ബാഴ്സലോണ മറ്റൊരു വമ്പൻ സൈനിങ് കൂടി നടത്താനൊരുങ്ങുന്നു, കൂണ്ടെയുമായി വ്യക്തിഗത കരാർ സംബന്ധിച്ച് ധാരണയിലെത്തി


ചെൽസി അവസാനം വരെ പൊരുതിയെങ്കിലും അതിനെ മറികടന്ന് ലീഡ്സ് യുണൈറ്റഡ് താരം റഫിന്യയെ സ്വന്തമാക്കി ബാഴ്സലോണ ഫുട്ബോൾ ലോകത്തെ ചർച്ചാവിഷയമായി മാറുന്ന സമയമാണിപ്പോൾ. സാമ്പത്തികപ്രതിസന്ധിയിൽ തകർന്നു നിൽക്കുന്ന ക്ലബ് നടത്തിയ വമ്പൻ സൈനിങ്ങിൽ ആരാധകർ ആശ്ചര്യപ്പെട്ടു നിൽക്കെ മറ്റൊരു വലിയ ട്രാൻസ്ഫറിനു കൂടി ബാഴ്സലോണ തയ്യാറെടുക്കുകയാണ്.
സെവിയ്യ പ്രതിരോധതാരമായ ജൂൾസ് കൂണ്ടെയെയാണ് ബാഴ്സ അടുത്തതായി ടീമിലെത്തിക്കാൻ ഒരുങ്ങുന്നതെന്നും താരവുമായി വ്യക്തിഗത കരാർ സംബന്ധിച്ച് ധാരണയിൽ എത്തിയെന്നുമാണ് കാറ്റലൻ ജേർണലിസ്റ്റായ ജെറാർഡ് റൊമേരോ റിപ്പോർട്ടു ചെയ്യുന്നത്. റഫിന്യക്കു പുറമെ ചെൽസി സജീവമായ ശ്രമങ്ങൾ നടത്തിയ മറ്റൊരു താരത്തെക്കൂടിയാണ് ഇതിലൂടെ ബാഴ്സലോണ സ്വന്തം തട്ടകത്തിലെത്തിക്കാൻ തയ്യാറെടുക്കുന്നത്.
പ്രതിരോധനിരയിലേക്ക് സാവിയുടെ പ്രധാന ലക്ഷ്യമായിരുന്നു ഫ്രഞ്ച് താരമായ ജൂൾസ് കൂണ്ടെ. യൂറോപ്പിലെ ഏറ്റവും മികച്ച പ്രതിരോധതാരങ്ങളിൽ ഒരാളായി കരുതപ്പെടുന്ന കൂണ്ടെയെ ജെറാർഡ് പിക്വ കരിയറിന്റെ അവസാന നാളുകളിൽ എത്തിയതു കൊണ്ടാണ് ബാഴ്സലോണ സ്വന്തമാക്കുന്നത്. താരത്തിനും ബാഴ്സലോണയിലേക്ക് ചേക്കേറാൻ തന്നെയാണ് താൽപര്യം.
വ്യക്തിഗത കരാർ ധാരണയിൽ എത്തിയതോടെ ഇനി ക്ലബുകൾ തമ്മിൽ ഫീസ് അടക്കമുള്ള കാര്യങ്ങളിലാണ് തീരുമാനം ആവേണ്ടത്. എന്നാൽ 67 മില്യൺ പൗണ്ടിന്റെ റിലീസിംഗ് ക്ലോസ് നൽകി താരത്തെ സ്വന്തമാക്കാമെന്ന നിലപാടിലാണ് സെവിയ്യ. ചെൽസി ഈ തുക നൽകാൻ തയ്യാറല്ലായിരുന്നു. ബാഴ്സയും ഫീസ് കുറക്കാനുള്ള ശ്രമങ്ങൾ നടത്തിയേക്കും.
ജെറാർഡ് റൊമേറോയുടെ തന്നെ റിപ്പോർട്ട് പ്രകാരം ഡച്ച് താരം മെംഫിസ് ഡീപേയെ ഡീലിൽ ഉൾപ്പെടുത്താൻ ബാഴ്സലോണ ശ്രമം നടത്തുന്നുണ്ട്. മെംഫിസിനെയും 35-40 മില്യൺ യൂറോയും നൽകാമെന്നാണ് ബാഴ്സലോണയുടെ ഓഫർ. ഡീപേയ്ക്ക് ബാഴ്സയിൽ തുടരാനാണ് താൽപര്യമെങ്കിലും ലോകകപ്പ് അടുത്തിരിക്കെ കൂടുതൽ അവസരങ്ങൾ ലഭിക്കുന്ന ക്ലബിന്റെ ഓഫറുകൾ പരിഗണിക്കാൻ സാധ്യതയുണ്ട്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.