കരാര്‍ പുതുക്കാന്‍ ഒസ്മാനെ ഡെംബലെയുമായി വീണ്ടും ചര്‍ച്ച തുടങ്ങി ബാഴ്‌സലോണ

ഒസ്മാനെ ഡെംബലെയെ ടീമില്‍ നിലനിര്‍ത്താന്‍ ബാഴ്‌സലോണ വീണ്ടും ചര്‍ച്ചകള്‍ തുടങ്ങിയതായി 90min മനസിലാക്കുന്നു. പരിശീലകന്‍ സാവിയുടെ നിര്‍ദേശപ്രകാരമാണ് ബാഴ്‌സലോണ വീണ്ടും ഡെംബലെയുമായി കരാര്‍ പുതുക്കുന്നതിന് വേണ്ടി ശ്രമം നടത്തുന്നത്.
ഈ മാസത്തോടെ ബാഴ്‌സലോണയുമായുള്ള ഡെംബലെയുടെ നിലവിലെ കരാര്‍ അവസാനിക്കും. അതിനാല്‍ താരത്തെ സ്വന്തമാക്കാൻ വേണ്ടി ചെല്‍സി, പി.എസ്.ജി തുടങ്ങിയ ക്ലബുകള്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. ഒരുപാട് കാലമായി കരാര്‍ പുതുക്കാന്‍ ആവശ്യപ്പെട്ട് ബാഴ്‌സലോണ ഡെംബലെക്ക് പിറകെയുണ്ട്. ബാഴ്‌സലോണ പ്രസിഡന്റ് യുവാന്‍ ലെപോര്‍ട്ട, പരിശീലകന്‍ സാവി എന്നിവരെല്ലാം ഡെംബലെയെ അനുനയിപ്പിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും കരാര്‍ പുതുക്കുന്ന കാര്യത്തില്‍ ഇതുവരെയും ഒരു തീരുമാനവും ഫ്രഞ്ച് താരം കൈക്കൊണ്ടിട്ടില്ല.
ഇതോടെ ബാഴ്‌സലോണ ഡെംബലെയുമായുള്ള കരാര്‍ പുതുക്കല്‍ ചര്‍ച്ചകള്‍ നിര്‍ത്തിവെക്കുകയായിരുന്നു. മറ്റൊരു പകരക്കാരനെ കണ്ടെത്തുന്നതിനേക്കള്‍ ചിലവ് കുറവ് ഡെംബലെയുടെ കരാര്‍ പുതുക്കുന്നതിനാണെന്ന് സാവി വ്യക്തമാക്കിയതോടെയാണ് ബാഴ്‌സലോണ വീണ്ടും താരവുമായി കരാര്‍ ചര്‍ച്ചകള്‍ക്ക് തുനിയുന്നത്.
കഴിഞ്ഞ സീസണിൽ ബാഴ്‌സലോണയ്ക്ക് വേണ്ടി 32 മത്സരങ്ങളിൽ കളിച്ച താരമാണ് ഡെംബലെ. സാവി പരിശീലകസ്ഥാനം ഏറ്റെടുത്തതിന് ശേഷം ബാഴ്‌സലോണക്കായി മികച്ച പ്രകടനം പുറത്തെടുക്കാനും താരത്തിന് കഴിഞ്ഞിരുന്നു. 2017ല്‍ ജര്‍മന്‍ ക്ലബായ ബൊറൂസിയ ഡോര്‍ട്മുണ്ടില്‍ നിന്നായിരുന്നു ഡെംബലെ ബാഴ്‌സലോണയിലെത്തിയത്.