ബ്രസീലിയന്‍ താരം റഫീഞ്ഞയെ ടീമിലെത്തിക്കാന്‍ ബാഴ്സലോണ നീക്കം നടത്തുന്നു

ഈ സീസണ് അവസാനത്തോടെ ലീഡ്സ് യുണൈറ്റഡിന്റെ ബ്രസീലിയന്‍ താരം റഫീഞ്ഞയെ ടീമിലെത്തിക്കാന്‍ ബാഴ്സലോണ ശ്രമം നടത്തുന്നതായി 90min മനസിലാക്കുന്നു. സീസണ് അവസാനത്തോടെ ലീഡ്സ് വിടാൻ ഒരുങ്ങുന്ന റഫീഞ്ഞയെ സ്വന്തമാക്കാന്‍ പ്രീമിയര്‍ ലീഗില്‍ നിന്നുള്ള പല വമ്പന്മാരും രംഗത്തുണ്ടെങ്കിലും താരത്തിന് വേണ്ടി ശ്രമം നടത്താനാണ് ബാഴ്സയുടെ നീക്കം.
ബാഴ്സലോണയിലേക്ക് മാറാനാണ് റഫീഞ്ഞക്ക് താല്പര്യമെന്ന് 90min മനസിലാക്കാന്നു. ജനുവരിയില്‍ റഫീഞ്ഞയെ സ്വന്തമാക്കുന്നതിന് വേണ്ടി വെസ്റ്റ് ഹാം ബിഡ് നല്‍കിയിരുന്നതായും 90min മനസിലാക്കുന്നു. കൂടാതെ പ്രീമിയര്‍ ലീഗ് കരുത്തന്മാരായ ലിവര്‍പൂള്‍, ചെല്‍സി, ന്യൂകാസില്‍ യുണൈറ്റഡ്, ഫ്രഞ്ച് ചാംപ്യന്മാരായ പി.എസ്.ജി തുടങ്ങിയവര്‍ 12 മാസമായി താരത്തെ സസുക്ഷ്മം നിരീക്ഷിക്കുന്നുണ്ടെന്നാണ് വിവരം. 2020ല്‍ ഫ്രഞ്ച് ക്ലബായ റെന്നസില്‍ നിന്നായിരുന്നു റഫീഞ്ഞ ലീഡ്സിലെത്തിയത്.
ലീഡ്സിനായി 66 മത്സരത്തില്‍ നിന്ന് 16 ഗോളുകള്‍ സ്വന്തമാക്കാനും റഫീഞ്ഞക്ക് കഴിഞ്ഞിട്ടുണ്ട്. പ്രീമിയര്‍ ലീഗില്‍ ബ്രൈറ്റണെതിരേയുള്ള അവസാന ഹോം മത്സരത്തിന് ശേഷം റഫീഞ്ഞ സ്റ്റേഡിയത്തിനെ വലംവെച്ചത് അദ്ദേഹം ക്ലബ് വിടുമെന്നുള്ള സൂചന നല്‍കുന്നതാണ്.
ക്ലബ് വിടാന്‍ സാധ്യത കൂടുതലുള്ള ഇംഗ്ലീഷ് താരം കാല്വിന് ഫിലിപ്സും റഫീഞ്ഞക്കൊപ്പമുണ്ടായിരുന്നു. ഫിലിപ്സിനെ സ്വന്തമാക്കുന്നതിന് വേണ്ടി ന്യൂകാസില്‍ യുണൈറ്റഡിന് വലിയ ആഗ്രഹമുണ്ടെന്നാണ് വിവരം. പ്രീമിയര്‍ ലീഗിലെ അതികായന്മാരായ ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ആസ്റ്റണ്‍ വില്ല തുടങ്ങിയ ക്ലബുകളും താരത്തിന് വേണ്ടി ശ്രമം നടത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.