ക്ലബ് അംബാസിഡറായ റൊണാൾഡീന്യോ ലയണൽ മെസിയെക്കുറിച്ച് നടത്തിയ പരാമർശങ്ങളിൽ ബാഴ്‌സലോണക്ക് അതൃപ്‌തി


ഇക്കഴിഞ്ഞ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ലയണൽ മെസി പിഎസ്‌ജിയിലേക്ക് ചേക്കേറിയതുമായി ബന്ധപ്പെട്ട് കാറ്റലൻ ക്ലബിന്റെ അംബാസിഡർ കൂടിയായ റൊണാൾഡീന്യോ നടത്തിയ പരാമർശങ്ങളിൽ ബാഴ്‌സലോണക്ക് വളരെ അതൃപ്‌തിയുണ്ടെന്നു റിപ്പോർട്ടുകൾ. ഇംഗ്ലീഷ് മാധ്യമമായ ദി മിറർ ആണ് ഇക്കാര്യം റിപ്പോർട്ടു ചെയ്‌തത്.
ലയണൽ മെസിയുടെ ട്രാൻസ്‌ഫർ ആശ്ചര്യപ്പെടുത്തിയ കാര്യം ആയിരുന്നെങ്കിലും തന്റെ മുൻ ക്ലബായ പിഎസ്‌ജിയിലേക്കാണ് താരം എത്തിയതെന്നത് സന്തോഷം നൽകുന്ന കാര്യമാണെന്നാണ് റൊണാൾഡീന്യോ പറഞ്ഞത്. പിഎസ്‌ജിയും ആർബി ലീപ്‌സിഗും തമ്മിൽ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിനു മുഖ്യാഥിതിയായി എത്തിയപ്പോഴായിരുന്നു റൊണാൾഡീന്യോയുടെ പരാമർശം.
Barcelona upset with ambassador Ronaldinho’s comments on Lionel Messi transferhttps://t.co/vZqKIIcUXs pic.twitter.com/N71kpoN8Gm
— Mirror Football (@MirrorFootball) January 1, 2022
"ഈ രണ്ടു ക്ലബുകൾക്കും വേണ്ടി കളിക്കാൻ കഴിഞ്ഞത് വളരെ സന്തോഷം നൽകുന്ന കാര്യമായിരുന്നു. ഇപ്പോൾ എന്റെ സുഹൃത്ത് ഈ ജേഴ്‌സി അണിയുന്നതു കാണുമ്പോൾ, ലയണൽ മെസിക്ക് സന്തോഷം നൽകുന്ന ഒരുപാട് കാര്യങ്ങൾ ഇവിടെയുണ്ടാകും എന്നുറപ്പാണ്. എന്റെ ഹൃദയത്തിൽ ഒരു വലിയ സ്ഥാനമുള്ള പിഎസ്‌ജിയിൽ മെസിയെ കാണുന്നതിൽ എനിക്ക് വളരെ സന്തോഷമുണ്ട്." റൊണാൾഡീന്യോ പറഞ്ഞു.
എന്നാൽ ബാഴ്‌സലോണ അംബാസിഡറെന്ന സ്ഥാനത്തിരുന്ന് റൊണാൾഡീന്യോ നടത്തിയ ഈ പ്രതികരണം ക്ലബിന്റെ നേതൃത്വത്തിന് ഒട്ടും സ്വീകാര്യമായ ഒന്നായിരുന്നില്ല. വളരെ പ്രതിസന്ധിയിലൂടെ കടന്നു പോയ ക്ലബിനു ലയണൽ മെസിയെ നിലനിർത്താൻ യാതൊരു വഴിയുമില്ലാതെ വിട്ടുകൊടുക്കേണ്ട സാഹചര്യം വന്നതു മനസിലാക്കാതെ റൊണാൾഡീന്യോ അതിൽ സന്തോഷം പ്രകടിപ്പിച്ചതാണ് അവർക്ക് ഇഷ്ടമാവാതിരുന്നത്.
മെസി ബാഴ്‌സലോണ വിട്ടതിനു ശേഷം ക്ലബിന്റെ അവസ്ഥ വളരെ മോശമാണെന്നതും ഇതിനൊപ്പം ചേർത്തു വായിക്കാം. നിരവധി വർഷങ്ങൾക്കു ശേഷം ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ നിന്നും പുറത്തായ ടീം ലാ ലീഗയിലാണെങ്കിൽ ഏഴാം സ്ഥാനത്താണ് നിൽക്കുന്നത്. അതേസമയം ബാഴ്‌സലോണ വിട്ട മെസി പിഎസ്‌ജിയിലും പതറുകയാണ്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.