Football in Malayalam

പിക്വക്ക് നന്ദി, മൂന്നു താരങ്ങളെ രജിസ്റ്റർ ചെയ്‌ത്‌ ബാഴ്‌സലോണ; അഗ്യൂറോ ഇപ്പോഴും പുറത്ത്

Sreejith N
Memphis Depay (C) of FC Barcelona celebrates with his...
Memphis Depay (C) of FC Barcelona celebrates with his... / Nicolò Campo/Getty Images
facebooktwitterreddit

പുതിയ സീസണിലെ ആദ്യത്തെ ഔദ്യോഗിക മത്സരം നാളെ ആരംഭിക്കാനിരിക്കെ മൂന്നു താരങ്ങളെ ടീമിന്റെ ഭാഗമാക്കി രജിസ്റ്റർ ചെയ്‌ത്‌ ബാഴ്‌സലോണ. മെംഫിസ് ഡീപേയ്, എറിക് ഗാർസിയ, റെയ് മനാജ് എന്നീ താരങ്ങളെ രജിസ്റ്റർ ചെയ്‌ത കാര്യം ബാഴ്‌സ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ടീമിന്റെ സെക്കൻഡ് ക്യാപ്റ്റനായ ജെറാർഡ് പിക്വ വീണ്ടും ശമ്പളം വെട്ടിക്കുറച്ചതാണ് ഈ മൂന്നു താരങ്ങളെ രജിസ്റ്റർ ചെയ്യാൻ സഹായിച്ചതെന്ന് ബാഴ്‌സ വ്യക്തമാക്കിയിട്ടുണ്ട്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ബാഴ്‌സക്ക് ടീമിലെ പ്രധാന താരമായ ലയണൽ മെസിയെ കൈവിടേണ്ടി വന്നതിനു പിന്നാലെയാണ് സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ സ്വന്തമാക്കിയ താരങ്ങളെ രജിസ്റ്റർ ചെയ്യാൻ കഴിയില്ലെന്ന സാഹചര്യവും നേരിടേണ്ടി വന്നത്. എന്നാൽ പിക്വ രക്ഷകനായെത്തി ആദ്യ മത്സരത്തിനു മുൻപു തന്നെ ഈ മൂന്നു താരങ്ങളെ ടീമിന്റെ ഭാഗമാക്കാൻ കാറ്റലൻ ക്ലബിനു കഴിഞ്ഞത് ആരാധകർക്കും ആശ്വാസമാണ്.

അതേസമയം, മെസിയെ നിലനിർത്തുന്നതിനു വേണ്ടി കൂടി ടീമിലേക്കെത്തിച്ച മാഞ്ചസ്റ്റർ സിറ്റി താരം സെർജിയോ അഗ്യൂറോയെ സ്‌ക്വാഡിലുൾപ്പെടുത്താൻ ബാഴ്‌സലോണക്ക് കഴിഞ്ഞിട്ടില്ല. ട്രെയിനിങിനിടെ പരിക്കേറ്റ താരം നവംബർ വരെ പുറത്താകുമെന്നതു കൊണ്ട് അത് ടീമിനെ ബാധിക്കാൻ സാധ്യതയില്ല. അതേ സമയം, ആൽബ, ബുസ്‌ക്വറ്റ്സ് എന്നിവരുടെ വേതനം കുറക്കാൻ ബാഴ്‌സ ശ്രമിക്കുന്നുമുണ്ട്.

ആദ്യ ലാ ലിഗ മത്സരത്തിൽ റയൽ സോസിഡാഡിനെയാണ് ബാഴ്‌സ നേരിടാൻ ഒരുങ്ങുന്നത്. മെസിയില്ലാത്ത ടീമിന് തങ്ങളുടെ ആത്മവിശ്വാസം നഷ്ടപ്പെട്ടിട്ടില്ലെന്നു തെളിയിക്കാൻ ലീഗിൽ വിജയത്തുടക്കം അനിവാര്യമാണ്. ഞായറാഴ്‌ച രാത്രി ഇന്ത്യൻ സമയം പതിനൊന്നരക്കാണ് ബാഴ്‌സലോണ കളത്തിലിറങ്ങുക.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit