Football in Malayalam

ബാഴ്‌സലോണയുടെ കടങ്ങൾ എഴുതിത്തള്ളാൻ സഹായിക്കാം, വമ്പൻ ഓഫറുമായി ദുബായ് കമ്പനി

Sreejith N
FBL-ESP-LIGA-BARCELONA
FBL-ESP-LIGA-BARCELONA / LLUIS GENE/Getty Images
facebooktwitterreddit

കോവിഡ് മഹാമാരിയേൽപ്പിച്ച ആഘാതത്തിൽ ആടിയുലഞ്ഞ ബാഴ്‌സലോണയുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ദുബായ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന കമ്പനി സഹായം വാഗ്‌ദാനം ചെയ്‌തു. റിപ്പോർട്ടുകൾ പ്രകാരം 1.2 ബില്യൺ പൗണ്ടിന്റെ സാമ്പത്തിക സഹായമാണ് ബാഴ്‌സലോണയെ രക്ഷിക്കാൻ കമ്പനി വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്‌.

സാമ്പത്തിക പ്രതിസന്ധി അടിമുടി ബാധിച്ചതു മൂലം പ്രധാന താരങ്ങളെ വരെ ഒഴിവാക്കേണ്ട സാഹചര്യത്തിലേക്ക് ബാഴ്‌സലോണ എത്തിയിരുന്നു. ക്ലബിൽ തന്നെ വിരമിക്കുമെന്ന് ഉറപ്പിച്ചിരുന്ന ലയണൽ മെസിക്കു പുറമെ അന്റോയിൻ ഗ്രീസ്‌മൻ, എമേഴ്‌സൺ തുടങ്ങി നിരവധി താരങ്ങളാണ് ഇക്കഴിഞ്ഞ സമ്മർ ജാലകത്തിൽ ലോണിലും സ്ഥിരം കരാറിലും ക്ലബ് വിട്ടത്.

8ടിവിയുടെ എൽ സുറൂബിറ്റോ എന്ന പരിപാടിയെ അധികരിച്ച് ദി മിറർ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം ദുബായിലുള്ള കമ്പനി ബാഴ്‌സയുടെ മുഴുവൻ കടബാധ്യതയും 1.2 ബില്യൺ യൂറോ നൽകി വാങ്ങാമെന്നാണ് വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്‌. രണ്ടു വർഷത്തേക്ക് മൊറട്ടോറിയം അനുവദിച്ചു നൽകുന്ന ഓഫർ പന്ത്രണ്ടു വർഷം വരെ നീട്ടാമെന്നതു കൊണ്ട് ഇതിലെ വ്യവസ്ഥകൾ ബാഴ്‌സക്ക് സ്വീകാര്യമാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ബാഴ്‌സലോണ ഈ ഓഫർ ഉടനെ സ്വീകരിച്ചാൽ അവർക്ക് 1.2 ബില്യൺ പൗണ്ട് ദുബായ് ആസ്ഥാനമായുള്ള കമ്പനി നൽകും. ഇതു ക്ലബിന് വളരെയധികം സാമ്പത്തിക സ്ഥിരത കൈവരിക്കാൻ സാഹായിക്കുന്ന ഒന്നാണ്. നിലവിൽ ബാഴ്‌സലോണ നേരിടുന്ന പ്രതിസന്ധി പരിഗണിക്കുമ്പോൾ ഇത്തരമൊരു ഓഫർ സ്വീകരിക്കാതെ അടുത്ത കാലത്തൊന്നും ക്ലബിനു തിരിച്ചുവരവ് സാധ്യമാവുകയില്ല.

നേരത്തെ ലാ ലിഗ നേതൃത്വം സിവിസി കരാർ വഴി ക്ലബുകളിൽ നിക്ഷേപം കൊണ്ടുവരാൻ കഴിയുമെന്ന ഓഫർ ബാഴ്‌സക്ക് മുന്നിൽ വെച്ചിരുന്നു എങ്കിലും കരാറിലെ നിയമങ്ങളിലുള്ള സങ്കീർണത ചൂണ്ടിക്കാണിച്ച് റയലും ബാഴ്‌സയും അതിൽ നിന്നും പുറകോട്ടു പോയിരുന്നു. ലയണൽ മെസിയെ ക്ലബിനു നഷ്ടമാകാൻ കാരണം അതാണെന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

facebooktwitterreddit