ്രമിക്കുന്നത്.
അതേസമയം ഡാനി ആൽവസിനു മുന്നിൽ ബാഴ്സലോണയുടെ വാതിലുകൾ എല്ലായിപ്പോഴും തുറന്നു കിടക്കുകയാണ്. ഫുട്ബോൾ കരിയർ അവസാനിപ്പിച്ചതിനു ശേഷം ബാഴ്സലോണയുടെ കോച്ചിങ് സ്റ്റാഫായോ ടെക്നിക്കൽ അംഗമായോ ആൽവസിനെ തിരികെയെത്തിക്കാൻ ക്ലബ് ഒരുക്കമാണ്. എന്നാൽ അടുത്ത വർഷത്തെ ലോകകപ്പ് ഉന്നം വെക്കുന്ന താരം അതിനു ശേഷമേ അക്കാര്യത്തിൽ തീരുമാനം എടുക്കുകയുണ്ടാവൂ.