Football in Malayalam

നിലപാടുകളിൽ മലക്കം മറിഞ്ഞ് ബാഴ്‌സ, മെസി ക്ലബ് വിട്ടതിനു ശേഷം സിവിസി കരാർ അംഗീകരിക്കാൻ ഒരുങ്ങുന്നു

Sreejith N
Lionel Messi of Barcelona Press Conference
Lionel Messi of Barcelona Press Conference / Eric Alonso/GettyImages
facebooktwitterreddit

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബാഴ്‌സലോണക്ക് ലയണൽ മെസിയെ ക്ലബിനൊപ്പം നിലനിർത്താനുള്ള ഒരേയൊരു വഴിയായിരുന്നു ലാ ലിഗ മുന്നോട്ടു വെച്ച സിവിസി കരാർ അംഗീകരിക്കുകയെന്നത്. എന്നാൽ കരാറുമായി ബന്ധപ്പെട്ട നിരവധി ആശങ്കകൾ ചൂണ്ടിക്കാട്ടി ബാഴ്‌സലോണ അന്നതു നിഷേധിച്ചപ്പോൾ ക്ലബ്ബിന്റെയും ഫുട്ബോൾ ചരിത്രത്തിലേയും ഏറ്റവും മികച്ച താരത്തെയാണ് അവർക്കു നഷ്‌ടമായത്‌.

മെസി ടീം വിട്ട്, പുതിയ താരങ്ങളെ എത്തിക്കാൻ കഴിയാതെ ചരിത്രത്തിലെ തന്നെ വലിയ നാണക്കേടിലൂടെ ബാഴ്‌സലോണ കടന്നു പൊയ്‌ക്കൊണ്ടിരിക്കെ മുൻ നിലപാടുകളിൽ നിന്നും ക്ലബ് പിന്തിരിഞ്ഞു തുടങ്ങിയെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ദി മിററിന്റെ റിപ്പോർട്ടുകൾ പ്രകാരം സിവിസി കരാർ അംഗീകരിക്കുന്നതിനെ കുറിച്ച് കാറ്റലൻ ക്ലബ് ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്.

ക്ലബ് കടന്നു പോകുന്ന കടുത്ത പ്രതിസന്ധിയാണ് ബാഴ്‌സയെ മറിച്ചു ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത്. നിലവിൽ ലീഗിൽ എട്ടാം സ്ഥാനത്തു നിൽക്കുന്ന ടീം ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ നിന്നും പുറത്തായി യൂറോപ്പ ലീഗ് കളിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ പുതിയ താരങ്ങളെ എത്തിക്കാൻ കഴിഞ്ഞാൽ മാത്രമേ ഈ അവസ്ഥയിൽ നിന്നും ക്ലബിനു മോചനമുണ്ടാകൂ എന്നത് വ്യക്തമാണ്.

ലാ ലിഗ ക്ലബുകളിലേക്ക് പണത്തിന്റെ നിക്ഷേപം കൊണ്ടു വരികയാണ് സിവിസി ഡീലിലൂടെ പ്രധാനമായും നടക്കുന്നത്. കരാർ അംഗീകരിച്ചാൽ ഏതാണ്ട് 510 മില്യൺ യൂറോയോളം ബാഴ്‌സക്ക് ഇതിലൂടെ ലഭിക്കും. പുതിയ താരങ്ങളെ സ്വന്തമാക്കാനും ക്ലബിന്റെ നിലവിലെ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാനും ഇതുകൊണ്ടു കഴിയുമെന്നതിനാലാണ് മുൻ നിലപാടുകളിൽ മാറ്റം വരുത്തുന്നതിനെപ്പറ്റി ബാഴ്‌സ ചിന്തിക്കുന്നത്.

എന്നാൽ സിവിസി കരാർ ബാഴ്‌സ ഇനി അംഗീകരിച്ചാൽ കടുത്ത ആരാധകർക്കു പോലും ബാഴ്‌സലോണ നേതൃത്വത്തോട് അതൃപ്‌തി ഉണ്ടാകുമെന്നതിൽ സംശയമില്ല. ഇക്കാര്യം നേരത്തെ തന്നെ ചെയ്‌തിരുന്നെങ്കിൽ ക്ലബ് കണ്ട എക്കാലത്തെയും മികച്ച താരത്തെ ഫ്രീ ട്രാൻസ്‌ഫറിൽ നഷ്ടമാകുന്ന അവസ്ഥയിലേക്ക് ബാഴ്‌സലോണ എത്തുമായിരുന്നില്ലെന്നത് തീർച്ചയാണ്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit