ലെവൻഡോസ്കി ബാഴ്സലോണയിലേക്ക്, ബയേൺ താരവുമായി കാറ്റലൻ ക്ലബ് കരാർ ധാരണയിലെത്തിയതായി റിപ്പോർട്ടുകൾ


ബയേൺ മ്യൂണിക്ക് സ്ട്രൈക്കറായ റോബർട്ട് ലെവൻഡോസ്കി അടുത്ത സീസണിൽ ബാഴ്സലോണയിലേക്ക് ചേക്കേറാനുള്ള ധാരണയിൽ എത്തിയതായി റിപ്പോർട്ടുകൾ. മുപ്പത്തിമൂന്നു വയസുള്ള പോളണ്ട് നായകനുമായി ബാഴ്സലോണ കരാർ ധാരണയിലെത്തിയെന്ന് സ്പോർട് ഇറ്റാലിയയാണ് റിപ്പോർട്ടു ചെയ്തത്.
റോബർട്ട് ലെവൻഡോസ്കിയിൽ ബാഴ്സലോണക്കുള്ള താൽപര്യം ആരംഭിച്ചിട്ട് ഏതാണ്ട് രണ്ടാഴ്ചയോളമേ ആയിട്ടുള്ളൂ. നേരത്തെ ഹാലൻഡിനെയാണ് ബാഴ്സലോണ പ്രധാനമായും ലക്ഷ്യം വച്ചിരുന്നതെങ്കിലും ബയേൺ മ്യൂണിക്കുമായി ലെവൻഡോസ്കി കരാർ പുതുക്കുന്നില്ലെന്ന കാര്യം തീർച്ചയായതോടെയാണ് ക്ലബ്ബിന്റെ താൽപര്യം പോളണ്ട് താരത്തിലേക്കു തിരിഞ്ഞത്.
Lewandowski to Barcelona, surely not? ?
— 90min (@90min_Football) March 27, 2022
The Spanish giants have reportedly agreed a deal in principle with the striker! ?
ഹാലൻഡിനെ സ്വന്തമാക്കണമെങ്കിൽ ബാഴ്സ താരത്തിൻറെ റിലീസിംഗ് തുകയായ 75 മില്യൺ യൂറോയും ഏജന്റായ മിനോ റിയോളയുടെ ഫീസും വേതനസംബന്ധമായ വ്യവസ്ഥകളും ഉൾപ്പെടെ വലിയ തുക തന്നെ മുടക്കേണ്ടി വരുമെന്ന കാര്യം ഉറപ്പാണ്. അതേസമയം സാമ്പത്തിക പ്രതിസന്ധിയിലായ ബാഴ്സലോണയെ സംബന്ധിച്ച് കുറഞ്ഞ തുകക്ക് സ്വന്തമാക്കാൻ കഴിയുന്ന താരമാണ് ലെവൻഡോസ്കി.
2023ൽ ബയേൺ മ്യൂണിക്ക് കരാർ അവസാനിക്കുന്ന റോബർട്ട് ലെവൻഡോസ്കി പ്രതിഫലവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കാരണം ഇതുവരെയും അതു പുതുക്കാൻ തയ്യാറായിട്ടില്ല. അടുത്ത സീസണു ശേഷം ഫ്രീ ഏജന്റാവുമെന്നിരിക്കെ ഈ സമ്മറിൽ തന്നെ താരത്തെ വിൽക്കാൻ ബയേൺ മ്യൂണിക്കും തയ്യാറാകും എന്ന കാര്യത്തിൽ സംശയമില്ല.
റിപ്പോർട്ടുകൾ പ്രകാരം അമ്പതു മുതൽ അറുപതു മില്യൺ യൂറോ വരെ ലെവൻഡോസ്കിക്കു വേണ്ടി മുടക്കാൻ ബാഴ്സലോണ തയ്യാറാണ്. മുപ്പത്തിമൂന്നുകാരനായ ഒരു താരത്തെ സംബന്ധിച്ച് ഇതൊരു കൂടിയ തുകയാണെങ്കിലും നിലവിൽ യൂറോപ്പിൽ ഏറ്റവും മികച്ച ഫോമിൽ കളിക്കുന്ന സ്ട്രൈക്കറാണ് ലെവൻഡോസ്കി എന്ന കാര്യം ക്ലബ് പരിഗണിക്കുന്നു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.