മൊറോക്കോയിൽ വെച്ച് ഡെംബലെയുടെ ഏജന്റുമായി ചർച്ചകൾ നടത്തി ബാഴ്സലോണ


കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ തന്റെ പ്രതിഭക്കു യാതൊരു കോട്ടവും സംഭവിച്ചിട്ടില്ലെന്നു വ്യക്തമാക്കുന്ന പ്രകടനം ക്ലബിനു വേണ്ടി നടത്തുന്ന ഫ്രഞ്ച് മുന്നേറ്റനിര താരമായ ഒസ്മാനെ ഡെംബലെയുടെ കരാർ പുതുക്കാനുള്ള നീക്കങ്ങൾ വീണ്ടും ആരംഭിച്ച് ബാഴ്സലോണ. മാർക്ക അടക്കമുള്ള സ്പാനിഷ് മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം മൊറോക്കോയിൽ വെച്ച് ഡെംബലെയുടെ ഏജന്റുമായി ബാഴ്സലോണ ചർച്ചകൾ നടത്തുകയാണ്.
ജനുവരിക്കു മുൻപ് ബാഴ്സലോണ മുന്നോട്ടു വെച്ച കരാർ പുതുക്കാനുള്ള രണ്ട് ഓഫറുകളാണ് ഡെംബലെ നിരസിച്ചത്. ഇതേതുടർന്ന് ഇനി കരാർ പുതുക്കാൻ താരം മുന്നോട്ടു വരണമെന്ന് ക്ലബ് നേതൃത്വം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഡെംബലെ മികച്ച പ്രകടനം തുടരുന്ന സാഹചര്യത്തിൽ താരത്തിന്റെ കരാർ പുതുക്കണമെന്ന ആവശ്യം ടീമിലെ താരങ്ങളും ആരാധകരും നിരന്തരം ഉയർത്തുന്നതു കൊണ്ടാണ് ബാഴ്സലോണ വീണ്ടും ചർച്ചകൾ നടത്താൻ തയ്യാറായത്.
Barcelona have reopened talks with Ousmane Dembele over a contract extension, with sources confirming to ESPN that sporting director Mateu Alemany is meeting with the forward's agent, Moussa Sissoko, in Morocco this week.
— ESPN FC (@ESPNFC) April 4, 2022
✍️ Full story: https://t.co/RFUR6k88VT pic.twitter.com/7E0fTLsGSy
സെവിയ്യക്കെതിരെ നടന്ന കഴിഞ്ഞ മത്സരത്തിൽ ബാഴ്സയുടെ വിജയഗോളിനു വഴിയൊരുക്കിയ ഡെംബലെയെ സബ് ചെയ്തപ്പോൾ ക്യാമ്പ് നൂവിലെ കാണികൾ എഴുന്നേറ്റു നിന്നു കയ്യടിച്ചാണ് അഭിനന്ദിച്ചത്. ജനുവരിയിൽ ക്ലബ് വിടാൻ ബാഴ്സലോണ ആവശ്യപ്പെട്ടിട്ടും ടീമിനൊപ്പം തുടർന്ന ഡെംബലെ കാഴ്ച വെക്കുന്ന പ്രകടനവും ജോലിയോടുള്ള ആത്മാർത്ഥതയും വലിയ പ്രശംസയാണ് ഏറ്റു വാങ്ങുന്നത്.
സ്പാനിഷ് മാധ്യമമായ കോപ്പിന്റെ റിപ്പോർട്ടുകൾ പ്രകാരം ഒസ്മാനെ ഡെംബലെക്ക് ബാഴ്സലോണയിൽ തുടരാൻ തന്നെയാണ് താൽപര്യം. ഈ സീസണിൽ ആകെ പതിമൂന്നു ലീഗ് മത്സരങ്ങളിൽ മാത്രമേ കളിച്ചിട്ടുള്ളൂവെങ്കിലും അസിസ്റ്റ് വേട്ടയിൽ ഇപ്പോൾ തന്നെ ലീഗിൽ രണ്ടാം സ്ഥാനത്തെത്തിയ താരം സാവിയുടെ കീഴിൽ കൂടുതൽ മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ്. എന്നാൽ രണ്ടു മണിക്കൂർ നീണ്ട ആദ്യ ചർച്ചകളിൽ താരത്തിന്റെ കരാർ പുതുക്കൽ സങ്കീർണമാണെന്നാണ് ബാഴ്സ മനസിലാകുന്നത്.
സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ബാഴ്സലോണ മുന്നോട്ടു വെക്കുന്ന ആവശ്യങ്ങൾ അംഗീകരിക്കണം എന്ന നിലപാടാണ് ക്ലബിനുള്ളത്. താരം അതംഗീകരിച്ചാൽ കരാർ പുതുക്കുമെന്ന് ബാഴ്സലോണ സ്പോർട്ടിങ് ഡയറക്റ്റർ അലൈമണി വ്യക്തമാക്കിയിരുന്നു. അതേസമയം നിലവിലെ ഫോം പരിഗണിച്ച് ബാഴ്സ എന്തെങ്കിലും നീക്കുപോക്കുകൾക്ക് തയ്യാറാകുമോയെന്നത് കൂടുതൽ ചർച്ചകൾക്കു ശേഷമേ അറിയാൻ കഴിയൂ.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.